
ഓരോ വർഷവും ആയിരക്കണക്കിന് ജീവനുകളാണ് നമ്മുടെ റോഡുകളിൽ പൊലിഞ്ഞുതീരുന്നത്. റോഡ് അപകടങ്ങളിലെ ഉയർന്ന മരണ നിരക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഗതാഗത മേഖലയിൽ ആവശ്യമാണെന്ന മുന്നറിയിപ്പ് കൂടിയാണ് ഉയർത്തുന്നത്. അതേസമയം പുറത്ത് വരുന്ന വീഡിയോകൾ യാത്രക്കാരന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതരത്തിലുള്ളവയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ തീർത്തും അശ്രദ്ധമായി ബസ് ഓടിക്കുന്ന ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ അമിത വേഗത്തിൽ പോകുന്ന ബസിലിരുന്ന് മൊബൈലിൽ റീൽസ് കാണുന്ന ഒരു ഡ്രൈവറുടെയും സഹായിയുടെയും വീഡിയോയായിരുന്നു അത്.
പോസ്റ്റിലെ വിവരങ്ങൾ അനുസരിച്ച്, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലൂടെ മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു ബസിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. വീഡിയോ റെക്കോർഡ് ചെയ്തയാൾ താൻ അലംബാഗിൽ വെച്ച് ബസിൽ കയറിയെന്നും ദില്ലിയിലേക്ക് പോവുകയായിരുന്നെന്നും എഴുതി. ബസിലെ ഡ്രൈവർ തന്‍റെ രണ്ട് കൈമുട്ടുകളും സ്റ്റിയറിംഗ് വച്ച് ബസ് നിയന്ത്രിക്കുന്നു. ഇതിനിടെ ഇയാൾ തന്‍റെ മൊബൈലിൽ റീൽസ് കണ്ടുകൊണ്ടിരുന്നു. വല്ലപ്പോഴും മാത്രം റോഡിലേക്ക് നോക്കി. ഡ്രൈവറുടെ തൊട്ടരികിൽ കിടക്കുകയായിരുന്ന കണ്ടക്ടറും മൊബൈലിൽ റീൽസ് ആസ്വദിക്കുന്നത് കാണാം. നിറയെ ആളുകളുമായി ബസ് ഒരു നിയന്ത്രണവുമില്ലാതെ 100 കിലോമീറ്റർ വേഗതയിൽ പാഞ്ഞു കൊണ്ടിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇത്തരം സംഭവങ്ങൾ പതിവാണെന്നും അദ്ദേഹം എഴുതി. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ കയറിക്കഴിഞ്ഞാൽ സ്വകാര്യ ബസ് ഡ്രൈവർമാർ തീർത്തും അലക്ഷമായാണ് വാഹനം ഓടിക്കുന്നത്. നീണ്ട് നിവർന്ന് കിടക്കുന്ന റോഡിലെ വിരസത മാറ്റാൻ അവർ മൊബൈൽ നോക്കിയിരിക്കുന്നത് പതിവാണെന്നും കുറിപ്പിൽ പറയുന്നു.
Bus driver and conductor both watching videos on their phones while speeding at 100 km/h on the Agra-Lucknow Expressway.
This is why accidents keep happening every single day.
This is not one bus. This is the standard practice in most private buses.
You are traveling with… pic.twitter.com/BlizJ8U08v— Mr Tiwari (@MrTiwaree) July 5, 2026
സംഭവം എന്ന് നടന്നെന്നോ ഏതാണ് ബസ് എന്നുള്ള വിവരങ്ങളോ കുറിപ്പിലില്ലെങ്കിലും വീഡിയോ വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇന്ത്യയിൽ മനുഷ്യന്‍റെ ജീവന് വിലയില്ലായിരിക്കുന്നുവെന്ന് നിരവധി പേരാണ് എഴുതിയത്. സർക്കാർ അതിവേഗ പാതകൾ പണിയുമ്പോൾ അവിടെ എങ്ങനെയാണ് നിയമം സംരക്ഷിക്കപ്പെടുന്നത് എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന് നിരവധി പേരാണ് എഴുതിയത്. എന്തെങ്കിലും സംഭവിക്കുമ്പോൾ അന്വേഷണങ്ങൾ നടത്തിയിട്ട് കാര്യമില്ലെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. ഓരോ യാത്രക്കാരനും സ്വന്തം ജീവൻ പണയം വച്ചാണ് എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. നിരവധി പേർ ഡ്രൈവറുടെയും വാഹനത്തിന്‍റെയും ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.