
പഠിക്കാൻ പ്രായം ഒരു തടസമാണോ? അല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വൃദ്ധരായ ഒരുകൂട്ടം സ്ത്രീകൾ ഏറെ സന്തോഷത്തോടെ പഠിക്കാനായി സ്കൂളിൽ പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ രംഗം പകർത്തിയിരിക്കുന്നത്. ചെറുപ്പത്തിൽ തങ്ങൾക്ക് സാക്ഷാത്കരിക്കാൻ സാധിക്കാത്ത ഒരു സ്വപ്നത്തിന്റെ പിന്നാലെ ഈ പ്രായത്തിൽ സഞ്ചരിക്കാനാവുന്നത് അവരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട് എന്ന് വീഡിയോയിൽ കാണാം.
വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്ഥലം 'മുത്തശ്ശിമാരുടെ വിദ്യാലയം' (Aajibai Chi Shala) ആണ്, വിദ്യാഭ്യാസത്തിന് പ്രായമോ പരിധിയോ ഇല്ലാത്ത വിദ്യാലയം. മുർബാദിലെ യോഗേന്ദ്ര ബംഗാറാണ് ഈ വിദ്യാലയം ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും തുറക്കുന്ന ഈ സ്കൂൾ ഫാങ്നെ ഗ്രാമത്തിലെ മുത്തശ്ശിമാർക്ക് പൂർണ്ണമായും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
2016 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഒരുകൂട്ടം പ്രായമായ സ്ത്രീകൾ നമുക്ക് മതഗ്രന്ഥങ്ങൾ സ്വയം വായിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. അതാണ് വിദ്യാലയം തുടങ്ങാനുള്ള പ്രചോദനമായി മാറിയത്. പ്രാദേശിക ജില്ലാ പരിഷത്ത് അധ്യാപകനും ആക്ടിവിസ്റ്റുമാണ് സ്കൂൾ തുടങ്ങിയ യോഗേന്ദ്ര ബംഗാർ. 'മോത്തിറാം ദലാൽ ചാരിറ്റബിൾ ട്രസ്റ്റി'ന്റെ സഹായത്തോടെ ബംഗാർ അങ്ങനെ ഒരു ഒറ്റമുറി സ്കൂൾ സ്ഥാപിച്ചു. ട്രസ്റ്റ് തന്നെ ഒരു ബ്ലാക്ക്‌ബോർഡും, ലോജിസ്റ്റിക്സും, പിങ്ക് സാരിയിലുള്ള യൂണിഫോമും നൽകി. അതേസമയം ബംഗാർ ചോക്ക്, പെൻസിലുകൾ തുടങ്ങിയ കാര്യങ്ങൾ വാങ്ങാനും മറ്റ് അത്യാവശ്യസാധനങ്ങൾ വാങ്ങാനും പണം കണ്ടെത്താമെന്ന് സ്വയം ഏറ്റു.
sidiously_ എന്ന യൂസറാണ് സ്കൂളിൽ പോകുന്ന മുത്തശ്ശിമാരുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ മുത്തശ്ശിമാർ പിങ്ക് സാരിയുടുത്ത് പൊട്ടൊക്കെ തൊട്ട് സ്കൂളിൽ പോകാൻ ഒരുങ്ങുന്നതും സ്കൂളിലെത്തി പഠിക്കുന്നതുമെല്ലാം കാണാം. എന്തായാലും, പുതുതായി എന്തെങ്കിലും പഠിക്കണമെന്ന് തോന്നിയാൽ അതിന് പ്രായം ഒരു തടസമേയല്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.