
വിമാന യാത്രക്കാരുടെ ലഗേജുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള യാത്രക്കാർ വിമർശനങ്ങളുമായി രംഗത്ത്. അമേരിക്കയിലെ ഷിക്കാഗോ ഒഹെയർ (O’Hare) അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഗേജ് റൂമിൽ നിന്ന് ചോർന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. യാത്രക്കാർ വിശ്വസിച്ച് ഏൽപ്പിക്കുന്ന പെട്ടികൾ യാതൊരു മുൻകരുതലുമില്ലാതെ എറിഞ്ഞും തള്ളിയും ബെൽറ്റിലേക്ക് ഇടുന്നത് വീഡിയോയിൽ വ്യക്തമാണ്.
"നിങ്ങൾ കാണാത്തപ്പോൾ നിങ്ങളുടെ ബാഗുകളോട് അവർ ചെയ്യുന്നത് ഇതാണ്" എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൺവെയർ ബെൽറ്റിലേക്ക് സർവ്വശക്തിയുമെടുത്ത് ലഗേജുകൾ "ലോഞ്ച്" ചെയ്യുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ലഗേജുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന് ഉറപ്പായിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നത്. ഈ അനാസ്ഥയാണ് പലപ്പോഴും ബാഗുകൾ പൊട്ടിപ്പൊളിയാനും ചക്രങ്ങൾ തകരാറിലാകാനും കാരണമെന്നും യാത്രക്കാർ ആരോപിക്കുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോയ്ക്ക് താഴെ മുൻ വിമാനത്താവള ജീവനക്കാർ നടത്തുന്ന വെളിപ്പെടുത്തലുകൾ സ്ഥിതി കൂടുതൽ ഗൗരവകരമാക്കുന്നു. 'ഫ്രജൈൽ' (Fragile) എന്ന് രേഖപ്പെടുത്തിയ ബാഗുകളോട് പലരും മനപ്പൂർവ്വം കൂടുതൽ മോശമായി പെരുമാറുന്നു എന്നാണ് ഒരു മുൻ ഗ്രൗണ്ട് സ്റ്റാഫ് വെളിപ്പെടുത്തിയത്. കൃത്യസമയത്ത് ജോലി തീർക്കാനുള്ള സമ്മർദ്ദവും അച്ചടക്കമില്ലായ്മയും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാഗുകൾക്ക് വിള്ളലുണ്ടായാൽ ഒട്ടിക്കാൻ ആവശ്യമായ 'ടേപ്പ് ഗണ്ണുകൾ' ലഭ്യമാണെങ്കിലും ആരും അവയൊന്നും ഉപയോഗിക്കാറില്ലെന്നും ഇവർ പറയുന്നു.
"ഭാരത്തിന്‍റെ കാര്യത്തിൽ കിലോയ്ക്ക് കണക്ക് പറഞ്ഞ് പണം വാങ്ങുന്ന എയർലൈനുകൾ, ബാഗുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഇത്രയും അനാസ്ഥ കാണിക്കുന്നത് അംഗീകരിക്കാനാവില്ല" എന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം. ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകൾ പോലും തകരുന്നതിന് പിന്നിലെ കാരണം ഇതാണെന്ന് യാത്രക്കാർ തിരിച്ചറിയുന്നു. പല വിമാനക്കമ്പനികളും ലഗേജിനായി 40 ഡോളർ (ഏകദേശം 3,300 രൂപ) വരെ അധികമായി ഈടാക്കുമ്പോഴാണ് ഈ ദുരവസ്ഥ. വിമാനത്താവള അധികൃതർ ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യാത്രക്കാരുടെ സ്വത്തിന് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം.