
ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ ലിഫ്റ്റിനുള്ളിൽ രണ്ട് മുൻ അസോസിയേഷൻ ഭാരവാഹികൾ തമ്മിൽ നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാക്കുതർക്കമായി തുടങ്ങിയ സംഭവം നിമിഷങ്ങൾക്കകം പൊരിഞ്ഞ അടിയിലേക്ക് വഴിമാറി. സംഭവത്തിന്‍റെ ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചതായും പരാതിയുടെ അടിസ്ഥാനത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഉത്തരപ്രദേശിലെ ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് മേഖലയിലെ ഒരു ഹൈറൈസ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. സൊസൈറ്റിയുടെ അപാർട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍റെ (AOA) മുൻ ഭാരവാഹികളായ രണ്ട് പേരാണ് ലിഫ്റ്റിൽ ഒരുമിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലിഫ്റ്റിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, അത് വളരെ വേഗത്തിൽ ശാരീരിക സംഘർഷമായി മാറുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വൈറലായ സിസിടിവി ദൃശ്യങ്ങളിൽ ആദ്യം വാക്കുതർക്കം നടക്കുന്നതും പിന്നീട് ഒരാൾ മറ്റേയാളെ ആക്രമിക്കുന്നതും തുടർന്ന് ഇരുവരും പരസ്പരം തള്ളുകയും മുഷ്ടി ചുരുട്ടി ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ലിഫ്റ്റിന്‍റെ പരിമിതമായ ഇടത്തിനുള്ളിൽ നടന്ന സംഘർഷം ഏതാനും മിനിറ്റുകൾ നീണ്ടുനിന്നതായും പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Ghaziabad’s GS7 society lift Kalesh : Two ‘educated’ men brawling on CCTV over AOA issues.
Why fight when no property is at stake? 🤔 pic.twitter.com/lYVGDDXBR3— Ghar Ke Kalesh (@gharkekalesh) July 15, 2026
സൊസൈറ്റിയുടെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുവരും മുമ്പും പലതവണ അഭിപ്രായവ്യത്യാസങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അസോസിയേഷനുമായി ബന്ധപ്പെട്ട പഴയ തർക്കങ്ങളാണ് ഒടുവിൽ ലിഫ്റ്റിനുള്ളിലെ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് ചിലരുടെ ആരോപണം. എന്നാൽ സംഭവത്തിന്‍റെ യഥാർത്ഥ കാരണം സംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഒരു വിഭാഗം അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മറ്റ് തെളിവുകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. താമസസമുച്ചയങ്ങളിലെ തർക്കങ്ങൾ സംവാദത്തിലൂടെയോ നിയമപരമായ മാർഗങ്ങളിലൂടെയോ പരിഹരിക്കേണ്ടതാണെന്നും, പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ആശങ്കാജനകമാണെന്നും പലരും അഭിപ്രായപ്പെട്ടു. ചിലർ സൊസൈറ്റി ഭരണസംവിധാനങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും എഴുതി. അതേസമയം, വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു നിഗമനങ്ങളിൽ എത്തരുതെന്നും, അന്വേഷണത്തിന്‍റെ ഔദ്യോഗിക കണ്ടെത്തലുകൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.