ചൈനീസ് സ്റ്റാൻഡ്-അപ്പ് കോമഡിയൻ കേറ്റ് ഹുവിന്‍റെ പരിപാടിക്കിടെ വേദിയിലെത്തിയ യുവാവ് സ്വയം ഇന്ത്യക്കാരനെന്ന് പരിചയപ്പെടുത്തി. എന്നാൽ, ഏത് സംസ്ഥാനക്കാരനാണെന്ന കോമഡിയന്‍റെ ചോദ്യത്തിന് മുന്നിൽ പതറിയ അയാൾ താൻ പാകിസ്ഥാനിയാണെന്ന് സമ്മതിച്ചു. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിയിലെ വീഡിയോ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ചൈനീസ് സ്റ്റാൻഡ്-അപ്പ് കോമഡിയൻ കേറ്റ് ഹുവിന്‍റെ ലൈവ് പരിപാടിക്കിടെയാണ് ശ്രദ്ധേയമായ സംഭവം അരങ്ങേറിയത്. പരിപാടിക്കിടെ പ്രേക്ഷകർക്കിടയിൽ നിന്നും ഒരാൾ വേദിയിലേക്ക് എത്തി കോമഡിയനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവവികാസങ്ങൾ തുടങ്ങിയത്.

'ഏതാണ് സംസ്ഥാനം?'

വേദിയിൽ പ്രകടനം നടത്തുകയായിരുന്ന കേറ്റ് ഹു, അപ്രതീക്ഷിതമായി അടുത്തെത്തിയ ആളുടെ ശ്രമം കൈകൊണ്ട് തടഞ്ഞു. തുടർന്ന് അയാളുമായി സംസാരിച്ച അവർ, “നിങ്ങൾ ഏത് രാജ്യത്ത് നിന്നാണ് വന്നത്?” എന്ന് ചോദിച്ചു. അതിന് ഇയാൾ “ഇന്ത്യ” എന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ, അതിൽ തൃപ്തരാകാതെ കോമഡിയൻ സംഭാഷണം തുടർന്നു. തന്‍റെ സുഹൃത്തും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ അവർ, “ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് നിങ്ങൾ?” എന്ന് ചോദിച്ചു. അപ്രതീക്ഷിതമായ ഈ ചോദ്യം യുവാവിനെ അക്ഷരാർത്ഥത്തിൽ പെടുത്തി. ആ ചോദ്യത്തിന് മറുപടി പറയവെ അയാൾ തന്‍റെ രാജ്യം ഇന്ത്യയല്ലെന്നും പാകിസ്ഥാൻ ആണെന്നും സമ്മതിച്ചു. ഈ രംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പ്രതികരണങ്ങളും ചർച്ചകളും ഉയർന്നുവന്നു.

View post on Instagram

'വ്യക്തിയുടെ പ്രവർത്തിയെ ദേശീയതയുടെ കൂടെ കെട്ടരുത്'

“അവസാനം വരെ കാത്തിരിക്കുക” എന്ന അടിക്കുറിപ്പോടെ സംഭവത്തിന്‍റെ വീഡിയോ പിന്നീട് കേറ്റ് ഹു സ്വന്തം സാമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു. വിദേശയാത്രകളിൽ ചിലർ സ്വന്തം ദേശീയത മറച്ചുവെക്കാൻ ശ്രമിക്കുന്ന സാഹചര്യം സൂചിപ്പിക്കുന്ന തരത്തിലാണ് ആ കുറിപ്പിനെ പലരും വിലയിരുത്തിയത്. വീഡിയോ വളരെ വേഗത്തിൽ വൈറലായതോടെ ആയിരക്കണക്കിന് കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. കോമഡിയൻ ചോദിച്ച “ഏത് സംസ്ഥാനത്ത് നിന്നാണ്?” എന്ന ചോദ്യമാണ് യഥാർത്ഥ തിരിച്ചറിയൽ പുറത്തുകൊണ്ടുവന്നതെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. തുടക്കത്തിൽ തന്നെ ഇയാളുടെ മറുപടിയിൽ സംശയം തോന്നിയിരുന്നുവെന്ന് ചിലർ എഴുതിയപ്പോൾ, വേദിയിലേക്ക് കയറി അവതാരകയെ സ്പർശിക്കാൻ ശ്രമിച്ചതാണ് കൂടുതൽ ഗൗരവമുള്ള വിഷയമെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി. 

അതേസമയം, ഒരാളുടെ വ്യക്തിപരമായ പെരുമാറ്റത്തെ ഒരു രാജ്യത്തെയോ ജനവിഭാഗത്തെയോ പ്രതിനിധീകരിക്കുന്നതായി കാണരുതെന്ന നിലപാടും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. വ്യക്തികളുടെ പ്രവർത്തനങ്ങളെയാണ് വിലയിരുത്തേണ്ടതെന്നും, ദേശീയതയുമായി അത് കൂട്ടിക്കലർത്തുന്നത് ശരിയല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇങ്ങനെ, ഒരു കോമഡി പരിപാടിക്കിടെ നടന്ന ചെറിയ സംഭാഷണം ദേശീയത, വ്യക്തിത്വം, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള വലിയ ഓൺലൈൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.