അമേരിക്കയിലെ ഫ്ലോറിഡയിലെ പെൻസക്കോള ബീച്ചിൽ യുഎസ് നാവികസേനയുടെ യുദ്ധവിമാനം പ്രോട്ടോക്കോൾ ലംഘിച്ച് താഴ്ന്നു പറന്നത് വൻ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനം സൃഷ്ടിച്ച ശക്തമായ കാറ്റിൽ ബീച്ചിലെ കൂടാരങ്ങളും കുടകളും പറന്നുപോയി. സംഭവത്തിൽ മിലിട്ടറിയുടെ ഫ്ലൈറ്റ് ഡെമോൺസ്ട്രേഷൻ സ്ക്വാഡ്രൻ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മേരിക്കയിലെ ഫ്ലോറിഡയിലെ പെൻസക്കോള ബീച്ചിൽ ജനക്കൂട്ടത്തിന് തൊട്ടുമുകളിലൂടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനം പ്രോട്ടോക്കോൾ ലംഘിച്ച് താഴ്ന്നു പറന്നതിനെത്തുടർന്ന് വൻ പരിഭ്രാന്തി. വിമാനം പറന്നുപോയപ്പോഴുണ്ടായ അതിശക്തമായ കാറ്റിൽ ബീച്ചിലുണ്ടായിരുന്ന കൂടാരങ്ങളും വലിയ കുടകളും കസേരകളും വായുവിൽ പറന്നുയർന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, മിലിട്ടറിയുടെ ഫ്ലൈറ്റ് ഡെമോൺസ്ട്രേഷൻ സ്ക്വാഡ്രൻ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ദി ബ്ലൂസ്

പെൻസക്കോള ബീച്ചിൽ ബുധനാഴ്ച രാവിലെ നടന്ന "ബ്രേക്ക്ഫാസ്റ്റ് വിത്ത് ദി ബ്ലൂസ്" എന്ന പരിപാടിക്കിടെയാണ് നെഞ്ചിടിപ്പേറ്റുന്ന ഈ സംഭവം അരങ്ങേറിയത്. യു.എസ് നേവിയുടെ എലൈറ്റ് പ്രകടന വിഭാഗമായ ബ്ലൂ ഏഞ്ചൽസിന്‍റെ സൂപ്പർസോണിക് യുദ്ധവിമാനമാണ് തീരപ്രദേശത്തിന് തൊട്ടുമുകളിലൂടെ അതിവേഗത്തിൽ പാഞ്ഞുപോയത്. വിമാനം സൃഷ്ടിച്ച അതിശക്തമായ കാറ്റിൽ ബീച്ചിലെ ഭാരമേറിയ ഉപകരണങ്ങൾ വരെ വായുവിൽ പറന്നുയർന്നു. വിമാനം നിശ്ചിത സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചതായി ബ്ലൂ ഏഞ്ചൽസ് അധികൃതർ പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലാൻഡിംഗിന് മുന്നോടിയായുള്ള നീക്കത്തിനിടയിൽ വിമാനം നിശ്ചയിച്ചിരുന്ന പരിധിയേക്കാൾ വളരെ താഴെക്കൂടിയാണ് പറന്നതെന്നും, ഇതാണ് പ്രശ്നത്തിന് കാരണമെന്നും നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു.

Scroll to load tweet…

സുരക്ഷാ വീഴ്ച

യുദ്ധവിമാനത്തിന്‍റെ അസാധാരണമായ വേഗതയും ശബ്ദവും ജനങ്ങളിൽ വലിയ ഭയമുണ്ടാക്കിയെങ്കിലും, അപ്രതീക്ഷിതമായി കണ്ട ഈ അഭ്യാസപ്രകടനം പലരിലും കൗതുകവും ആവേശവും ഉണർത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ വരാറുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ജീവിതത്തിൽ ആദ്യമായാണെന്നും, തങ്ങളെ വിമാനം ഇടിച്ചുതെറിപ്പിക്കുമെന്നാണ് ഒരു നിമിഷം കരുതിയതെന്നും സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ആഷ്‌ലി കോൺ മാധ്യമങ്ങളോട് പറ‌ഞ്ഞത്. എന്നാൽ, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇതിനെ അതീവ ഗൗരവത്തോടെയാണ് നാവികസേന കാണുന്നത്. ജനക്കൂട്ടത്തിന് ഇത്രയും അടുത്തുകൂടി വിമാനം പറന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തിയ സ്ക്വാഡ്രൻ നേതൃത്വം, ഭാവിയിൽ ഇത്തരം അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ സമഗ്രമായ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. പൊതുജനങ്ങളുടെയും പൈലറ്റുമാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും, നാവികസേനയുടെയും എഫ്എഎയുടെയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ അന്വേഷണം നടത്തുമെന്ന് ബ്ലൂ ഏഞ്ചൽസും വ്യക്തമാക്കി.