
ബാലിയിൽ വിനോദ സഞ്ചാരത്തിനായെത്തി, താമസിച്ച ആഡംബര റിസോർട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച നാല് ഇന്ത്യൻ വിനോദ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ പിടികൂടി. ഇവരുടെ ബാഗ് പരിശോധിക്കുന്ന ഹോട്ടൽ ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബാലിയിലെ ഗിയാൻയാർ മേഖലയിൽ ഉൾപ്പെട്ട ഉബുദിലെ ഒരു ആഡംബര റിസോർട്ടിൽ നിന്നും വിനോദ സഞ്ചാരികൾ ചെക്കൗട്ട് ചെയ്യുന്നതിനിടെ ജീവനക്കാർ നടത്തിയ പരിശോധനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഏപ്രിൽ 16 -ന് ഉബുദിലെ അശ്വര റിസോർട്ടിൽ ചെക്ക് ഇൻ ചെയ്ത ഇന്ത്യൻ വിനോദ സഞ്ചാരികൾ മൂന്ന് പകലും രണ്ട് രാത്രിയ്ക്കുമായാണ് രണ്ട് മുറികൾ ബുക്ക് ചെയ്തത്. ഏപ്രിൽ 19 -ന് രാവിലെ അവർ ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങാൻ ശ്രമിക്കുമ്പോൾ സംശയം തോന്നിയ ജീവനക്കാർ പരിശോധിക്കുകയായിരുന്നെന്ന് ബാലി ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ ചെക്കൗട്ട് ചെയ്ത് ഇറങ്ങുന്നതിനിടെ ജീവനക്കാർ, ഇവർ താമസിച്ച മുറിയിൽ നിന്നും നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസിലാക്കി. ഇതേ തുടർന്നാണ് ജീവനക്കാർ സഞ്ചാരികളുടെ ബാഗുകൾ പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
റിസപ്ഷന് സമീപമുള്ള തുറന്ന സ്ഥലത്ത് വച്ച് റിസോർട്ട് ജീവനക്കാർ വിനോദ സഞ്ചാരികളുടെ ഒന്നിലധികം ബാഗുകൾ തുറന്ന് പരിശോധിക്കുന്നത് കാണാം. വിനോദ സഞ്ചാരികളുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു പരിശോധന. ഇതിനിടെ റിസേട്ടിലെത്തിയ മറ്റ് വിനോദ സഞ്ചാരികളെയും കാണാം. ബാഗിൽ നിന്നും പുറത്തെടുത്ത വസ്തുക്കൾ സമീപത്ത് തന്നെ നിരത്തി വച്ചിരിക്കുന്നു. പരിശോധനയിൽ ഇവരുടെ ബാഗുകളിൽ നിന്നും ബാത്ത് ടവലുകൾ, പൂൾ ടവലുകൾ, ഹെയർ ഡ്രയർ, കിമോണോ സ്റ്റൈൽ റോബുകൾ, ഒരു ഡോർമാറ്റ്, ഒരു ടിവി റിമോട്ട് ബോക്സ്, പാത്രങ്ങൾ. സ്പൂണുകൾ എന്നിവ കണ്ടെത്തി.
ജീവനക്കാർ മാനേജ്‌മെന്‍റിനെ വിവരം അറിയിച്ചു. മാനേജ്മെന്‍റ് വിഷയം കേസാക്കേണ്ടെന്ന് തീരുമാനിച്ചെന്നും ഇരുവിഭാഗവും പരസ്പരം സംസാരിച്ച് വിഷയം ഒത്തുതീർപ്പിലാക്കിയെന്നും ബാലി പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെയാണ് റിസോട്ടിലെ ബാഗ് പരിശോധനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇതോടെ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കെതിരെ കിഴക്കനേൽഷ്യൻ രാജ്യങ്ങളിൽ ഉയരുന്ന വെറുപ്പിന് ഇത്തരം കാര്യങ്ങളും കാരണമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.