തിരക്കേറിയ ഹൈവേ മുറിച്ച് കടന്ന കാൽനട യാത്രക്കാരെ ഇടിച്ച് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരൻ; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറൽ

Published : Apr 21, 2026, 09:39 PM IST
bike accident

Synopsis

തിരക്കേറിയ ഹൈവേ മുറിച്ചുകടന്ന രണ്ട് സ്ത്രീകളെ ബൈക്ക് ഇടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ വൈറലായി. ബൈക്ക് യാത്രികന്‍റെ ഹെൽമറ്റ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ റോഡ് സുരക്ഷയുടെയും ഹെൽമറ്റിന്‍റെ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്നു. അപകടത്തിന് ശേഷം കാൽനടയാത്രക്കാർ ഓടിപ്പോയെന്നും ബൈക്കർക്ക് ഹെൽമറ്റ് കാരണം കാര്യമായ പരിക്കുകൾ ഉണ്ടായില്ല.

 

കാൽനട യാത്രക്കാർ ഹൈവേകൾ മുറിച്ച് കടക്കുന്നതിന് ചില നിർദ്ദേശങ്ങൾ നിലവിലുണ്ടെങ്കിൽ ഇന്നും കാൽനട യാത്രക്കാർ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ റോഡുകൾ മുറിച്ച് കടക്കുന്നു. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. അത്തരമൊരു അപകടത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിരക്കേറിയ ഹൈവേ മുറിച്ച് കടക്കുകയായിരുന്ന രണ്ട് കാൽനടയാത്രക്കാരെ ഇടിച്ച ശേഷം അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന്‍റെ ഹെൽമറ്റിൽ ഘടിപ്പിച്ച കാമറാ ദൃശ്യങ്ങളാണ് വൈറലായത്.

ഞെട്ടിപ്പിക്കുന്ന അപകട വീഡിയോ

_yash_vocals എന്ന ഇൻസ്റ്റാഗ്രാം പേജ് നടത്തുന്ന ഉള്ളടക്ക സൃഷ്ടാവായ ഗന്ധർവ് ഗാവ്ഡെ ഇന്നലെയാണ് വീഡിയോ പങ്കുവച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിൽ ഹൈവേ മുറിച്ച് കടക്കുകയായിരുന്ന രണ്ട് സ്ത്രീകളെ ഇടിച്ച ശേഷം റോഡിലേക്ക് നിയന്ത്രണം വിട്ട് മറിയുന്ന ബൈക്കും ബൈക്ക് യാത്രക്കാരനെയും കാണാം. ബൈക്ക് യാത്രക്കാരന്‍റെ ഹെൽമറ്റ് അപകടത്തിന് പിന്നാലെ റോഡിലൂടെ ഉര‌‍ഞ്ഞ് കുറച്ച് ദൂരം സഞ്ചരിക്കുന്നതും വീഡിയോയിൽ കാണാം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നതിനാൽ ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കുകളില്ലെന്ന് വീഡിയോയിൽ പറയുന്നു. ഒപ്പം റോഡ് സുരക്ഷയെ കുറിച്ചും സുരക്ഷിതമല്ലാത്ത ഹൈവേ ക്രോസിംഗിനെ കുറിച്ചും വീഡിയോ മുന്നറിയിപ്പ് നൽകുന്നു.

 

 

സുരക്ഷ ഉറപ്പാക്കുക

ആദ്യ വീഡിയോ പങ്കുവച്ചതിന് പിന്നാലെ തന്‍റെ കേടായ ഹെൽമറ്റിന്‍റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഗന്ധർവ് കുറിച്ചു. ഒപ്പം തന്‍റെ ജീവൻ രക്ഷിക്കുന്നതിൽ ഹെൽമെറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും റൈഡർമാർ ശരിയായ സംരക്ഷണ ഉപകരണങ്ങൾ ധരിക്കണമെന്നും ഹൈവേ മുറിച്ച് കടക്കുന്നവർ സീബ്രാ ക്രോസിംഗുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ വൈറലായതിന് പിന്നാലെ ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ച സമയത്തുണ്ടായ അപകടങ്ങൾ തങ്ങളുടെ ജീവിതത്തെ ഏങ്ങനെ മാറ്റി മറിച്ചെന്ന് ചിലർ കുറിച്ചു. അതേസമയം കാൽനട യാത്രക്കാർക്ക് എന്ത് സംഭവിച്ചെന്നായിരുന്നു ചിലരുടെ ചോദ്യം. അവർ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയെന്നായിരുന്നു ഗന്ധർവിന്‍റെ മറുപടി.

 

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ പിന്നാലെ ചെന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്തു; പിന്നീട് നടന്നത് കണ്ട് ചിരിയടക്കാനാകാതെ നെറ്റിസെന്‍സ് , വീഡിയോ
സർക്കസ് പരിപാടിക്കിടെ സുരക്ഷാവല തകർന്നു, കടുവ ചാടിയത് കാഴ്ചക്കാർക്കിടയിലേക്ക്; ‌ഞെട്ടിപ്പിക്കുന്ന വീഡിയോ