
വിവാഹം എപ്പോഴും സന്തോഷം നിറഞ്ഞ മനോഹരമായ ഒത്തുചേരലാണ്. സംഗീതവും നൃത്തവും നല്ല ഭക്ഷണവും ഒക്കെയുള്ള ആഘോഷം. അത്തരത്തിൽ ഒരു വിവാഹ വേദിയിൽ തന്‍റെ പ്രായം മറന്ന് നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 75 വയസ്സ് പ്രായമുണ്ട് ഈ മുത്തശ്ശിക്ക്.
മനോഹരമായ ചുവടുകളും നാടകീയമായ ഭാവങ്ങളുമായി അവർ സദസ്സിനെ കീഴടക്കി. എന്നാൽ, കാഴ്ചക്കാർ ഞെട്ടിയത് മുന്നോട്ടു വന്ന് കൊച്ചുകുട്ടികളുടെ മെയ് വഴക്കത്തോടെ അവർ നടത്തിയ കരണം മറച്ചിൽ കണ്ടാണ്. പരമ്പരാഗത രീതിയിൽ സാരി ധരിച്ച ഈ മുത്തശ്ശി തുടക്കം മുതൽ തന്നെ സദസ്സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. ചുറ്റും കൂടിയ അതിഥികൾ ആർപ്പുവിളിച്ചും കയ്യടിച്ചുമാണ് ഈ മനോഹര നൃത്തത്തെ പ്രോത്സാഹിപ്പിച്ചത്. മൊബൈലുകളിൽ ഈ നിമിഷം നിരവധി പേർ പകർത്തുകയും ചെയ്തു. അപ്പോഴെല്ലാം ആ സ്ത്രീ ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടി നൃത്തം ചെയ്തുകൊണ്ടേയിരുന്നു.
എന്തായാലും ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ഈ വീഡിയോ 47 ദശലക്ഷത്തിലധികം തവണ കണ്ടതായാണ് കണക്കുകൾ. മുത്തശ്ശിയുടെ ആവേശത്തെയും ഊർജ്ജസ്വലതയെയും പുകഴ്ത്തി ആയിരത്തിലധികം കമൻറുകൾ ആണ് പ്രത്യക്ഷപ്പെട്ടത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്ന പ്രായമായവർ പൊതുവേ ശാന്തമായി എവിടെയെങ്കിലും ഒതുങ്ങി ഇരിക്കാനാണ് താൽപര്യപ്പെടുന്നത്. അവരിൽ നിന്നെല്ലാം വ്യത്യസ്തമായി മുത്തശ്ശി പ്രകടിപ്പിച്ച ധൈര്യവും സാഹസിക നൃത്ത ചുവടുകളും വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. പ്രായം ഒന്നിനും തടസ്സമല്ല എന്ന ഓർമ്മപ്പെടുത്തലാണ് മുത്തശ്ശിയുടെ ഈ നൃത്തച്ചുവടുകൾ. നമ്മുടെ ഉന്മേഷത്തെയോ സന്തോഷത്തെയോ കഴിവിനെയോ ഒന്നും പ്രായത്തിന്‍റെ പേരിൽ പരിമിതപ്പെടുത്തേണ്ടതില്ലെന്ന് ഈ ദൃശ്യങ്ങൾ പഠിപ്പിക്കുന്നു.