
ചില പ്രണയ ബന്ധങ്ങൾക്ക് ദേശമോ ഭാഷയോ സംസ്കാരമോ ആയ വ്യത്യാസങ്ങളൊന്നും ൃ അതിർ വരമ്പുകൾ തീർക്കാറില്ല. അത്തരത്തിൽ ഒരു പ്രണയവും വിവാഹവുമാണ് ഇന്ത്യയിലെ ധർമ്മശാലയിൽ കഴിഞ്ഞ ദിവസം നടന്നത്. ആഫ്രിക്കൻ വരന് വധുവായത് ഇന്ത്യൻ പർവ്വതാരോഹക. പരമ്പരാഗതമായ സേഹ്റയും മാലയും എല്ലാം അണിഞ്ഞെത്തിയ ആഫ്രിക്കൻ യുവാവ്. ചുമന്ന ലഹങ്കയിൽ മനോഹരിയായി ഇന്ത്യൻ വധു. വിവാഹം നടന്നത് ധർമ്മശാലയിലെ സൈനിക് റെസ്റ്റ് ഹൗസിൽ വെച്ചായിരുന്നു. എന്തായാലും ഈ ചടങ്ങ് ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ ആചാരങ്ങളെയും സംസ്കാരങ്ങളെയും മനോഹരമായി സമന്വയിപ്പിച്ചു.
പർവ്വതാരോഹണ രംഗത്തെ നേട്ടങ്ങളാൽ ശ്രദ്ധേയയാണ് വധു അഞ്ജലി ശർമ്മ. വിദേശത്ത് ജോലി ചെയ്യുന്ന ആഫ്രിക്കൻ വംശജനായ സിവിൽ എഞ്ചിനീയർ യുവസ് കൈസൂക്കയെയാണ് അഞ്ജലി, തന്‍റെ ജീവിത പങ്കാളിയാക്കിയത്. ആഫ്രിക്കൻ ഇന്ത്യൻ സംസ്കാരങ്ങളെ സമന്വയിപ്പിച്ച് പരമ്പരാഗത വിവാഹ ചടങ്ങുകൾ എല്ലാം ഇവിടെ ഒരുക്കിയിരുന്നു. ബാൻഡ് - ബാജാ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് വരൻ വിവാഹ മണ്ഡപത്തിലേക്കെത്തിയത്.
ഈ വിവാഹത്തിന്‍റെ ആഘോഷ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. ചിലർ ഈ സാംസ്കാരിക സംയോജനത്തെയും ആഘോഷകരമായ വിവാഹത്തെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ജാതിയുടെയും മതത്തിന്‍റെയും രാജ്യത്തിന്‍റെയും അതിർ വരമ്പുകൾ മനോഹരമായ സ്നേഹബന്ധങ്ങളോടെ ഇല്ലാതാകുമെന്ന് പലരും കുറിച്ചു. വരന് ക്രിക്കറ്റർ ബ്രെയാൻ ലാറയോടുള്ള മുഖ സാദൃശ്യമാണ് കമന്‍റുകളിൽ ചർച്ചയായ മറ്റൊരു വിഷയം.
എന്തായാലും അഞ്ജലിയെ സംബന്ധിച്ചിടത്തോളം ഈ വിവാഹം ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഭർത്താവിനൊപ്പം തന്‍റെ പർവ്വതാരോഹണ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് അവരുടെ പദ്ധതി. ഇനി ദമ്പതികൾ ഒരുമിച്ച് സാഹസികത തുടരുമോയെന്നും ചിലർ കുറിപ്പുകളിലെഴുതി.