
സ്വന്തം ഭാര്യയോട് അനാവശ്യമായി മറ്റൊരാൾ പെരുമാറിയാൽ ക്ഷുഭിതരാകാത്ത ഭർത്താന്മാർ അത്യപൂർവ്വമാകും. അത് ഭാര്യയുടെ മേലെയുള്ള അധികാരത്തിന്‍റെയോ സ്നേഹക്കൂടുതലിന്‍റെയോ ഓക്കെ ഭാഗമാകാം. എന്നാൽ തന്‍റെ ഭാര്യ മദ്യപിച്ചൊരാൾ സ്പർശിച്ചപ്പോൾ പ്രതികരിച്ച ഭർത്താവിന്‍റെ രീതിയെ ചൊല്ലി സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് പക്ഷം പിടിച്ചു. ബാറിൽ വച്ച് ഭാര്യയെ അനാവശ്യമായി സ്പർശിച്ചെന്ന് ആരോപിച്ച് ഭർത്താവ് ഇടിച്ച ആളുടെ ബോധം പോയി. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവത്തിലെ നീതിയെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് പക്ഷം പിടിച്ചത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത് 55 ലക്ഷം പേർ.
സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പുകൾ പ്രകാരം ഏതാണ്ട് ഒരു വർഷത്തെ പഴക്കം വീഡിയോയ്ക്ക് ഉണ്ടെന്ന് കരുതുന്നു. തിരക്ക് കുറഞ്ഞ ഒരു ബാറിൽ ദമ്പതികൾ ബില്ല്യാഡ്സ് കളിക്കാനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് മദ്യപിച്ചൊരാൾ അതുവഴി എത്തിയത്. പോകുന്ന വഴി അയാൾ യുവതിയുടെ അരക്കെട്ടിൽ പിടിച്ചു. ഉടൻ തന്നെ യുവതി അയാളുടെ കൈകൾ തട്ടിമാറ്റുന്നതും വീഡിയോയിൽ കാണാം. പിന്നാലെ ഭർത്താവി കുതിച്ചെത്തുകയും അയാളുടെ മുഖം നോക്കി ഇടിക്കുകയും ചെയ്യുന്നു. അടുത്ത നിമിഷം ഇയാൾ വെട്ടിയിട്ടത് പോലെ പിന്നിലേക്ക് മറിഞ്ഞ് വീഴുന്നതും വീഡിയോയിൽ കാണാം. പിന്നാലെ ബാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടിവരുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തം.
സംഭവം എവിടെ വച്ച് എപ്പോൾ നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് പക്ഷം പിടിച്ച് വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ചിലർ ഭർത്താവിന്‍റെ നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. അതേസമയം ഉടൻ നീതിയെ ചൊല്ലി തർക്കങ്ങളും ആരംഭിച്ചു. യുവതിക്ക് അയാളുടെ സ്പർശം ഇഷ്ടമായില്ലെന്നും അവർ അതിനെ എതിർത്തെന്നും ചൂണ്ടിക്കാട്ടിയവർ ഭർത്താവിന് അതിന്‍റെ പേരിൽ ഒരാളെ ഇടിച്ചിടാൻ എന്ത് അവകാശമെന്ന് ആരാഞ്ഞു. പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ പോലീസും കോടതിയും അടക്കമുള്ള സംവിധാനങ്ങളുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം പ്രശ്നങ്ങളിൽ ഉടൻ നീതി നടപ്പാക്കിയില്ലെങ്കിൽ അത് ആവർത്തിച്ച് കൊണ്ടേയിരിക്കുമെന്നായിരുന്നു ഭർത്താവിനെ പിന്തുണച്ചവർ കുറിച്ചത്.