
സ്വന്തം വീട്ടിലേക്ക് ഒരു അക്രമി കടന്നുവന്നാൽ എതിർക്കാത്തതായി ആരുണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ചോദ്യം. അത് തന്നെയായിരുന്നു അവനും ചെയ്തത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ്. കാട്ടിലേക്ക് ഖനനത്തിനായി എത്തിയ ഒരു ജെസിബിയെ നേരിടുന്ന ഒരാനയായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കാട്ടിലെ കരുത്തരിൽ ഒരാളും മനുഷ്യ യന്ത്രവും തമ്മിലുള്ള പോരാട്ടം ആവേശത്തെക്കാൾ ഏറെ സമൂഹ മാധ്യമ ഉപയോക്താക്കളെ സങ്കടത്തിലാഴ്ത്തി. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
കാട് വെട്ടി ജെസിബിയ്ക്ക് ഉള്ളിലേക്ക് വഴി കാണിച്ച് കൊടുക്കാൻ സർക്കാറിന്‍റെ എല്ലാ സംവിധാനങ്ങളുമെത്തിയിരുന്നു. എന്നാൽ. അവനൊറ്റയ്ക്ക് ജെസിബിയെ പ്രതിരോധിച്ചു. എല്ലാ കൈയേറ്റങ്ങൾക്കും ഒടുവിൽ അവശേഷിക്കുന്ന കാട്ടിനുള്ളിൽ ഇനിയൊരു നിർമ്മാണവും വേണ്ടെന്ന് ആ കാട്ടാന തീരുമാനമെടുത്തത് പോലെയായിരുന്നു. പോലീസ്, ഫോറസ്റ്റ്, മറ്റ് റാപ്പിഡോ സംഘങ്ങൾ എല്ലാവരും അവിടെയുണ്ടായിരുന്നു. എല്ലാവിധ ആയുധങ്ങളുമായി സംഘം സജ്ജായിരുന്നു. എന്നാൽ കാട്ടാന അറിഞ്ഞൊന്ന് ചിന്നം വിളിച്ചപ്പോൾ കൈയിൽ തൂക്കിയിട്ട ആയുധങ്ങളുമായി അവരെല്ലാം പിന്തിരിഞ്ഞ് ഓടുന്ന കാഴ്ചയും വീഡിയോയിൽ കാണാം. യന്ത്രക്കൈയോട് തന്നാൽ കഴിയും വിധം കാട്ടാന പോരാടുന്നതും വീഡിയോയിൽ കാണാമായിരുന്നു. നേരത്തെ കെട്ടിയ ഒരു മതിൽക്കെട്ടിന് മുകളിൽ നിന്നായിരുന്നു കാട്ടാനയുടെ പോരാട്ടം.
"വികസനവും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്‍റെ ഹൃദയഭേദകമായ ഓർമ്മപ്പെടുത്തൽ. അവശേഷിക്കുന്ന എല്ലാ വനപ്രദേശങ്ങളെയും നശിപ്പിക്കാൻ ബിസിനസുകാരും സർക്കാരും ശ്രമിക്കുമ്പോൾ, ആന ഒരു ജെസിബി മെഷീന് മുന്നിൽ ഉറച്ചുനിൽക്കുന്നു, അതേസമയം ആന അതിന്‍റെ വാസസ്ഥലം എന്ന് വിളിക്കുന്ന വനത്തിന്‍റെ നാശം തടയുന്നു." വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. വീഡിയോ വളരെ വേഗം നെറ്റിസെൺസിന്‍റെ ശ്രദ്ധനേടി. പലരും ഈ രംഗത്തെ "ക്രിമിനൽ അവഗണന" എന്നാണ് വിശേഷിപ്പിച്ചത്. സ്വകാര്യ കമ്പനികൾക്ക് വേണ്ടി സർക്കാർ പരിസ്ഥിതിയെ ലാഭത്തിനായി മുറിച്ച് വിൽക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആന സർക്കാരിനേക്കാൾ നന്നായി സുസ്ഥിര വികസനം മനസ്സിലാക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.
സ്വന്തം വീട് സംരക്ഷിക്കുന്നതിന് ഈ ആനയെ 'തീവ്രവാദി' എന്ന് സർക്കാർ മുദ്രകുത്തുമോയെന്ന് മറ്റെരു കാഴ്ചക്കാരൻ ചോദിച്ചപ്പോൾ അത് നിലവിലെ ഭരണകൂടങ്ങൾ തങ്ങളുടെ പൗരന്മാരോട് എടുക്കുന്ന നിലപാടുകളോടുള്ള വിമർശനം കൂടിയായി. വന്താര പോലുള്ള ഇന്ത്യയിലെ സ്വകാര്യ വന്യജീവി പദ്ധതികളെയും ചിലർ വിമർശിച്ച് രംഗത്തെത്തി. മറ്റ് ചിലർ ആന പ്രതിരോധം തീർത്തിട്ടും ജെസിബി ഓപ്പറേറ്റർ പിന്മാറാതിരുന്നതിനെ രൂക്ഷമായി വിമർശിച്ചു. മനുഷ്യ നിർമ്മിതികൾക്കെതിരെ ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യപ്പെടുന്ന കാട്ടന നമ്മളിൽ പലരുടെയും പ്രതീകമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. വീഡിയോ കണ്ടുകഴിയുമ്പോൾ അസ്വസ്ഥതയുളവാക്കുന്നൊരു ചോദ്യം അവശേഷിക്കുന്നു. വികസനത്തിന്‍റെ പേരിൽ കാടും കുഴിക്കുമ്പോൾ കാട്ടിലെ ജീവികൾ ഇനി ഏങ്ങോട്ട് പോകും?