
ഫിലാഡൽഫിയയിൽ താമസിക്കുന്ന നിക്ക് ഗ്രീൻവാൾട്ടിന് കോടീശ്വരനാകാൻ ആഗ്രഹം. പക്ഷേ ഒരു തൊഴിൽ രഹിതന് അതെങ്ങനെ സാധിക്കും? അങ്ങനെയിരിക്കെ സുഹൃത്തുക്കളോട് തൊഴിലില്ലായ്മയെ കുറിച്ച് ഒരു തമാശ പങ്കുവയ്ക്കവെ തോന്നിയ ഒരു ആശയം പ്രവർത്തികമാക്കിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അതൊരു അമ്പരപ്പിക്കുന്ന ബിസിനസ് തന്ത്രമായി മാറി. ഇന്ന് തങ്ങൾക്കും ഒരല്പം ഇടം തരൂവെന്ന് പറഞ്ഞ് പ്രമുഖ ബ്രാന്‍ഡുകൾ നിക്ക് ഗ്രീൻവാൾട്ടിന് പിന്നാലെയാണെന്ന് റിപ്പോര്‍ട്ടുകൾ. അവർക്കെല്ലാവർക്കും പരസ്യം ചെയ്യേണ്ടത് നിക്കിന്‍റെ ടോയ്‍ലറ്റിൽ ! അമ്പരക്കേണ്ട. കേട്ടത് സത്യം തന്നെ. നിക്ക് പരസ്യം ചെയ്യാനായി നൽകിയത് സ്വന്തം ടോയ്ലറ്റ്!
ഗ്രീൻവാൾട്ടിന്‍റെ പുതുക്കിയ ബയോയിൽ ഇങ്ങനെ പറയുന്നു, "തൊഴിലില്ലാത്ത അവസാന ബോസ്. എന്‍റെ ടോയ്‌ലറ്റിൽ നിന്ന് $10,00,000 (ഏകദേശം 9,40,70,000 രൂപ) സമ്പാദിക്കാൻ ശ്രമിക്കുന്നു," ക്ലോറോക്സ്, പൈൻ - സോൾ, മിറലാക്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളെല്ലാം ഗ്രീൻവാൾട്ടിന്‍റെ ടോയ്‌ലറ്റിൽ ഇതിനകം ഇടം നേടിക്കഴിഞ്ഞു. ഗ്രൂമിംഗ് ബ്രാൻഡായ ഡോ. സ്ക്വാച്ചും ഒരല്പം സ്ഥലം തങ്ങൾക്കായി ആ ടോയ്‍ലറ്റിൽ സ്വന്തമാക്കി. മാത്രമല്ല. വീഡിയോയുടെ കമന്‍റ് വിഭാഗത്തിൽ അവർ ഇങ്ങനെ എഴുതി. ഞാൻ കേട്ടതെല്ലാം 'കിംഗ് ഡോ. സ്ക്വാച്ച്' ആയിരുന്നു." എന്ന്.
ക്രിപ്‌റ്റോ പേയ്‌മെന്‍റ് സ്ഥാപനമായ മൂൺപേ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ എഴുതിയത്. ഇങ്ങനെ, "24 മണിക്കൂർ മുമ്പ്, ഞങ്ങൾ ഒരു അപരിചിതന്‍റെ ടോയ്‌ലറ്റ് സീറ്റിൽ മൂൺപേ പരസ്യം ചെയ്തു," എന്നായിരുന്നു. ഒപ്പം മറ്റൊന്ന് കൂടി കൂട്ടിച്ചേർത്തു. "അടുത്തതായി സംഭവിച്ചത് ഇതാ: 1 ദശലക്ഷം ഐജി വീഡിയോ കാഴ്‌ചകൾ, പുതിയ ആപ്പ് ഡൗൺലോഡുകൾ നീക്കം ചെയ്‌തു, 1,000+ പുതിയ ഫോളോവേഴ്‌സ്. ഇതിന് ഞങ്ങളുടെ വാർഷിക മാർക്കറ്റിംഗ് ബജറ്റിന്‍റെ 0.05% ചെലവായി," പോസ്റ്റിൽ പറയുന്നു.
പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളം രംഗത്തെത്തി. നിക്കിന്‍റെ വീഡിയോകൾ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. ഒരു വീഡിയോ മാത്രം 4 കോടിയിലേറെ പേർ കണ്ടു. മറ്റൊന്ന് 1.30 കോടി പേരും. ഇതൊരു സർഗ്ഗാത്മക ആശയം എന്ന് കുറിച്ചത് പതിനായിരക്കണക്കിന് ആളുകളാണ്. പലരും സംഗതി ഇഷ്ടപ്പെട്ടെന്നും കുറിച്ചു. നിക്കിന്‍റെ ആശയം ക്രീയേറ്റിവിറ്റിയുടെ അങ്ങേയറ്റമാണെന്ന് കുറിച്ചവരും കുറവല്ല. "ഇവിടത്തെ എല്ലാ ക്രിയേറ്റീവുകൾക്കും നിങ്ങൾ ഒരു അത്ഭുതകരമായ പ്രചോദനമാണ്. ഞങ്ങൾക്ക് ഒരു മികച്ച ആശയം മാത്രമേ ആവശ്യമുള്ളൂ, സർഗ്ഗാത്മകതയ്ക്ക് സോഷ്യൽ മീഡിയയിൽ അനന്തമായ സാധ്യതകളുണ്ട്," എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ പ്രതികരണം.