
സ്വിറ്റ്സർലൻഡിൽ തനിക്ക് നേരെ ഉണ്ടായ വംശീയ അധിക്ഷേപത്തിന്‍റെ അനുഭവം പങ്കുവെച്ച് പ്രമുഖ ഇന്ത്യൻ വംശജനായ വ്യവസായ സംരംഭകയും ശതകോടീശ്വരനുമായ പങ്കജ് ഓസ്വാളിന്‍റെ മൂത്ത മകൾ വസുന്ധര ഓസ്വാൾ. വീട്ടിൽ പുൽത്തകിടി ചെത്തുന്ന ഉപകരണം പ്രവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു സ്വിസ് അയൽക്കാരൻ വംശീയമായി തന്നെ അധിക്ഷേപിക്കുന്നതിന്‍റെ ദൃശ്യങ്ങളും വസുന്ധര ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.
ഒരു വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് തന്‍റെ വീടിന്‍റെ ഗേറ്റിലെത്തിയ ഒരു വ്യക്തി, ഉടൻ തന്നെ ലോൺ മോവർ ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും "നിങ്ങൾ ഇന്ത്യയിലല്ല ജീവിക്കുന്നത്" എന്ന് പറഞ്ഞ് ആക്രോശിക്കുകയുമായിരുന്നുവെന്ന് വസുന്ധര പറയുന്നു. വ്യാഴാഴ്ചകളിൽ ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് നിയമപരമായ യാതൊരു തടസ്സവുമില്ലെന്ന് വസുന്ധര ശാന്തമായി ചൂണ്ടിക്കാണിച്ചിട്ടും അയാൾ തർക്കം തുടരുന്നത് വീഡിയോയിൽ കാണാം.
ഒരു വികസിത രാജ്യമെന്ന് അവകാശപ്പെടുന്ന സ്വിറ്റ്സർലൻഡിലെ ജനങ്ങളുടെ മോശം മനോഭാവത്തെ വസുന്ധര പോസ്റ്റിലൂടെ ശക്തമായി വിമർശിച്ചു. "ഒരു 'വികസിത' രാജ്യത്ത് കൂടുതൽ വിവേകമുള്ള മനുഷ്യരുണ്ടാകുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക, എന്നാൽ, ഇവിടെ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഒരു രാജ്യത്തിന്‍റെ വികസനം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെയാണോ അതോ ജനങ്ങളുടെ ചിന്താഗതിയെയാണോ ആശ്രയിച്ചിരിക്കുന്നത്? വ്യത്യസ്ത സംസ്കാരങ്ങളുമായി ഇടപഴകി പരിചയമില്ലാത്തവരെപ്പോലെ അവിടുത്തെ പൗരന്മാർ പെരുമാറുമ്പോൾ, വികസനത്തിന്‍റെ കാര്യത്തിൽ പാശ്ചാത്യ സംസ്കാരത്തെ ഏഷ്യൻ സംസ്കാരത്തേക്കാൾ ഉന്നതമായി കാണുന്നത് എന്തുകൊണ്ടാണ്?" വസുന്ധര ചോദിക്കുന്നു.
കഴിഞ്ഞ എട്ട് വർഷമായി തങ്ങൾ സ്വിറ്റ്സർലൻഡിലാണ് താമസിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്ന് നിർമ്മിച്ചിട്ടുണ്ടെന്നും പറഞ്ഞ വസുന്ധര, തങ്ങൾക്ക് ഇവിടെ ആവർത്തിച്ച് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നടിച്ചു. തദ്ദേശീയരായ സ്വിസ് ജനതയേക്കാൾ സാമ്പത്തികമായി മികച്ച നിലയിൽ ജീവിക്കുന്ന വ്യത്യസ്ത ചർമ്മനിറമുള്ള ഇന്ത്യക്കാരെ അവർ മനഃപൂർവ്വം ലക്ഷ്യം വെയ്ക്കുകയാണെന്നും വസുന്ധര ആരോപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഓസ്വാൾ കുടുംബം, കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വിലകൂടിയ സ്വകാര്യ വസതികളിൽ ഒന്നായ 'വില്ല വാരി' (Villa Vari) ഏകദേശം 1,649 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ആഡംബര ജീവിതം നയിക്കുന്ന ഈ ഇന്ത്യൻ കുടുംബത്തിന് നേരെ ഇതിന് മുൻപും പ്രാദേശികമായി പലവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.