അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ യുവാക്കളുടെ അതിക്രമം.
ജാർഖണ്ഡിലെ റോഡിൽ യാത്രയ്‌ക്കിടെ യുവതികളുടെ സംഘത്തിന് നേരെ എസ്‌യുവിയിലെത്തിയ യുവാക്കളുടെ അതിക്രമം. റാഞ്ചി-ടാറ്റ ഹൈവേയിലെ ദശാം ഫാൾസിന് സമീപമുണ്ടായ ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവതികൾ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, അതിവേഗത്തിൽ വന്ന കറുത്ത സ്കോർപിയോ ഇവരെ മറികടക്കാൻ ശ്രമിക്കുന്നതും അതിലുണ്ടായിരുന്നയാൾ ആംഗ്യം കാണിക്കുന്നതും കാണാം. ഇതുകണ്ട് യുവതികൾ ഭയന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് ഈ വാഹനം റോഡിന്റെ എതിർവശത്തുനിന്നും വന്ന് യുവതികളുടെ കാർ തടയുകയായിരുന്നു. 'ഹേ ഭഗവാൻ, അയാൾ മുന്നിലെത്തിയിരിക്കുന്നു' എന്ന് ഒരു യുവതി കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിലുണ്ട്.
തൊട്ടുപിന്നാലെ, എസ്‌യുവിയിൽ നിന്നിറങ്ങിയ രണ്ടുപേർ യുവതികളുടെ വാഹനത്തിന് നേരെ തിരിയുന്നു. കാറിന്റെ വാതിലുകൾ അകത്തുനിന്ന് അടച്ചിരുന്നതിനാൽ അവർക്കത് തുറക്കാനായില്ല. തുടർന്ന് ഇവർ കാറിന് നേരെ കല്ലെറിയുകയും മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു. യുവതികൾ 'രക്ഷിക്കൂ' എന്ന് നിലവിളിച്ചെങ്കിലും പൊലീസെത്തുന്നതുവരെ ആരും സഹായത്തിനെത്തിയിരുന്നില്ല.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ജംഷദ്‌പൂരിൽ നിന്ന് ഹസാരിബാഗിലേക്ക് പോവുകയായിരുന്ന യുവതികൾ ബുന്ദുവിലെ ഒരു തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി നിർത്തിയിരുന്നു. യാത്ര തുടർന്ന് ഉച്ചയോടെ ദശാം ഫാൾസിന് സമീപം വെച്ച് അമിതവേഗതിയിലെത്തിയ സ്കോർപിയോ യുവതികളുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. സ്കോർപിയോ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് യുവതികൾ പറഞ്ഞെങ്കിലും, പ്രശ്നം പരിഹരിക്കുന്നതിന് പകരം യുവാക്കൾ ഇവരോട് തർക്കത്തിന് വരികയായിരുന്നു.
സുരക്ഷ ഭയന്ന് യുവതികൾ അവിടെനിന്ന് വാഹനം മുന്നോട്ടെടുത്തതോടെ യുവാക്കൾ ഇവരെ പിന്തുടരുകയും വാഹനം തടയുകയുമായിരുന്നു. കല്ലേറിൽ കാറിന്റെ ഗ്ലാസ് തകർന്ന് യുവതികളുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് യുവതികൾ പൊലീസ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും 30 മിനിറ്റിന് ശേഷമാണ് പൊലീസ് എത്തിയത്. അപ്പോഴേക്കും അക്രമികൾ കാറിന് കേടുപാടുകൾ വരുത്തിയിരുന്നു.
വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനവും ആശങ്കയുമാണ് ഇതുയർത്തുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചും ആളുകൾ കമന്റുകൾ നൽകുന്നുണ്ട്.
