
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ പായ്ക്കറ്റ് ലെറ്റൂസ് (Lettuce) കീറിയപ്പോൾ ഉള്ളിൽ ജീവനുള്ള തവള! പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ എസ്‌പെരൻസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കൗതുകകരമായ ഈ സംഭവം നടന്നത്. റൈസ് സ്മോക്കർ എന്ന കർഷകനായ യുവാവാണ് തന്‍റെ സുഹൃത്തുക്കൾക്കായി അത്താഴം ഒരുക്കുന്നതിനിടെ ലെറ്റൂസ് കവറിനുള്ളിൽ തവളയെ കണ്ടെത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'മെട്രോ യുകെ'യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
അന്ന് വൈകുന്നേരം പ്രശസ്ത സൂപ്പർമാർക്കറ്റ് ശൃംഖലയായ 'വൂൾവർത്ത്സിൽ' നിന്നാണ്, നന്നായി സീൽ ചെയ്ത ഈ ലെറ്റൂസ് പാക്കറ്റ് യുവാക്കൾ വാങ്ങിയത്. രാത്രി ഭക്ഷണത്തിനായി സ്റ്റേക്കും സലാഡും തയാറാക്കാൻ കവർ തുറന്നപ്പോഴാണ് ഇലകൾക്കിടയിൽ ഒരു കൊച്ചു തവളയിരിക്കുന്നത് സ്മോക്കറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ലോറ ജോൺസിനെയും ബില്ലി ലെ പൈനെയും സ്മോക്കർ വിവരമറിയിച്ചെങ്കിലും അവർ ആദ്യം ഇത് വിശ്വസിച്ചില്ല. തങ്ങളെ പറ്റിക്കുകയാണെന്നാണ് സുഹൃത്തുക്കൾ കരുതിയത്. എന്നാൽ, സ്മോക്കർ പാക്കറ്റുമായി ലിവിംഗ് റൂമിലെത്തി തവളയെ കാണിച്ചതോടെ എല്ലാവരും അത്ഭുതപ്പെടുകയും പിന്നീട് ചിരിപൊട്ടുകയുമായിരുന്നു.
യുവാക്കൾ ആ തവളയ്ക്ക് 'ഗ്രെഗ്' എന്ന് പേരിടുകയും ചെയ്തു. തുടർന്ന് വീടിനടുത്തുള്ള ഒരു ചെറിയ തടാകത്തിലേക്ക് അതിനെ തുറന്നു വിട്ടു. വെറുതെ വിടുകയല്ല, മറിച്ച് പ്രശസ്തമായ 'ക്രേസി ഫ്രോഗ്' എന്ന ആനിമേഷൻ മ്യൂസിക് മൊബൈലിൽ പ്ലേ ചെയ്താണ് യുവാക്കൾ തവളക്കുട്ടന് യാത്രയയപ്പ് നൽകിയത്. സംഭവം വാർത്തയായതോടെ പ്രതികരണവുമായി വൂൾവർത്ത്സ് സൂപ്പർമാർക്കറ്റ് അധികൃതർ രംഗത്തെത്തി. ഇത് തികച്ചും ഒറ്റപ്പെട്ടൊരു സംഭവമാണെന്നും സമാനമായ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച കമ്പനി അവർക്ക് പകരമായി മറ്റൊരു ലെറ്റൂസ് പാക്കറ്റ് നൽകുകയും ചെയ്തു. കൃത്യമായ ഗുണനിലവാര പരിശോധനകൾക്കും കഴുകി വൃത്തിയാക്കലുകൾക്കും ശേഷമാണ് ലെറ്റൂസ് ഇലകൾ പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതെന്നും, ഈ പാക്കറ്റിൽ എങ്ങനെ തവള അകപ്പെട്ടു എന്നതിനെക്കുറിച്ച് വിതരണക്കാരുമായി ചേർന്ന് കർശനമായ അന്വേഷണം നടത്തുമെന്നും വൂൾവർത്ത്സ് പ്രസ്താവനയിൽ വ്യക്തമാക്കി.