2,500 രൂപയ്ക്ക് കരിഞ്ചന്തയിൽ നിന്ന് ഗ്യാസ് സിലിണ്ടർ വാങ്ങി, നോക്കുമ്പോൾ അകത്ത് വെള്ളം; വീഡിയോ വൈറൽ

Published : May 19, 2026, 08:43 PM IST
illegal LPG cylinder

Synopsis

മീററ്റിൽ കരിഞ്ചന്തയിൽ നിന്നും 2,500 രൂപയ്ക്ക് വാങ്ങിയ പാചക വാതക സിലിണ്ടറിൽ ഗ്യാസിന് പകരം വെള്ളം നിറച്ചതായി പരാതി. സിലിണ്ടർ തലതിരിച്ച് വച്ചപ്പോൾ വെള്ളം പുറത്തേക്ക് വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കരിഞ്ചന്തയ്ക്കെതിരെ പ്രതിഷേധം ശക്തമായി.

 

റാൻ സംഘർഷത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകമെമ്പാടും പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ കുതിച്ചുയർന്നു. ചരക്ക് ഗതാഗതം നിലച്ചതോടെ ഇന്ധന വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. ഇതിന് പിന്നാലെ ഇന്ത്യയിലെമ്പാടും കരിഞ്ചന്തകളും സജീവമായി. മീററ്റിൽ നിന്നും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പാചക വാതക കരിഞ്ചന്തയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായി മാറി. 2,500 രൂപയ്ക്ക് കരിഞ്ചന്തയിൽ നിന്നും വാങ്ങിയ പാചക വാതക സിലിണ്ടർ തലതിരച്ച് വച്ചപ്പോൾ അതിൽ നിന്നും വെള്ളമാണ് പുറത്ത് വന്നതെന്ന് വിവരിക്കുന്ന ഒരു മീററ്റ്കാരന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോ വൈറലായതിന് പിന്നാലെ സർക്കാർ കരിഞ്ചന്തകൾക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് പരാതിയും ശക്തമായി.

സിലിണ്ടർ ഘടിപ്പിച്ചെങ്കിലും ഗ്യാസ് മാത്രം വന്നില്ല

മീററ്റിലെ ലിസാഡി ഗേറ്റ് പ്രദേശത്ത് നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കരിഞ്ചന്തയിൽ നിന്നും കൂടിയ വിലക്ക് വാങ്ങിയ പാചക വാതക സിലിണ്ടറിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഒരു പ്രാദേശിക തെരുവ് കച്ചവടക്കാരനാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച്. താരാപുരിയിലെ ജോഗിവാലി ഗാലിയിലാണ് സംഭവം നടന്നതെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പക്കോഡ സ്റ്റാൾ നടത്തി ഉപജീവനം നടത്തുന്നയാളാണ് താരാപുരി സ്വദേശിയായ ഫഹീം. വീട്ടിലെ ഗ്യാസ് സിലിണ്ടർ തീർന്നതിനെ തുടർന്ന് അദ്ദേഹത്തിന് അടിയന്തരമായി ഒരു ഗ്യാസ് സിലിണ്ടർ വാങ്ങേണ്ടിവന്നു. കുട്ടികൾക്ക് വിശക്കുന്നുണ്ടെന്നും അംഗീകൃത മാർഗങ്ങളിലൂടെ സിലിണ്ടർ ലഭിക്കാത്തതിനാലാണ് കരിഞ്ചന്തയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചത്. അങ്ങനെ പ്രദേശത്ത് സൈക്കിളിൽ സിലിണ്ടറുകൾ വിൽക്കുന്ന ഒരാളിൽ നിന്ന് 14 കിലോ എൽപിജി സിലിണ്ടർ വാങ്ങിയതായി അദ്ദേഹം പറയുന്നു. സർക്കാർ അംഗീകരിച്ച വിലയേക്കാൾ വളരെ കൂടിയ 2,500 രൂപയ്ക്കാണ് സിലിണ്ടർ വാങ്ങിയതെന്ന് റഹീം പറയുന്നു. വീട്ടിലെത്തിച്ച സിലിണ്ടർ ബർണറുമായി ഘടിപ്പിച്ചെങ്കിലും അത് കത്തിക്കാൻ കഴിഞ്ഞില്ല.

 

 

പുറത്ത് വന്നത് പച്ചവെള്ളം

ആദ്യം സ്റ്റൗവിലോ റെഗുലേറ്ററിലോ എന്തെങ്കിലും പ്രശ്നമുണ്ടാകാമെന്ന് അദ്ദേഹം സംശയിച്ചു. എന്നാൽ, പല തവണ ശ്രമിച്ചിട്ടും ഗ്യാസ് മാത്രം വന്നില്ല. ഇതിനെ തുടർന്നാണ് സിലിണ്ടർ തല തിരിച്ച് വച്ചത്. ഈ സമയം ഗ്യാസിന് പകരം പച്ചവെള്ളമാണ് പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറയുന്നു. തല തിരിച്ച് വച്ച സിലിണ്ടറിൽ നിന്നും വെള്ളം പുറത്തേക്ക് തെറിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ വീഡിയോ വൈറലായി. സിലിണ്ടറിൽ അര കിലോഗ്രാം എൽപിജി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കി ഏകദേശം 13.5 കിലോഗ്രാം വെള്ളം നിറച്ചതായും ഫഹീം ആരോപിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ കരിഞ്ചന്തയിൽ നിന്നും വാങ്ങുന്ന സിലിണ്ടറുകൾ ഇത്തരത്തിൽ ചതിച്ചാൽ ആരാണ് സമാധാനം പറയുകയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നു. ഇത്തരം കരിഞ്ചന്തകളെ നിലയ്ക്ക് നിർത്താൻ സർക്കാർ ക്രിയാത്മകമായി ശ്രമിക്കുന്നില്ലെന്നും നിരവധി പേർ ആരോപിച്ചു. അതേസമയം സംഭവം ജനങ്ങളെ അറിയിക്കുകയും ഇത്തരം തട്ടിപ്പുകളിൽ നിന്നും സാധാരണക്കാരെ തടയുകയും ചെയ്യാൻ മാത്രമേ താൻ വീഡിയോ പങ്കുവച്ചത് കൊണ്ട് ഉദ്ദേശിച്ചൊള്ളൂവെന്നും റഹീം പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ദുബാരെ ആനക്കലി; പരസ്പരം കൊമ്പ് കോർത്ത് കൊമ്പന്മാർ, രക്തം മരവിപ്പിക്കുന്ന വീഡിയോ വൈറൽ
'ചതിയന്മാരെ ഞങ്ങൾക്ക് ഇഷ്ടമല്ല'; കാമുകൻ വഞ്ചിച്ചതിനെ തുടർന്ന് 57,000 രൂപയുടെ കേക്ക് തീയിട്ടു നശിപ്പിച്ച് കാമുകി, വീഡിയോ