കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനം നൽകിയ മുന്നറിയിപ്പിനെ തുടർന്ന്, ഗ്രാമത്തിലേക്ക് കടക്കാനൊരുങ്ങിയ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് തടഞ്ഞു. ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് ആനകളെ സുരക്ഷിതമായി വനത്തിലേക്ക് തിരികെ അയച്ചു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് ഈ സംഭവം വ്യക്തമാക്കുന്നു.
കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനത്തിന്‍റെ സമയോചിതമായ മുന്നറിയിപ്പ് ലഭിച്ചതിനനെ തുടർന്ന് കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് തടയാൻ വനംവകുപ്പിനായി. ഈ സംഭവത്തിന്‍റെ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. വന്യജീവി സംരക്ഷണത്തിലും മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കുന്നതിലും പുത്തൻ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരെഴുതി.
അർദ്ധരാത്രിയിറങ്ങിയ ആനക്കൂട്ടം
26 -ാം തിയതി അർദ്ധരാത്രി 12.32 ഓടെ എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകൾ ഒരു തേയിലത്തോട്ടത്തിന് സമീപം കാട്ടാനക്കൂട്ടം ഒത്തുകൂടുന്നത് കണ്ടെത്തി. ഇവ സമീപത്തെ ഗ്രാമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് എഐ കണക്ക് കൂട്ടി. ഈ വിവരം ഉടൻ എഐ നിയന്ത്രണ കേന്ദ്രത്തിലെത്തിലേക്ക് നൽകി. അവിടെ നിന്ന് സമീപത്തുണ്ടായിരുന്ന വനംവകുപ്പ് സംഘത്തിന് മുന്നറിയിപ്പ് കൈമാറി.
സന്ദേശം ലഭിച്ചതിന് പിന്നാലെ 15 മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ മിനി ട്രക്കിൽ സ്ഥലത്തെത്തി സുരക്ഷിതമായ രീതിയിൽ ആനക്കൂട്ടത്തെ വീണ്ടും വനമേഖലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾക്കും ആനകൾക്കും വലിയ അപകട സാധ്യത ഒഴിവാക്കാനായി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഏകോപിതമായി പ്രവർത്തിച്ച് ആനകളെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ കാട്ടിലേക്ക് മടക്കി അയക്കുന്നത് വീഡിയോയിൽ കാണാം.
സാങ്കേതിക വിദ്യയുടെ സഹായം തേടണം
ഇത്തരത്തിലുള്ള സംഭവങ്ങൾ വനംവകുപ്പിന്‍റെ നിരീക്ഷണ സംഘങ്ങൾ പതിവായി കൈകാര്യം ചെയ്യാറുണ്ടെന്നും പലപ്പോഴും ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങളാണ് പൊതുജനങ്ങങക്കായി പങ്കുവയ്ക്കുന്നതെന്നും പർവീൺ കാസ്വാൻ തന്‍റെ കുറിപ്പിലെഴുതി. വീഡിയോ വൈറലായതോടെ നിരവധി പേർ വനംവകുപ്പ് സംഘത്തിന്‍റെ അതിവേഗ ഇടപെടലിനെ അഭിനന്ദിച്ചു. മനുഷ്യരുടെയും വന്യജീവികളുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്ന ഇത്തരം സാങ്കേതിക സംവിധാനങ്ങൾ മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കാൻ ഫലപ്രദമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എഐ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കിയാൽ അപകട സാധ്യതകൾ ഇനിയും കുറയ്ക്കാനാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി.


