
'വർക്ക് ഫ്രം ഹോം' എന്ന ആശയം കോവിഡിന് ശേഷം ലോകമെമ്പാടും വളരെയധികം ജനപ്രിയമായ ഒന്നാണ്. എന്നാൽ, വർക്ക് ഫ്രം ഹോമിനെ വ്യത്യസ്തമായൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു യുവാവ്. സംഗതി എന്താണെന്നല്ലേ? ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നതിനിടയിലാണ് ഈ യുവാവ് തന്‍റെ ഓഫീസിലെ സൂം (Zoom) മീറ്റിംഗിൽ പങ്കെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഈ അപൂർവ്വ ദൃശ്യം നിമിഷനേരം കൊണ്ടാണ് വൈറലായി. ഒട്ടകപ്പുറത്ത് സഞ്ചരിച്ചുകൊണ്ട് ലാപ്ടോപ്പ് മടിയിൽ വച്ച് കത്തുന്ന മരുഭൂമിയിലൂടെ ജോലി ചെയ്യുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു.
സാദ് അക്തർ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'സഹാറ മരുഭൂമിയിൽ നിന്ന് ബ്രോ മീറ്റിംഗുകളിൽ പങ്കെടുക്കുകയാണ്' വീഡിയോ പങ്കുവച്ച് കൊണ്ട് സാദ് അക്തർ കുറിച്ചു. വീഡിയോയിൽ മരുഭുമിയിൽ നിൽക്കുന്ന ഏതാനും ഒട്ടകങ്ങളുടെ പുറത്ത് സഞ്ചാരികളെ കാണാം. ഇതിൽ ഒരാൾ തന്‍റെ മടിയിലുള്ള ലാപ്ടോപ്പ് തുറന്ന് വച്ചിരിക്കുന്നതും കാണാം. ഇതിനിടെ മരുഭൂമിയിലേക്കും കാമറ ചുറ്റി സഞ്ചരിക്കുന്നു. എവിടെയും ഒരു കാക്കക്കാലിന്‍റെ തണൽ പോലുമില്ല. ചുറ്റും മണൽക്കുന്നുകൾ മാത്രമുള്ള സഹാറ മരുഭൂമിയ്ക്ക് നടുവിൽ നിൽക്കുന്ന ഒട്ടകപ്പുറത്ത് ഇരുന്ന് കൊണ്ട് യുവാവ് വളരെ ശാന്തനായി തന്‍റെ ലാപ്ടോപ്പിൽ നോക്കി ഔദ്യോഗിക മീറ്റിംഗിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. മരുഭൂമിയുടെ നടുവിലും തടസ്സമില്ലാതെ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കുന്നതും, യുവാവ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വീഡിയോ കോളിൽ പങ്കെടുക്കുന്നതും കാഴ്ചക്കാരെ അമ്പരപ്പിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
സമൂഹ മാധ്യമ ഉപയോക്താക്കൾ തങ്ങളുടെ അമ്പരപ്പ് പുറത്ത് കാണിച്ചു. ഇതാണ് യഥാർത്ഥ സ്വപ്ന ജീവിതം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ഓഫീസ് മുറികളിൽ അടച്ചിട്ടിരിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ് ഈ രീതിയെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ചിലർ ഇത് ജോലിയിലെ അമിത സമ്മർദ്ദമാണോയെന്ന് തമാശയായി കുറിച്ചു. അയാൾ സ്റ്റാർ ലിങ്കിന്‍റെ ഡിവൈസും കീശയിൽ ഇട്ടാണോ നടക്കുന്നതെന്നായിരുന്നു മറ്റൊരു കുറിപ്പ്. ജെൻസി എന്നും വർക്ക് ലൈഫ് ബാലൻസ് എന്നും നിരവധി പേർ കുറിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തിന്‍റെ ഏത് കോണിലിരുന്നും ജോലി ചെയ്യുന്ന 'ഡിജിറ്റൽ നൊമാഡ്' ജീവിതശൈലിക്ക് ഇന്നത്തെ കാലത്ത് എത്രത്തോളം സാധ്യതകളുണ്ടെന്ന് തെളിയിക്കുന്നതായി ഈ സംഭവം.