'വൈകുന്നേരമാണ് കുളിക്കാൻ പോലും സമയം കിട്ടുന്നത്. കിടക്കയിൽ കിടന്നും വ്യത്യസ്തമായ പൊസിഷനുകളിലിരുന്നും ജോലി ചെയ്ത് ഇപ്പോൾ സ്ഥിരമായി നടുവേദന വന്നിട്ടുണ്ട്. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും നമ്മൾ ജോലി ചെയ്യുന്നത് ആരും ഗൗരവമായി എടുക്കുന്നുമില്ല.'

'വർക്ക് ഫ്രം ഹോം' എന്നാൽ പലർക്കും വളരെ എളുപ്പവും ആശ്വാസകരവുമായ ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, അതിനുമുണ്ട് അതിന്റേതായ ചില ബുദ്ധിമുട്ടുകൾ. നീണ്ടുപോകുന്ന ജോലി സമയം, സ്വകാര്യജീവിതവും ജോലിയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുക... ഇങ്ങനെ വർക്ക് ഫ്രം ഹോമിന്റെ മറുവശം സങ്കീർണ്ണമാണെന്ന് തുറന്നുപറയുകയാണ് ഇൻസ്റ്റാഗ്രാമിൽ ഹണി സിം​ഗ് എന്ന യുവതി. 'വർക്ക് ഫ്രം ഹോം റിയാലിറ്റി' എന്നും പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'വർക്ക് ഫ്രം ഹോം ആണെങ്കിൽ എങ്ങോട്ടും പോകേണ്ടതില്ലല്ലോ എന്ന് കരുതരുത്. ഇവിടെ അതിലും കൂടുതൽ ജോലി ചെയ്യേണ്ടി വരും. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ലാപ്‌ടോപ്പുമായി ഇരിക്കണം. തുടർച്ചയായ മീറ്റിംഗുകൾക്കിടയിൽ ഭക്ഷണം കഴിക്കാൻ പോലും സമയമുണ്ടാകില്ല' ഹണി സിംഗ് വീഡിയോയിൽ പറയുന്നു. 'വൈകുന്നേരമാണ് കുളിക്കാൻ പോലും സമയം കിട്ടുന്നത്. കിടക്കയിൽ കിടന്നും വ്യത്യസ്തമായ പൊസിഷനുകളിലിരുന്നും ജോലി ചെയ്ത് ഇപ്പോൾ സ്ഥിരമായി നടുവേദന വന്നിട്ടുണ്ട്. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും നമ്മൾ ജോലി ചെയ്യുന്നത് ആരും ഗൗരവമായി എടുക്കുന്നുമില്ല' എന്നും അവർ സങ്കടത്തോടെയും തമാശരൂപത്തിലും പറയുന്നു.

View post on Instagram

ഓഫീസിൽ പോയി ജോലി ചെയ്യുന്നതാണ് ഇതിനേക്കാൾ നല്ലതെന്നും യുവതി അഭിപ്രായപ്പെട്ടു. ഓഫീസിലാകുമ്പോൾ ഇടയ്ക്കിടെ ബ്രേക്കുകൾ കിട്ടും, കൃത്യമായ ഉച്ചഭക്ഷണ സമയമുണ്ട്, സഹപ്രവർത്തകരോട് സംസാരിച്ചിരിക്കാം, ജോലി സമയം കഴിയുമ്പോൾ ലാപ്‌ടോപ്പ് അടച്ചു വെച്ച് ഇറങ്ങുകയും ചെയ്യാം. എന്നാൽ, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ നമ്മൾ ഉറങ്ങുന്ന കിടക്ക തന്നെ ഓഫീസായി മാറുകയാണ് ചെയ്യുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് തങ്ങൾക്കും സമാനമായ അനുഭവമാണുള്ളതെന്ന കമന്റുകളുമായി എത്തിയത്. എന്നാൽ, ചിലരൊക്കെ വർക്ക് ഫ്രം ഹോമിന്റെ സൗകര്യത്തെ കുറിച്ചും എങ്ങനെ കൃത്യമായും ​ഗുണകരമായും അത് ചെയ്യാമെന്നതിനെ കുറിച്ചും കമന്റുകൾ നൽകിയിട്ടുണ്ട്.