
ബിഹാറിലെ പട്നയിൽ ജ്വല്ലറിയിൽ കവർച്ചയ്ക്കെത്തിയ രണ്ട് സ്ത്രീകളുടെ ശ്രമം കടയുടമ ധീരമായി ചെറുത്തുതോൽപ്പിച്ചു. കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചിട്ടും പിന്മാറാതെ മോഷ്ടിക്കാനെത്തിയ യുവതികൾക്കെതിരെ പോരാടിയ ഉടമ, കവർച്ചാ ശ്രമം പരാജയപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ. കവർച്ചക്കാർക്ക് മുന്നിൽ മുട്ടുമടക്കാത്ത കടയുടമയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണ ഉപഭോക്താക്കളെപ്പോലെയാണ് ജ്വല്ലറിയിലേക്ക് രണ്ട് യുവതികൾ കടന്നുവന്നത്. ഇരുവരും മാസ്ക് ധരിച്ച് മുഖം മറച്ചിരുന്നു. ജ്വല്ലറിയിൽ എത്തിയതിന് പിന്നാലെ സ്വർണ്ണാഭരണങ്ങൾ കാണിച്ചുതരാൻ അവർ കടയുടമയോട് ആവശ്യപ്പെട്ടു. തുടർന്ന് ഉടമ ആഭരണങ്ങൾ പുറത്തെടുത്ത് കാണിക്കുന്നതിനിടെ, സ്ത്രീകളിൽ ഒരാൾ ബാഗിൽ നിന്നും പെപ്പർ സ്പ്രേ എടുത്ത് പെട്ടെന്ന് കടയുടമയുടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിലും കണ്ണുകളിൽ കടുത്ത പുകച്ചിലും വേദനയും ഉണ്ടായെങ്കിലും കടയുടമ പതറിയില്ല.
കവർച്ചാ സംഘത്തെ പ്രതിരോധിക്കാൻ അദ്ദേഹം ഉടൻ തന്നെ കൗണ്ടറിന് മുകളിലൂടെ ചാടുകയും പിന്നാലെ സ്ത്രീകളെ തടയാനായി ജ്വല്ലറിക്ക് പുറത്ത് കടന്ന് വാതിൽ ചാരി നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസികൾ എത്തുമ്പോൾ യുവതികൾ കടയ്ക്കുള്ളിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടികളുടെ ആക്രമണത്തെ ഒരു പുരുഷൻ നേരിട്ട രീതിയെ സൂചിപ്പിച്ചുകൊണ്ട് "പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ കുറവാണോ" എന്ന അർത്ഥത്തിലാണ് വീഡിയോയ്ക്ക് പലരും സമൂഹ മാധ്യമങ്ങളിൽ അടിക്കുറിപ്പ് നൽകിയത്. കടയുടമയുടെ അപ്രതീക്ഷിതമായ പ്രതിരോധത്തിൽ ഭയന്നുപോയ യുവതികൾക്ക് ആഭരണങ്ങളൊന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ല.
Two girls tried robbing a jewellery shop in Digha, Patna with pepper spray. Owner dodged it, raised alarm, neighbours caught them on spot. CCTV captured the fail😭 pic.twitter.com/LfTXphRqBb
— Ghar Ke Kalesh (@gharkekalesh) June 13, 2026
സംഭവത്തിന് പിന്നാലെ കടയുടമ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസിൽ പരാതി നൽകി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളായ സ്ത്രീകളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിൽ ഒരാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റേയാളെ പ്രദേശവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നാലെ പോലീസ് ഓടി രക്ഷപ്പെട്ടയാളെയും കസ്റ്റഡിയിൽ എടുത്തു. ഇരുവർക്കുമെതിരെ കവർച്ചാ ശ്രമത്തിന് കേസെടുത്തു. പകൽ സമയത്ത് തിരക്കുള്ള പ്രദേശത്തെ ജ്വല്ലറിയിൽ നടന്ന ഈ കവർച്ചാ ശ്രമം വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ കടുത്ത ശാരീരിക അസ്വസ്ഥതകൾക്കിടയിലും ബുദ്ധിയും ധൈര്യവും കൈവിടാതെ അക്രമികളെ നേരിട്ട ജ്വല്ലറി ഉടമയെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം അഭിനന്ദിച്ചു.