'ഇതാണ് യാഥാർത്ഥ്യം'; വഞ്ചിനാട് എക്സ്പ്രസിൽ കണ്ണെടുക്കാതെ തുറിച്ച് നോക്കുന്ന മധ്യവയസ്കൻ; വീഡിയോ പങ്കുവച്ച് യുവതി, വൈറൽ

Published : Mar 30, 2026, 11:11 AM IST
man staring blankly at woman on Vanchinadu train

Synopsis

വഞ്ചിനാട് എക്സ്പ്രസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഫാഷൻ ഡിസൈനറായ യുവതിക്ക് നേരെ മധ്യവയസ്കൻ്റെ തുറിച്ചുനോട്ടം. ഭയാനകമായ ഈ ദുരനുഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച എലീന എലിസബത്ത് കുര്യൻ, ആർപിഎഫിൽ പരാതി നൽകി. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.

 

സ്ത്രീ സുരക്ഷയെ കുറിച്ച് സർക്കാർ വാചാലമാകുമ്പോഴും അത് സ്വപ്നങ്ങളിൽ മാത്രമെന്നാണ് അനുഭവമെന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ സ്വന്തം അനുഭവം മുൻനിർത്തി പറയുന്നു. വഞ്ചിനാട് എക്സ്പ്രസിൽ കഴിഞ്ഞ ദിവസം ഒരു യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. ഫാഷൻ ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ എലീന എലിസബത്ത് കുര്യനാണ് തനിക്ക് വഞ്ചിനാട് എക്സ്പ്രസിൽ നേരിടേണ്ടിവന്ന ദുരനുഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഒറ്റയ്ക്ക് രാത്രി ട്രെയിനിൽ യാത്ര ചെയ്യേണ്ടിവന്നപ്പോൾ തൊട്ട് അടുത്ത സീറ്റിലിരുന്ന മധ്യവയസ്കന്‍റെ 'ദുഷിച്ച നോട്ട'ത്തെ കുറിച്ച് യുവതി എഴുതി.

ചങ്ങനാശേരിയിൽ നിന്ന് എറണാകുളത്തേക്ക് ഒറ്റയ്ക്ക്

വീഡിയോ പങ്കുവച്ച് കൊണ്ട് എലീന ഇങ്ങനെ എഴുതി.'എന്നെ വിധിക്കും മുമ്പ് ഈ വീഡിയോ സൂം ചെയ്ത് ശ്രദ്ധാപൂർവ്വം കാണുക. മാർച്ച് 15 -ന് ചങ്ങനാശേരിയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് വഞ്ചിനാട് എക്സ്പ്രസിൽ (രാത്രി 8:30–11:00) ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അനുഭവമുണ്ടായി. ഏകദേശം 50–60 വയസ്സ് പ്രായമുള്ള ഒരു പുരുഷൻ എന്‍റെ ശരീരത്തിലേക്ക് തുറിച്ച് നോക്കുകയും വളരെ അസ്വസ്ഥവും ഭയാനകവുമായ രീതിയിൽ പെരുമാറുകയും ചെയ്തു. എന്‍റെ സുരക്ഷയ്ക്കായി ഞാൻ ഈ വീഡിയോ റെക്കോർഡ് ചെയ്‌തു.' ഒപ്പം ആളുടെ നോട്ടത്തിന് തന്‍റെ വസ്ത്രധാരണവുമായി ബന്ധമില്ലെന്നും വസ്ത്രം ഇത്തരം പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ലെന്നും എലീന ചൂണ്ടിക്കാണിച്ചു.

 

 

ഇതാണ് യാഥാർത്ഥ്യം

ഇത് ശ്രദ്ധയാകർഷിക്കാൻ വേണ്ടിയല്ലെന്നും ഇതാണ് യാഥാർത്ഥ്യമെന്നും എലീന എഴുതി. എന്നാൽ പല സ്ത്രീകളും ഇത്തരം അനുഭവങ്ങൾക്ക് മുമ്പിൽ നിശബ്ദത പാലിക്കുകയാണെന്നും എഴുതിയ എലീന അനന്തരഫലങ്ങളെ കുറിച്ച് ഓർത്ത് തനിക്ക് ഇത് പങ്കുവയ്ക്കാൻ ഭയമുണ്ടെങ്കിലും നിശബ്ദ പാലിക്കുന്നത് മോശമാണെന്ന് തോന്നിയെന്നും കൂട്ടിച്ചേർത്തു. ഒപ്പം വീഡിയോ കാണുന്നവരോട് ഒരു അഭിപ്രായത്തിലെത്തും മുമ്പ് വീഡിയോ പൂർണ്ണമായും കാണാനും അവർ നിർദ്ദേശിച്ചു. താൻ ലൂസായ ഒരു കുർത്തിയും മാസ്കും ധരിച്ചാണ് ഇരുന്നിരുന്നതെന്നും അതിനാൽ ഇത് വസ്ത്രധാരണത്തിന്‍റെ പ്രശ്നമല്ലെന്നും എലീന കുറിപ്പെഴുതി. ഇത് സമയത്തിന്‍റെ പ്രശ്നവുമല്ല. ഇത് ചില പുരുഷന്മാർ സ്ത്രീകൾക്കെതിരെ എങ്ങനെ കാണണം എന്ന് കണ്ടീഷൻ ചെയ്തതിന്‍റെ പ്രശ്നമാണെന്നും എലീന ചൂണ്ടിക്കാണിക്കുന്നു. വീഡിയോ അടക്കം വച്ച് കൊണ്ട് എറണാകുളം സൗത്ത് ആർപിഎഫിൽ പരാതി നൽകിയെന്നും തനിക്ക് മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇനിയും ഇതൊന്നും സഹിക്കേണ്ടതില്ലെന്നും എലീന എഴുതി. സ്ത്രീകൾ ദുർബലരും നിസഹായരുമല്ലെന്നും അതിനാൽ നിശബ്ദരാകേണ്ടതില്ലെന്നും അവർ എഴുതി.

നടപടി വേണം

വീഡിയോയിൽ ഒരു മധ്യവയസ്കന്‍ കണ്ണെടുക്കാതെ യുവതിയെ നോക്കിയിരിക്കുന്നത് കാണാം. ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും അയാൾ കഴുത്ത് ഇളക്കിയെങ്കിലും ഒരോ സമയവും കണ്ണ് യുവതിയിൽ തന്നെയായിരുന്നു. അധികം കഴുത്ത് വേദനിക്കാനിക്കാതെ ഇരിക്കാനെന്ന വണ്ണം അയാൾ തന്‍റെ താടിക്ക് കൈ കൊടുത്താണ് ഇരുന്നിരുന്നത്. തന്നെ യുവതി ശ്രദ്ധിക്കുന്നുണ്ടെന്നത് പോലും അയാളെ അസ്വസ്ഥമാക്കിയില്ല. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന സമാനമായ അനുഭവങ്ങളെ കുറിച്ച് എഴുതിയത്. മറ്റ് ചിലർ അയാൾക്ക് തക്കതായ ശിക്ഷ ആവശ്യമുണ്ടെന്ന് കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വാടകയ്ക്ക് വീടെടുത്തോ, ഈ അബദ്ധങ്ങൾ പറ്റരുതേ, അനുഭവത്തിൽ നിന്നും പഠിച്ച പാഠം; വീഡിയോയുമായി ദമ്പതികൾ
വർക്ക് ഫ്രം ഹോം മടുത്തോ? വഴിയുണ്ട്, വൈറലായി യുവതി പങ്കുവച്ച 'കഫേ കൾച്ചർ'