
വിയറ്റ്നാമിന്‍റെ തീരദേശ നഗരമായ ഡാ നാങിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട പ്രായം ചെന്ന ഒരു മനുഷ്യൻ തന്നെ കടിച്ച ഒന്നാന്തരമൊരു മൂർഖനെ കൈമുട്ടിൽ ഇറുക്കിപ്പിടിച്ച് ആശുപത്രിയിലേക്ക് വരുന്ന കാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ചത്. അത്യാവശ്യം വലിപ്പുമുള്ള മൂർഖനെയും കൊണ്ട് അദ്ദേഹം ഒറ്റയ്ക്ക് നടന്നുവരുന്നത് കണ്ടവരെല്ലാം അമ്പരന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഡായ് ലോക്ക് കമ്യൂണിലെ നാട്ടുകാർ പറയുന്നതനുസരിച്ച്, പ്രായം ചെന്ന മനുഷ്യന് രാവിലെ ഒരു മൂർഖന്‍റെ കടിയേറ്റും. എന്നാൽ, ഏവരെയും ഞെട്ടിച്ച് അസാധാരണമായ സംയമനത്തോടെ അദ്ദേഹം വിഷപ്പാമ്പിനെ കൊന്ന് തന്‍റെ കൈപത്തി നഷ്ടപ്പെട്ട കൈയുടെ മുട്ടുകൾക്കിടയിൽ തിരുകിപ്പിടിച്ച് ആശുപത്രിയിലേക്ക് എത്തി. ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷം അതേ മൂർഖനെ അദ്ദേഹം തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ. അദ്ദേഹത്തിന് മികച്ച ചികിത്സ ആവശ്യമുണ്ടെന്ന് തോന്നിയ വീട്ടുകാർ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ക്വാങ് നാമിന്‍റെ വടക്കൻ പർവതപ്രദേശത്തുള്ള ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിലാണ് അദ്ദേഹം ഒറ്റയ്ക്കെത്തി ചികിത്സ തേടിയത്. എന്നാൽ മൂർഖന് ശക്തമായ വിഷമുള്ളതിനാൽ പ്രത്യേക പരിചരണത്തിനും നിരീക്ഷണത്തിനുമായി വീട്ടുകാർ അദ്ദേഹത്തെ പിന്നീട് ഡാ നാങ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കടിയേറ്റ് പാമ്പുമായി ഒറ്റയ്ക്ക് വരുന്ന 79 -കാരന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ചിലർ എന്തുകൊണ്ടാണ് അദ്ദേഹം വീട്ടുകാരുടെ സഹായം ആദ്യം തേടിയില്ലെന്ന് ചോദിച്ചു. ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വളരെ വിഷമുള്ള ഒരു ഇനം മൂർഖൻ പാമ്പാണ് അദ്ദേഹത്തെ കടിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ, കാര്യമായ വിഷം അദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് കടന്നിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളില്ല. അദ്ദേഹം സുഖം പ്രാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ കണ്ടവരെല്ലാം അദ്ദേഹത്തിന്‍റെ അസാമാധ്യമായ മനഃസാന്നിധ്യത്തെ പുകഴ്ത്തി. ഇരുകൈകളുണ്ടെങ്കിലും ഇത്തരമെരു സന്ദർഭത്തിൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ തങ്ങൾ പേടിച്ച് മരിച്ചേനെയെന്ന് ചിലരെഴുതി. എങ്കിലും അദ്ദേഹം ഒറ്റയ്ക്ക് ആശുപത്രിയെ സമീപിച്ചതിനെ പലരും ചോദ്യം ചെയ്തു.