സമൂഹവിവാഹം, ചടങ്ങിന് തൊട്ടുപിന്നാലെ ചിപ്സ് പാക്കറ്റ് കൈക്കലാക്കാൻ നെട്ടോട്ടം, ആകെ അലങ്കോലം, വീഡിയോ

Published : Nov 27, 2025, 02:04 PM IST
viral video

Synopsis

എല്ലാ ദമ്പതികളുടെയും വിവാഹ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയത്. സ്നാക്സ് നല്‍കാന്‍ തുടങ്ങിയതോടെ, ചടങ്ങിൽ പങ്കെടുത്ത ആളുകൾ കൗണ്ടറുകളിലേക്ക് ഓടാൻ തുടങ്ങി.

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ സർക്കാരിന്റെ പിന്തുണയോടെ നടന്ന ഒരു സമൂഹവിവാഹ ചടങ്ങ് ആളുകളുടെ തിക്കിലും തിരക്കിലും ആകെ അലങ്കോലമായി. സ്നാക്സ് കൈക്കലാക്കാൻ ജനക്കൂട്ടം തിക്കിത്തിരക്കിയെത്തിയതോടെയാണ് ആകെ പ്രശ്നമായത്. ഏകദേശം 383 ദരിദ്ര ദമ്പതികളാണ് ചടങ്ങിൽ വിവാഹം കഴിക്കാനുണ്ടായിരുന്നത്. എന്നാൽ, ഇവിടെ വച്ചിരുന്ന ചിപ്സ് പാക്കറ്റുകൾ കൈക്കലാക്കാൻ വേണ്ടി ആളുകൾ തിക്കുംതിരക്കും കൂട്ടുകയായിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരം സംഘടിപ്പിച്ച സമൂഹ വിവാഹം, നവംബർ 25 ചൊവ്വാഴ്ച റാത്ത് ടൗണിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയത്തിന്റെ സ്‌പോർട്‌സ് ഗ്രൗണ്ടിലായിരുന്നു നടന്നത്.

എല്ലാ ദമ്പതികളുടെയും വിവാഹ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയത്. സ്നാക്സ് നല്‍കാന്‍ തുടങ്ങിയതോടെ, ചടങ്ങിൽ പങ്കെടുത്ത ആളുകൾ കൗണ്ടറുകളിലേക്ക് ഓടാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ, ആളുകൾ ചിപ്സിന്റെ പാക്കറ്റുകൾ തട്ടിപ്പറിച്ചെടുക്കുന്നതും ആൾക്കൂട്ടത്തിനിടയിലൂടെ തള്ളിക്കയറുന്നതും കാണാം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം ഒന്നിലധികം പാക്കറ്റുകൾ ചിപ്‌സ് കൈവശപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. പാക്കറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആളുകൾ മറിഞ്ഞുവീണതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

റിപ്പോർട്ട് അനുസരിച്ച്, ഇതേ വേദിയിൽ വച്ച് വിവാഹം കഴിഞ്ഞ ഒരു വരൻ പോലും ഒരു പാക്കറ്റ് ചിപ്‌സുമായി ഓടിപ്പോകുന്നത് കണ്ടത്രെ. ഈ ബഹളത്തിനിടയിൽ, ഒരു കുട്ടിയുടെ കൈയിൽ ചൂടുള്ള ചായ വീണുവെന്നും പൊള്ളലേറ്റുവെന്നും പറയുന്നു. ആ സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ ഭക്ഷണ വിതരണം വേണ്ടുംവിധം നിയന്ത്രിക്കാനോ ഒരു ഉദ്യോഗസ്ഥനും ഇവിടെ ഉണ്ടായിരുന്നില്ല എന്ന് ദൃക്‌സാക്ഷികൾ അവകാശപ്പെടുന്നു. എന്തായാലും, വീഡിയോ വൈറലായതോടെ ആളുകൾ കമന്റുകളുമായി എത്തി. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പേരിലാണ് ഇത് സംഭവിക്കുന്നത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

മദ്യപരുടെ ആനന്ദം; ചത്ത് ഒഴുകി നടക്കുന്ന തിമിംഗലത്തിന് മുകളിൽ കയറി ഫോട്ടോഷൂട്ട്, രൂക്ഷമായി പ്രതികരിച്ച് നെറ്റിസെൻസ്, വീഡിയോ
ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ