ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഹൈദരാബാദിലെത്തിയ ആദ്യ ജാപ്പനീസ് വിദ്യാർഥിനി ഹിരോ, തന്‍റെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ച വീഡിയോ വൈറലായി. ഊഷ്മളമായ സ്വീകരണത്തിന് ശേഷം ഹോസ്റ്റലിൽ നേരിട്ട മോശം സൗകര്യങ്ങളെക്കുറിച്ചും അതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവർ വീഡിയോയിൽ തുറന്നുപറയുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഹൈദരാബാദിൽ പഠനത്തിനായി എത്തിയ ആദ്യ ജാപ്പനീസ് വിദ്യാർഥിനിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഹിരോയുടെ ഇൻസ്റ്റഗ്രാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. ഇന്ത്യയിലെ തന്‍റെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ച വീഡിയോയിൽ, ആവേശകരമായ തുടക്കത്തിനൊപ്പം ഹോസ്റ്റൽ താമസത്തിനിടെ നേരിട്ട നിരവധി ബുദ്ധിമുട്ടുകളും വിദ്യാർഥിനി തുറന്നുപറഞ്ഞു. വീഡിയോ വൈറലായതോടെ ഐഐടി ഹോസ്റ്റലുകളുടെ സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നു.
തുടക്കം ഗംഭീരം
ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിമാനയാത്ര വൈകിയെങ്കിലും വിമാനത്താവളത്തിലെ സൗകര്യങ്ങൾ കാരണം കാത്തിരിപ്പ് ഒരു ബുദ്ധിമുട്ടായില്ലെന്ന് ഹിരോ പറയുന്നു. ഐഐടി ഹൈദരാബാദിൽ എത്തിയപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളെ സഹായിക്കുന്ന ഇന്‍റർനാഷണൽ റിലേഷൻസ് സെല്ലിന്‍റെ ഭാഗത്തുനിന്ന് ഊഷ്മള സ്വീകരണമാണ് ലഭിച്ചതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. തുടക്കത്തിൽ ക്യാമ്പസും അന്തരീക്ഷവും ഏറെ ഇഷ്ടപ്പെട്ടെങ്കിലും ഹോസ്റ്റലിൽ താമസം തുടങ്ങിയതോടെ പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ നേരിട്ടതായും അവർ കൂട്ടിച്ചേർത്തു.
പക്ഷേ, ഹോസ്റ്റൽ എല്ലാം തകിടം മറിച്ചു
ആദ്യ രാത്രി തന്നെ കിടക്കയുടെ ക്രമീകരണത്തിലെ അപാകതകൾ, തകർന്ന ഷെൽഫ്, കേടായ കർട്ടൻ റോഡ്, പ്രവർത്തിക്കാത്ത വാതിൽപ്പൂട്ട് തുടങ്ങി ഹോസ്റ്റലിൽ മൊത്തം പ്രശ്നങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഹിരോ വീഡിയോയിൽ പറയുന്നു. പിന്നീട് കിടക്കയിൽ ചത്ത പ്രാണികളെ കണ്ടതായും കൊതുകുകടിയേറ്റതിനെ തുടർന്ന് ഗുരുതരമായ അലർജി ഉണ്ടായതായും അവർ കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിലെ ആദ്യ ആശുപത്രി സന്ദർശനവും പിന്നാലെ വേണ്ടിവന്നെന്നും തുടർന്നുണ്ടായ കാര്യങ്ങൾ മറ്റൊരു വീഡിയോയിൽ പങ്കുവെക്കാമെന്നും അവർ അറിയിച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേർ ഹിരോയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടിയിലെ ഹോസ്റ്റൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. അതേസമയം, പുതിയ കാലാവസ്ഥയുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടിവരുമെന്നും വിദ്യാർഥിനി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ച് നിരവധി സന്ദേശങ്ങളും വീഡിയോയ്ക്ക് താഴെ നിറഞ്ഞു.


