
യുഎസിലെ ടെക്സസില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ടെക്സസിലെ പോര്‍ട്ട് ആര്‍തറില്‍ നിന്നുള്ള വീഡിയോയില്‍ 27 -കാരനായ അച്ഛന്‍, തന്‍റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് കാറിന് മുകളില്‍ വീണ കനത്ത മഞ്ഞ് മഞ്ഞ് തൂത്ത് കളയുന്നത് കാണാം. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെവന്‍ ഈസ് സൈക്കോ എന്ന ടിക്ക് ടോക്ക് അക്കൌണ്ടില്‍ നിന്നാണ് ആദ്യം വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ മറ്റ് സമൂഹ മാധ്യമങ്ങളിലേക്കും വീഡിയോ പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോയില്‍ ഒരു യുവാവ് കാറിന് മുകളില്‍ കനത്ത രീതിയില്‍ അടിഞ്ഞ മഞ്ഞിന് മുകളില്‍ കുഞ്ഞിനെ കിടത്തി ഇരുവശത്തേക്കും വലിക്കുന്നത് കാണാം. ഇയാള്‍ കുട്ടിയെ ഉപയോഗിച്ച് മഞ്ഞ് നീക്കുന്നത് ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. കാറിന്‍റെ മുന്‍വശത്തെ ഗ്ലാസിലെ മഞ്ഞ് മുഴുവനും ഇത്തരത്തില്‍ കുഞ്ഞിനെ ഉപയോഗിച്ച് ഇയാള്‍ നീക്കുന്നതും ഓടുവില്‍ ചിരിച്ച് കൊണ്ട് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.
Watch Video: എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായി; ഹൈദരാബാദിൽ നിന്നുള്ള ഒമാൻ എയർ വിമാനം എട്ട് മണിക്കൂറിന് ശേഷം റദ്ദാക്കി
Watch Video: അക്വേറിയത്തിലെ 'മത്സ്യകന്യക'യുടെ തലയില്‍ കടിച്ച് സ്രാവ്, അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍
വീഡിയോയില്‍ ഉള്ളത് പാവയല്ല, മറിച്ച് മനുഷ്യ കുഞ്ഞ് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. അസ്വസ്ഥകരമായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിച്ചു. യുവാവ് കനത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. യുവാവ് ഒരു അച്ഛനാകാന്‍ പോലും അർഹനല്ലെന്നായിരുന്നു ചിലർ വീഡിയോയ്ക്ക് താഴെ എഴുതിയത്. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വീഡിയോ വൈറലാവുകയും പോർട്ട് ആർതർ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പോലീസ് യുവാവിന്‍റെ അപ്പാര്‍ട്ട്മെന്‍റ് പരിശോധിച്ചെന്നും ഇയാൾക്കെതിരെ കുട്ടികളെ അപായപ്പെടുത്തിയെന്ന കുറ്റം ചുമത്തുന്ന കാര്യം പൊലീസ് ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ നടപടിക്രമങ്ങൾക്കായി കേസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിലേക്ക് റഫർ ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.