
പവര്‍ക്കട്ട് സമയത്ത് മൊബൈല്‍ ഫോണില്‍ രോഗിയെ പരിശോഗിക്കുന്ന ഡോക്ടറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ആശുപത്രി സൂപ്രണ്ടിന് സസ്പെന്‍ഷന്‍. തെലുങ്കാനയിലെ സഹീർബാദ് മേഖലയിലെ ഹോസ്പിറ്റലിലാണ് സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനം ഉയരുന്നു. ഇതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാർജ്ജ് വി സുധീർ കുമാറിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്പെന്‍റ് ചെയ്തു.
വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുണ്ട് കിടന്ന ആശുപത്രി വാര്‍ഡില്‍ രോഗികളുടെ കൂട്ടിരിപ്പുകാരുടെയും നേഴ്സുമാരുടെയും മൊബൈല്‍ ഫോണുകളുടെ വെളിച്ചത്തില്‍ പരിശോധന നടത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കിടപ്പ് രോഗികളുടെ ഇസിജി മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ പരിശോധിക്കുന്ന മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു വശത്ത് പവര്‍കട്ട്, മറുവശത്ത് ആശുപത്രിയിലെ ജനറേറ്റര്‍ പണി മുടക്കി. അവസാനം മൊബൈല്‍ ലൈറ്റില്‍ പരിശോധന പൂര്‍ത്തിയാക്കി. 300 ഓളം രോഗികളുള്ള സഹീർബാദ് സർക്കാർ ആശുപത്രിയിലാണ് സംഭവം. ഗ്രാമീണ മേഖലയിലെ മറ്റ് ആശുപത്രികളുടെ അവസ്ഥ എന്തായിരിക്കും? ഒന്നൊന്നര വര്‍ഷമായി അധികാരത്തിലെത്തിയിട്ട്. സാധാരണക്കാര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള അവസരം നഷ്ടപ്പെടുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ബിആര്‍എസ് ഹരീഷ് എന്ന എക്സ് ഉപയോക്താവ് കുറിച്ചു. ഒപ്പം തെലുങ്കാന മുഖ്യമന്ത്രിക്ക് കുറിപ്പ് ടാഗ് ചെയ്യുകയും ചെയ്തു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തെലുങ്കാന ആരോഗ്യ മന്ത്രി സി ദാമോദർ രാജ നരസിംഹ ഉത്തരവിട്ടു. അന്വേഷണത്തില്‍, വൈദ്യുതി തടസം നേരിട്ടപ്പോൾ ജനറേറ്റർ ഓപ്പറേറ്ററുടെ അലംഭാവമാണ് വൈദ്യുതി ഇല്ലാതിരുന്നതിന് കാരണമെന്ന് കണ്ടെത്തി. ഇതോടെ സംസ്ഥാന സർക്കാറിന് കീഴിലുള്ള എല്ലാ ആശുപത്രിയിലും ജനറേറ്റര്‍ ഉപയോഗത്തിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. വീഡിയോയും കുറിപ്പും ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടി. പിന്നാലെ തെലുങ്കാനയുടെ സാമൂഹിക ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥയെ കുറിച്ച് ഒരു ചര്‍ച്ച തന്നെ എക്സില്‍ രൂപപ്പെട്ടു. 10 - 15 വർഷം മുമ്പായിരുന്നു ഇതിന് മുമ്പ് ഇത്തരത്തില്‍ വൈദ്യുതി പോയിട്ട്. ഇത് ഇപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ വൈദ്യുതി പോകാന്‍ തുടങ്ങുന്നത് ഒരു പതിവായിരിക്കുന്നു. കോണ്‍ഗ്രസ് വന്നാല്‍ കറന്‍റ് വരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായിയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥതയോടെ കുറിച്ചത്. 'ബ്രേക്ക് ഫാസ്റ്റ് ടൈം പവര്‍കട്ട്, ലഞ്ച് ടൈം ബ്ലാക്ക് ഔട്ട്, ഡിന്നര്‍ ടൈം ഡാർക്ക്നസ്' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.