ഒരല്പം പൗരബോധം?; വിയറ്റനാം വിമാനത്താവളത്തിൽ ഗർബ നൃത്തം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നെറ്റിസെൺസ്, വീഡിയോ

Published : May 29, 2026, 08:10 AM IST
Indian tourists dancing Garba at Vietnam airport

Synopsis

വിയറ്റ്നാം വിമാനത്താവളത്തിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ ഗർബ നൃത്തം കളിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിടുന്നു. സുരക്ഷാ പ്രാധാന്യമുള്ള ഒരിടത്ത് ഇത്തരം പ്രവൃത്തികൾ കാണിക്കുന്നത് പൗരബോധത്തിൻ്റെ കുറവാണെന്ന് പലരും അഭിപ്രായപ്പെട്ടു.

 

വിനോദ സഞ്ചാരമെന്നാൽ എത്തിചേരുന്ന ഇടത്ത് എന്ത് തോന്ന്യവാസവും കാണിക്കാൻ പറ്റുന്ന ഒന്നാണെന്നാണ് ചിലരുടെയൊക്കെ ധാരണയെന്ന് തോന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചില വീഡിയോകൾ കണ്ടാൽ. വിയറ്റ്നാം യാത്രയ്ക്കിടെ ഇന്ത്യൻ വിനോദ സഞ്ചാരികൾ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിൽ രൂക്ഷവിമർ‍ശനമാണ് സമൂഹ മധ്യമങ്ങളിൽ നേരിടുന്നത്. വിമാനത്താവളം പോലെ ഏറെ സുരക്ഷ ആവശ്യമുള്ള ഒരിടത്ത്, കൂട്ടം ചേർന്ന് ഗർബ നൃത്തം കളിക്കുന്ന ഒരു കൂട്ടം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വീഡിയോയായിരുന്നു അത്. സമീപ കാലത്തായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളിൽ പൗരബോധത്തിന്‍റെ അഭാവം രൂക്ഷമാണെന്ന പരാതിയാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

വിമാനത്താവളത്തിലെ ഗർബ നൃത്തം

വിയറ്റ്നാമിലെ ടാർമാക്ക് വിമാനത്താവളത്തിലാണ് ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഗർബ നൃത്തം അരങ്ങേറിയത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇതല്ല അതിന് പറ്റിയ സ്ഥലമെന്നും ഒരല്പം പൗരബോധമെങ്കിലും വേണമെന്നുമുള്ള രൂക്ഷ വിമർശനങ്ങൾ ഉയർന്നു. വീഡിയോയിൽ വിയറ്റ്ജെറ്റ് എയർ വിമാനത്തിൽ കയറാനായി ആളുകൾ ക്യൂ നിൽക്കുന്നത് കാണാം. ഇതിനിടെ റൺവേയിൽ വച്ച് ഒരു കൂട്ടം ആളുകൾ തങ്ങളുടെ ബാഗുകൾ നിലത്ത് വച്ച് അതിന് ചുറ്റും ഗർബ നൃത്തം ചവിട്ടുന്നു. സുരക്ഷാ ജീവനക്കാർ നൃത്തം വിലക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സഞ്ചാരികൾ തങ്ങളുടെ നൃത്തം തുടരുന്നതും വീഡിയോയിൽ കാണാം.

 

 

പൗരബോധത്തിന്‍റെ കുറവ്

വീഡിയോ വൈറലായതിന് പിന്നാലെ ചിലർ, വീഡിയോയെ പ്രശംസിച്ച്, സംസ്കാരത്തിന്‍റെ സന്തോഷകരമായ പ്രകടനം എന്ന് ചൂണ്ടിക്കാട്ടി. ഇത് സംസ്കാരമല്ലെന്നും മറ്റൊരു നാട്ടിൽ പോയി അവരുടെ നിയമങ്ങളുടെ മേലുള്ള കുതിര കയറ്റമാണെന്നുമുള്ള വിമർശനമാണ് പിന്നീട് ഉയർന്നത്. സുരക്ഷ ആവശ്യമായ വിമാനത്താവളം പോലൊരിടത്ത് നൃത്തം വയ്ക്കുന്നത് ഏങ്ങനെയാണ് സാംസ്കാരമാവുകയെന്നും ഇത് പൗരബോധമില്ലാത്തതിന്‍റെ കുഴപ്പമാണെന്നും മറ്റും ചില കാഴ്ചക്കാരും വിമ‍ർശിച്ചു. "ഇത് വളരെ അനാവശ്യമാണ്. വിദേശത്ത് താമസിക്കുന്ന പഴയ തലമുറയിലെ ഗുജറാത്തികളിൽ ഇത്തരമൊന്ന് കാണാൻ കഴിയുന്നില്ല." എന്ന് ഒരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു. "ആളുകൾ സന്തുഷ്ടരാണ്, പക്ഷേ സമയവും സ്ഥലവും മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും വേണം," എന്നായിരുന്നു മറ്റൊരാളുടെ നിർദ്ദേശം. അതേസമയം അടുത്ത കാലത്തായി ഇന്ത്യൻ വിനോദ സഞ്ചാരികൾ വിദേശ രാജ്യങ്ങളിൽ പ്രകടിപ്പിക്കുന്ന പൗരബോധത്തിന്‍റെ കുറവ് തിരിച്ചടിക്കുന്നത് പ്രവാസികളായ ഇന്ത്യാക്കാരെയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അടുത്തകാലത്തായി ഇത്തരം പ്രകടനങ്ങൾക്ക് ഇന്ത്യൻ സഞ്ചാരികൾ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം നേരിടുന്നത് വർദ്ധിച്ച് വരികയാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ലോണെടുത്ത് പഠിച്ച് ഡോക്ടറായി ഭർത്താവ്, മുഴുവൻ കടവും അടച്ചുതീർത്ത് നഴ്സ് ഭാര്യ; കയ്യടിച്ച് സോഷ്യൽ മീഡിയ
78 വർഷങ്ങൾക്ക് ശേഷം...; കണ്ണ് നിറയുന്ന കാഴ്ച, ഇന്ത്യ - പാകിസ്ഥാൻ വിഭജനകാലത്ത് പിരിഞ്ഞ രണ്ട് കൂട്ടുകാർ കണ്ടുമുട്ടിയപ്പോൾ