ഫിൻലൻഡിലെ സൂപ്പർമാർക്കറ്റുകൾ സിംഗിൾസ് ആയ ഉപഭോക്താക്കൾക്കായി 'പിങ്ക് ഷോപ്പിംഗ് ബാസ്കറ്റുകൾ' അവതരിപ്പിച്ചിരിക്കുന്നു. ഒരു ബന്ധത്തിന് തയ്യാറാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള നിശബ്ദ സൂചനയായി ഇത് പ്രവർത്തിക്കുന്നു. ഒരു സോഷ്യൽ മീഡിയ വീഡിയോയിലൂടെ ഈ ആശയം ലോകശ്രദ്ധ നേടുകയും യൂറോപ്പിലാകെ തരംഗമാവുകയും ചെയ്തു.

ഡേറ്റിംഗ് ആപ്പുകളിൽ പ്രൊഫൈലുകൾ സ്വൈപ്പ് ചെയ്ത് മടുത്ത് സിംഗിൾസായ ആളുകൾക്കായി ഫിൻലൻഡിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ ഒരു പുത്തൻ മാതൃക അവതരിപ്പിച്ചിരിക്കുന്നു. സൂപ്പർ മാർക്കറ്റുകളിൽ എത്തുന്ന സിംഗിൾസ് ആയ ഉപഭോക്താക്കൾക്ക് തങ്ങളുടെ പങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന 'പിങ്ക് ഷോപ്പിംഗ് ബാസ്കറ്റുകൾ' ആണ് ഇപ്പോൾ യൂറോപ്പിൽ വലിയ ചർച്ചയായിരിക്കുന്നത്.

നിശബ്ദമായ 'ഗ്രീൻ സിഗ്നൽ

ലളിതവും എന്നാൽ കൗതുകം ഉണർത്തുന്നതുമാണ് ഈ ആശയം. സ്റ്റോറിന്‍റെ പ്രവേശന കവാടത്തിൽ സാധാരണ ബാസ്കറ്റുകൾക്കൊപ്പം പ്രത്യേകമായി അടയാളപ്പെടുത്തിയ തിളങ്ങുന്ന പിങ്ക് ബാസ്കറ്റുകളും സൂക്ഷിച്ചിട്ടുണ്ടാകും. പങ്കാളികളെ കണ്ടെത്താൻ ആഗ്രഹിക്കുന്ന സിംഗിൾസ് ആയ ഉപഭോക്താക്കൾക്ക് ഈ പിങ്ക് ബാസ്കറ്റ് തെരഞ്ഞെടുക്കാം. അപരിചിതരായ ആളുകളോട് അനാവശ്യമായ മുഖവുരകളില്ലാതെ സംസാരിക്കാനും, തങ്ങൾ ഒരു ബന്ധത്തിന് തയ്യാറാണ് എന്ന് മറ്റുള്ളവരെ അറിയിക്കാനുമുള്ള ഒരു നിശബ്ദ സൂചനയായാണ് ഈ ബാസ്കറ്റുകൾ പ്രവർത്തിക്കുന്നത്.

View post on Instagram

തരംഗമായി വീഡിയോ

റോയ ഫോക്സ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് ഫിൻലൻഡിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് ഈ സംഭവം ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. കയ്യിൽ പിങ്ക് ബാസ്കറ്റുമായി നിൽക്കുന്ന റോയ, ഫിൻലൻഡിലെ ഈ വേറിട്ട ഡേറ്റിംഗ് രീതിയെക്കുറിച്ച് വീഡിയോയിൽ വിശദീകരിക്കുന്നു. "ഞാൻ ഇപ്പോൾ ഫിൻലൻഡിലെ ഒരു ഗ്രോസറി സ്റ്റോറിലാണ്. ഇതുപോലൊന്ന് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. നിങ്ങൾക്ക് നിങ്ങളുടെ പ്രണയം കണ്ടെത്തണമെന്നുണ്ടെങ്കിൽ ബാറുകളിലോ ക്ലബ്ബുകളിലോ പോകേണ്ടതില്ല, ഈ പിങ്ക് ബാസ്കറ്റുമായി നടന്നാൽ മതിയാകും," എന്ന് റോയ വീഡിയോയിലൂടെ പറയുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് 1.5 കോടിയിലധികം ആളുകൾ കാണുകയും ലക്ഷക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്ത വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും തമാശ രൂപേണയും നിരവധിയാളുകൾ കമന്‍റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഫിൻലൻഡ് മാത്രമല്ല, ജർമ്മനി ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളും സിംഗിൾസ് ആയ ആളുകൾക്കായി സമാനമായ ആശയങ്ങൾ നടപ്പിലാക്കുന്നുണ്ട്.