'ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ വേലക്കാരനല്ല'; കാറിനുള്ളിൽ നിന്നും സിഗരറ്റ് വലിച്ച യാത്രക്കാരനെ ഇറക്കിവിട്ട് ഡ്രൈവർ, വീഡിയോ

Published : Jul 09, 2026, 11:33 AM IST
Passenger smoking a cigarette inside taxi

Synopsis

അനുവാദമില്ലാതെ വാഹനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരനെ ഡ്രൈവർ ഇറക്കിവിട്ടു. താൻ ടാക്സി ഡ്രൈവറാണ്, വേലക്കാരനല്ലെന്ന് പറഞ്ഞ ഡ്രൈവർ യാത്ര റദ്ദാക്കുകയായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഡ്രൈവർക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

 

നുവാദമില്ലാതെ വാഹനത്തിനുള്ളിൽ വച്ച് യാത്രക്കാരൻ സിഗരറ്റ് കത്തിച്ച് വലിച്ചതിന് പിന്നാലെ യാത്രക്കാരനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. പിന്നാലെ ഡ്രൈവർക്ക് നെറ്റിസെൺസിന്‍റെ അഭിനന്ദനം. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ യാത്രക്കാരുടെ മര്യാദകളെയും ഡ്രൈവർമാരുടെ അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകളും സജീവമായി. ലക്ഷയ് മേത്ത എന്ന എക്‌സിൽ ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ക്യാബിനുള്ളിൽ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തുകയും പിന്നാലെ യാത്രക്കാരനെ ഇറക്കിവിടുകയുമായിരുന്നു. സംഭവത്തിന്‍റെ ക്യാമറാ ദൃശ്യങ്ങളായിരുന്നു എക്സിൽ പങ്കുവയ്ക്കപ്പെട്ടത്.

'ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ വേലക്കാരനല്ല'

പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ, സിഗരറ്റ് കത്തിക്കുന്നതിന് മുമ്പ് യാത്രക്കാരൻ അനുമതി തേടിയിരുന്നോ എന്ന് ഡ്രൈവർ ചോദിക്കുന്നത് കേൾക്കാം. ഒപ്പം തന്‍റെ വാഹനത്തിനുള്ളിൽ വച്ച് പുകവലി അനുവദനീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. "സിഗരറ്റ് കത്തിക്കുന്നതിനു മുമ്പ് എന്നോട് ചോദിച്ചോ? എന്‍റെ കാറിൽ പുകവലി അനുവദനീയമല്ല," ഡ്രൈവർ, വാഹനത്തിലെ യാത്രക്കാരനോട് പറയുന്നത് കേൾക്കാം. ഈ സമയം ടാക്സി ബുക്ക് ചെയ്തതിനാൽ അതിനുള്ളിൽ പുകവലിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് യാത്രക്കാരൻ വാദിച്ചു. എന്നാൽ, ക്യാബ് തന്‍റെ സ്വകാര്യ വാഹനമാണെന്നും അതിന്‍റെ നിയമങ്ങൾ മാനിക്കണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. പിന്നാലെ വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്ത അദ്ദേഹം യാത്രക്കാരനോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും, "ഞാൻ യാത്ര റദ്ദാക്കുകയാണ്. എനിക്ക് നിങ്ങളുടെ പണം വേണ്ട. ദയവായി എന്‍റെ കാറിൽ നിന്ന് ഇറങ്ങൂ. ഞാൻ ഒരു ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ വേലക്കാരനല്ല.' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. പിന്നാലെ ഡ്രൈവർ ഡിക്കിയിൽ നിന്നും യാത്രക്കാരന്‍റെ ലഗേജ് പുറത്തെടുത്ത് വയ്ക്കുകയും യാത്രക്കാരനെ ഇറക്കിയ ശേഷം യാത്ര തുടരുകയും ചെയ്യുന്നു. സംഭവത്തിന്‍റെ തീയതിയും സ്ഥലവും വ്യക്തമാക്കിയിട്ടില്ല.

 

 

സമ്മിശ്ര പ്രതികരണവുമായി നെറ്റിസെൺസ്

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതികരണങ്ങൾ ഉയർത്തി, നിരവധി പേർ ഡ്രൈവറുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. യാത്രക്കാർ യാത്രയ്ക്ക് പണം നൽകുമ്പോൾ തന്നെ വാഹനം ഡ്രൈവർക്ക് അവകാശപ്പെട്ടതാണെന്നും പുകവലി നിരോധിക്കാൻ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ടെന്നും പലരും വാദിച്ചു. സിഗരറ്റ് പുക കാറിനുള്ളിൽ തങ്ങിനിൽക്കുന്നുണ്ടെന്നും ഇത് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. ടാക്സി വാഹനമാണെങ്കിലും സിഗരറ്റ് കത്തിക്കുമ്പോൾ അനുവാദം ചോദിക്കേണ്ടത് ഒരു അടിസ്ഥാന മര്യാദയാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം യാത്രക്കാരന് പുറത്തിറങ്ങി പുകവലിക്കാൻ അനുവദിച്ച ശേഷം യാത്ര തുടരാമായിരുന്നുവെന്ന് മറ്റ് ചിലരും കുറിച്ചു. അതേസമയം ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോയാണെന്ന് മറ്റ് ചിലർ എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

ഹെഡ്‍ലൈറ്റ് കേടായി, മൊബൈൽ ടോർച്ചിന്‍റെ വെളിച്ചത്തിൽ കെകെആർടിസി ബസ് ഓടിച്ചത് 90 കിമീ.; ഇതോണോ സുരക്ഷിത യാത്രയെന്ന് നെറ്റിസെൺസ്, വീഡിയോ
എക്സ്പ്രസ് ഹൈവേയിൽ 100 കിമി. വേഗതയിൽ പറക്കുന്ന ബസ്, റീൽസ് ആസ്വദിച്ച് ഡ്രൈവർ; വിശ്വസിച്ച് എങ്ങനെ യാത്ര ചെയ്യുമെന്ന് നെറ്റിസെൺസ്, വീഡിയോ