
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകമെമ്പാടും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളിൽ ആശങ്കാജനകമായ വർദ്ധനവാണുണ്ടായിട്ടുള്ളത്. ചാർജ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഫോൺ അമിതമായി ചൂടാകുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഇത്തരം ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളിലേക്ക് വിരൽ ചൂണ്ടുന്നു. അത്തരത്തിൽ അടുത്തിടെ ചൈനയിൽ നടന്ന ഒരു സംഭവം ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഒരു പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയും കുട്ടി വലിയ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മാർച്ച് 9 ന് നടന്ന ഈ സംഭവം വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സോഫയിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടിയെ ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് ഫോൺ ചാർജ് ചെയ്യുകയായിരുന്നുവെന്നാണ് ചൈനീസ് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വീഡിയോ തുടങ്ങി ഏതാനും സെക്കൻഡുകൾക്കുള്ളിൽ സാഹചര്യം അപകടകരമായി മാറുന്നതും കാണാം. ആ പെൺകുട്ടി ഫോൺ മുഖത്തിനടുത്ത് വെച്ച് ഉപയോഗിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് വലിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ സ്ഫോടനത്തിൽ അവൾ ഞെട്ടുകയും, ബാലൻസ് നഷ്ടപ്പെട്ട് സോഫയിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു.
ഭാഗ്യവശാൽ, അവൾക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ആ കൊച്ചു പെൺകുട്ടി, ഭയന്നുവിറച്ച് കൊണ്ട് ഫോണ്‍ ഉപേക്ഷിച്ച് ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവിടെ നിന്നും ഓടിപ്പോകുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അതേസമയം, മൊബൈൽ ഫോൺ അവിടെ കിടന്ന് കത്തുന്നതും അതിൽ നിന്ന് വീണ്ടും തീ ഉയരുകയും ചെയ്യുന്നത് കാണാം.
ഈ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, മൊബൈൽ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. "ആളുകൾ എല്ലാ രാത്രിയും ഫോൺ ചാർജ് ചെയ്തുകൊണ്ട് അതിന്‍റെ അടുത്താണ് ഉറങ്ങുന്നത്... ഇങ്ങനെയുള്ള സംഭവങ്ങൾ അത് എത്രത്തോളം അപകടകരമാണെന്നുള്ള ഭയപ്പെടുത്തുന്ന ഒരു ഓർമ്മപ്പെടുത്തലാണന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. "ചാർജ് ചെയ്യുമ്പോഴോ അമിതമായി സമ്മർദ്ദം ചെലുത്തുമ്പോഴോ ഫോണുകൾ അമിതമായി ചൂടായാൽ അവ അപകടകരമായി മാറിയേക്കാം. കുഞ്ഞിന് വലിയ പരിക്കൊന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്ന് പ്രത്യാശിക്കുന്നു," എന്ന് മറ്റൊരാൾ കുറിച്ചു. അതേസമയം, വീഡിയോ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു.