'ഇതെഴുതുമ്പോൾ പോലും വിറയ്ക്കുന്നു'; വിമാനത്തിന്‍റെ ജനാലയ്ക്ക് സമീപം 'ഉൽക്കാ സ്ഫോടനം', വീഡിയോ വൈറൽ

Published : Mar 12, 2026, 02:09 PM IST
Meteorite explosion

Synopsis

ബ്രസ്സൽസിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ നിന്നും ഡെനിസ് മാൾട്ടിസോവ് എന്ന യാത്രക്കാരൻ ഉൽക്കാ സ്ഫോടനത്തിന്‍റെ ദൃശ്യം പകർത്തി. യൂറോപ്പിലെ പല രാജ്യങ്ങളിലും ദൃശ്യമായ ഈ പ്രതിഭാസം, അന്തരീക്ഷത്തിൽ കത്തിത്തീർന്ന ഒരു ചെറിയ ഛിന്നഗ്രഹമാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചു.

 

ൽക്കാ പതനത്തിലൂടെ നശിച്ച നാഗരീകതകളെ കുറിച്ച് നിങ്ങളിൽ പലരും കേട്ടു കാണും. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്കയുടെ അവശിഷ്ടങ്ങൾ പല പരാവസ്തു ഗവേഷകരും ഖനനം ചെയ്തെടുത്തിട്ടുമുണ്ട്. എന്നാൽ, ഒരു വിമാനത്തിൽ നിന്നും ഉൽക്ക സ്ഫോടനം കാണുകയെന്ന് പറഞ്ഞാൽ? അതെ ആ നിമിഷങ്ങളെ കുറിച്ച് എഴുതുമ്പോൾ പോലും തനിക്ക് വിറയൽ വരുന്നെന്ന് എഴുതുകയാണ് ഡെനിസ് മാൾട്ടിസോവ് എന്ന സമൂഹ മാധ്യമ ഉപയോക്താവ്. ബ്രസ്സൽസിൽ നിന്നും പറന്നുയർന്ന തന്‍റെ വിമാനത്തിന്‍റെ ജനാലയ്ക്ക് പുറത്താണ് നാടകീയമായ ഉൽക്കാ സ്ഫോടനം നടന്നതെന്ന് എഴുതിയ അദ്ദേഹം അതിന്‍റെ വീഡിയോയും പങ്കുവച്ചു.

വിമാനത്തിന് സമീപത്തെ പൊട്ടിത്തെറി

മാർച്ച് 8 ന് പറന്നുയരുന്നതിനിടെ ഒരു പ്രകാശമുള്ള വസ്തു പെട്ടെന്ന് ആകാശത്ത് മിന്നിമറയുകയും പിന്നീട് തീവ്രമായ ഒരു പ്രകാശത്തോടെ വിമാനത്തിന് സമീപത്ത് പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ അപൂർവ സംഭവം അരങ്ങേറുമ്പോൾ ജനാലയിലൂടെ ഒരു ടൈം - ലാപ്‌സ് വീഡിയോ പകർത്തുകയായിരുന്നു താനെന്ന് ഡെനിസ് മാൾട്ടിസോവ് പറയുന്നു. ''ഇത് എഴുതുമ്പോൾ എനിക്ക് ഇപ്പോഴും അൽപ്പം വിറയലുണ്ട്. ബ്രസ്സൽസിൽ നിന്ന് SN2589 വിമാനത്തിൽ പറന്നുയരുമ്പോൾ, ഞങ്ങളുടെ വിമാനത്തിന് വളരെ അകലെയല്ലാതെ ആകാശത്ത് വളരെ തിളക്കമുള്ള ഒരു വസ്തു പെട്ടെന്ന് ഞാൻ ശ്രദ്ധിച്ചു,” ഡെനിസ് എഴുതി. “18:53 ന്, അത് മിന്നിമറഞ്ഞു, പിന്നീട് ഒരു തീവ്രമായ പ്രകാശസ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതായി തോന്നി. ഞാൻ പലപ്പോഴും പറക്കാറുണ്ട്, പക്ഷേ എന്‍റെ ജീവിതത്തിൽ ഇതാദ്യമായാണ് ഒരു വിമാനത്തിൽ വെച്ച് എനിക്ക് ശരിക്കും ഭയം തോന്നുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരീക്ഷത്തിൽ അവശിഷ്ടങ്ങൾ കത്തുന്നതായിരിക്കാം ആ തിളക്കമുള്ള മിന്നൽ എന്ന് ക്യാപ്റ്റൻ പിന്നീട് പറഞ്ഞതായി മാൾട്ടിസോവ് പറഞ്ഞു.

 

 

ഉൽക്കാശിലയെന്ന് ബഹിരാകാശ ഏജൻസി

ബെൽജിയം, ജർമ്മനി, നെതർലാൻഡ്‌സ്, ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിലെല്ലാം നിരവധി പേർ ഈ കാഴ്ചയ്ക്ക് സാക്ഷികളായതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് ഈ ഉൽക്കാശില ആദ്യമായി നിരീക്ഷിക്കപ്പെട്ടതെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് ഏകദേശം 50 കിലോമീറ്റർ ഉയരത്തിൽ വച്ച് കത്തിത്തീർന്ന ഏതാനും മീറ്റർ വീതിയുള്ള ഒരു ചെറിയ ഛിന്നഗ്രഹമായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചു. ബഹിരാകാശത്തിലൂടെ കോടിക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് എന്‍റെ കൺമുന്നിൽ വച്ച് തന്നെ കത്തി നശിച്ച ഒരു പാറയെന്നായിരുന്നു ഡെന്നിസ് അതിനെ വിശേഷിപ്പിച്ചത്.

 ജർമ്മൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിന് മുകളിലൂടെ ആകാശത്തിലൂടെ കടന്നുപോയ ഈ ഉൽക്ക ആദ്യമായി കണ്ടെത്തിയത് ഞായറാഴ്ടയാണ്. തുടർന്ന്, ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന തിളക്കമുള്ള ഒരു ഒന്ന് പെട്ടെന്ന് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന് മുമ്പ് ഏതാനും മീറ്റർ വ്യാസമുള്ള ഒരു ഉൽക്കാശിലയായിരിക്കാമത് എന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്ലാനറ്ററി ഡിഫൻസ് സംഘം കണക്കുകൂട്ടുന്നു. ഉൽക്കാശിലയുടെ കഷണങ്ങൾ കോബ്ലെൻസ് പ്രദേശത്തെ കെട്ടിടങ്ങളിൽ പതിച്ചെന്ന് ലൈവ് സയൻസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

'കാശ് താടാ...'; കാർ റേസ് പന്തയത്തിൽ തോറ്റു, പണം കൊടുക്കാൻ തയ്യാറാകാത്ത ഇന്ത്യക്കാരന് പൊതിരെതല്ല്, വീഡിയോ
ബ്രാന്‍റ് ഷൂട്ടിംഗിനിടെ ശരീരത്തിൽ സ്പർശിച്ചു, തുറിച്ച് നോക്കി; മോണിക്ക, മധ്യവയസ്കനെ തല്ലുന്ന വീഡിയോ വൈറൽ, പിന്നാലെ വിമ‍ർശനം