
ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന വിചിത്രമായ ഒരു വിവാഹ രീതിയാണ് 'പകടുവ ഷാദി'. അവിവാഹിതരായ യുവാക്കളെ തട്ടിക്കൊണ്ട് പോയി. മയക്കുമരുന്ന് നൽകിയോ ഭീഷണിപ്പെടുത്തിയോ വിവാഹം കഴിപ്പിക്കുന്ന രീതിയാണ് ഇത്. ഇന്നും ബീഹാർ പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏറ്റവും ഒടുവിലായി, ബീഹാറിലെ സമസ്തിപൂരിൽ പോലീസ് ഉദ്യോഗാർത്ഥിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി നിർബന്ധിച്ച് 'പകടുവ ഷാദി' (നിർബന്ധിത വിവാഹം) ചെയ്യിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വീഡിയോയിൽ അമിത മയക്കുമരുന്ന് ഉപയോഗം കാരണം പരസഹായമില്ലാതെ ചടങ്ങുകൾ നടത്താൻ കഴിയാത്ത നിലയിൽ വരൻ വിവാഹ വേദിയിൽ ഇരിക്കുന്നത് കാണാം. ഇതാണ് വിവാഹം 'പകടുവ ഷാദി' ആണെന്ന സംശയം ബലപ്പെടുത്തിയത്. നിയമവിരുദ്ധമായ 'പകദുവ ഷാദി'യുമായി ബന്ധപ്പെട്ട ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ കർശന നടപടിയെടുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
വൈറലായ വീഡിയോയിൽ വരൻ വിവാഹ മണ്ഡപത്തിന്‍റെ മധ്യഭാഗത്ത് വധുവിന് സമീപത്തായി അസ്വസ്ഥയോടെ ഇരിക്കുന്നത് കാണാം. ചടങ്ങിനിടെ അമിത ലഹരി കാരണം വരന്‍റെ കണ്ണുകൾ പകുതി അടഞ്ഞിരിക്കുന്നു. വരന്‍റെ തല താഴുന്നതും, ശരീരം മുന്നോട്ടും പിന്നോട്ടും മറിയുന്നതും വീഡിയോയിൽ കാണാം. ശരിയാം വണ്ണം കൈകൾ ഉയർത്താൻ പോലും വരന്‍ പാടുപെടുന്നു. വരന്‍റെ പ്രവർത്തി കൂടി നിന്നവരിൽ ചിരിയുളവാക്കുന്നു. ഈ സമയമത്രയും വധു തലയുർത്താതെ കുനിഞ്ഞിരിക്കുന്നും വീഡിയോയിൽ കാണാം.
ബീഹാറിന്‍റെ ചില ഭാഗങ്ങളിൽ ഇന്നും നിലവിലുള്ള ഒരു നിയമവിരുദ്ധ ആചാരമാണ് 'പകദുവ ഷാദി'. സ്ത്രീധനത്തിന്‍റെ പ്രശ്നം ഒഴിവാക്കാൻ വരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കാൻ നിർബന്ധിക്കുന്നു. ഇത്തരം വിവാഹങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഇപ്പോഴും ഇത്തരം വിവാഹങ്ങൾ നടക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത്തരം നിർബന്ധിത വിവാഹങ്ങൾ ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. പകഡുവ ഷാദി സാംസ്കാരികമായ ഒന്നല്ലെന്നും ഒരു കുറ്റകൃത്യമാണെന്നും വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരൻ കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.