
സർക്കാർ ഉദ്യോഗസ്ഥരെ പൊതുസേവകരായാണ് കണക്കാക്കുന്നത്. എന്നാൽ, സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ പൊതുജനത്തിന് ഒരു വിലയും കൽപ്പിക്കാത്തവാരാണ് ചില സർക്കാർ ഉദ്യോഗസ്ഥർ. അത്തരമൊരു ഉദ്യോഗസ്ഥൻറെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രൂക്ഷ വിമർശനം. ആളുകൾ ക്യൂവിൽ നിൽക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ വീഡിയോ കോളിൽ മുഴുകിയിരിക്കുന്ന ഉദ്യോഗസ്ഥൻറെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
സർക്കാർ ഓഫീസ് എന്ന് തോന്നിക്കുന്ന ഒരു മുറിയിലെ കസേരയിൽ ഇരിക്കുന്ന ഒരാളുടെ വീഡിയോ ദൃശ്യമാണ് ക്ലിപ്പിലുള്ളത്. ഇയാൾ തന്‍റെ ഫോൺ കൈയിൽ പിടിച്ച് പുഞ്ചിരിച്ച് കൊണ്ട് അലസമായിരുന്ന് വീഡിയോ കോളിൽ സംസാരിക്കുന്നു. ഈ സമയം തനിക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്ന് തോന്നും. യാതൊരു തിരക്കോ ആശങ്കയോ അയാളെ അലട്ടിയിരുന്നില്ല. അതോസമയം വീഡിയോയിൽ അയാളുടെ മുന്നിലെ ജനാലയിലൂടെ തങ്ങളുടെ അപേക്ഷകളുമായി അക്ഷമരായി ക്യൂ നിൽക്കുന്ന സാധാരണക്കാരെയും കാണാം.
ഉദ്യോഗസ്ഥന്‍റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജോലി സമയങ്ങളിലെ അയാളുടെ പെരുമാറ്റം പല കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീഡിയോ തുടക്കമിട്ടു. സംഭവം അടിസ്ഥാന അച്ചടക്കത്തിന്‍റ കുറവും പൊതുജനങ്ങളോടുള്ള ബഹുമാനത്തിന്‍റെ അഭാവവുമാണെന്ന് നെറ്റിസെന്‍സ് വിലയിരുത്തി. ഇതാണ് ആളുകൾക്ക് സർക്കാർ ജോലിയോട് ഇത്രയേറെ ആഭിമുഖ്യമെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം വീഡിയോ എപ്പോൾ എവിടെ നിന്നും ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായെങ്കിലും ചിലർ വീഡിയോ 2018 -ലെ വീഡിയോ ആണെന്ന് വ്യക്തമാക്കി. ARTO നോയിഡയുമായി ബന്ധപ്പെട്ട വീഡിയോ ആണെന്നും കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഇതേ വീഡിയോ 2018 സെപ്റ്റംബറിൽ ഫസ്റ്റ് റിവ്യൂസ് ന്യൂസ് ചാനൽ ഈ വീഡിയോ പങ്കുവച്ചിരുന്നെന്നും ചിലർ ചൂണ്ടിക്കാട്ടി. പഴയ വീഡിയോ ആയിരുന്നിട്ടും വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോൾ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ട്. വീഡിയോ പഴയതാണെങ്കിലും സർക്കാർ ഓഫീസുകളിലെ രീതികൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം എക്സിന്‍റെ ഫാക്ട് ചെക്കായ ഗ്രോക്ക് വീഡിയോ പഴയതല്ലെന്ന് സമർത്ഥിച്ചു. റിവേഴ്‌സ് സെർച്ചുകളിലും ആർക്കൈവുകളിലും 2018 -ൽ അത്തരമൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വീഡിയോ അടുത്തിടെയാണ് വൈറലായതെന്നുമായിരുന്നു ഗ്രോക്കിന്‍റെ മറുപടി.