സാരി ധരിച്ച് പൊതുപാർക്കിൽ അതിവേഗം വ്യായാമം ചെയ്യുന്ന പ്രായമായ സ്ത്രീയുടെ വീഡിയോ വൈറലായതിനെ തുടർന്ന് ഓപ്പൺ ജിം ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നു. ഈ പ്രായത്തിലും അവർ കാണിക്കുന്ന ഊർജ്ജസ്വലതയെ പലരും അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗരത്തിലെ ഒരു പൊതുപാർക്കിൽ പ്രായമായ ഒരു സ്ത്രീ അതീവ ഊർജ്ജസ്വലതയോടെ വ്യായാമം ചെയ്യുന്ന 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാകുന്നു. സാരി ധരിച്ച മുത്തശ്ശി പാർക്കിലെ 'എയർ സ്വിംഗ്' വ്യായാമ ഉപകരണത്തിൽ അതിവേഗത്തിൽ വർക്കൗട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളടക്കമുള്ള നിരവധി പേർ അത്ഭുതത്തോടെ ഇവരുടെ വർക്കൗട്ട് നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം.

ശരവേഗത്തിലൊരു വർക്കൗട്ട്, അതും സാരിയിൽ!

ബംഗളൂരു സ്വദേശിയായ സന്ദീപ് പാർശ്വനാഥ് ആണ് ഈ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. വീഡിയോയുടെ വേഗത എഡിറ്റിംഗിലൂടെയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചോ അൽപ്പം കൂട്ടിയതാണോ എന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വീഡിയോ പങ്കുവെച്ചുകൊണ്ട് സന്ദീപ് പാർശ്വനാഥ് ഉയർത്തിയ ചോദ്യം പൊതുപാർക്കുകളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. യാതൊരുവിധ മേൽനോട്ടവുമില്ലാതെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകടകരമല്ലേ എന്നും, എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. പൊതുപാർക്കുകളിൽ ഇത്തരം ഓപ്പൺ ജിം ഉപകരണങ്ങൾക്ക് സമീപം അവ കൃത്യമായി ഉപയോഗിക്കേണ്ട രീതിയും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Scroll to load tweet…

ഭിന്നാഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയ

വീഡിയോ വൈറലായതോടെ നെറ്റിസൺസ് രണ്ട് ചേരിയായി തിരിഞ്ഞാണ് പ്രതികരിക്കുന്നത്. പ്രായമായവർക്കും കുട്ടികൾക്കും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ഓരോ മെഷീനൊപ്പവും കൃത്യമായ നിർദ്ദേശ ബോർഡുകൾ സ്ഥാപിക്കുകയും ഉപകരണങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എല്ലാ പാർക്കുകളിലും ഇൻസ്ട്രക്ടർമാരെ നിയമിക്കാൻ സർക്കാരിന് കഴിയില്ലെന്നും, കേവലം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനേക്കാൾ ആളുകളുടെ വ്യക്തിപരമായ ജാഗ്രതയും പൊതുവിവേകവുമാണ് ഇത്തരം ഇടങ്ങളിൽ ആവശ്യമെന്നും മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഈ പ്രായത്തിലും ആരോഗ്യം സംരക്ഷിക്കാൻ അവർ കാണിക്കുന്ന ആവേശത്തെയും ഊർജ്ജത്തെയും അഭിനന്ദിക്കുന്നവരും കുറവല്ല. "അവർ അവരുടെ ജീവിതം സ്വന്തം രീതിയിൽ ആസ്വദിക്കുകയാണ്" എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.