
വോട്ടർ പട്ടികയിൽ ഇടം നേടണമെങ്കിലും സ്വന്തമായി വാഹന ലൈസൻസ് നേടണമെങ്കിലും ഇന്ത്യയിൽ പ്രായം 18 കഴിയണം. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉടമയ്ക്കോ രക്ഷിതാവിനോ തടവും പിഴയുമോ രണ്ടും കൂടിയോ ലഭിക്കും. നിയമങ്ങൾ കർശനമായി പാലിക്കപ്പെടുമ്പോൾ മാത്രമാണ് നിയമ ലംഘനങ്ങൾ കുറയുകയൊള്ളൂ. അതിൽ അലംഭാവം കാണിക്കുമ്പോൾ നിയമ ലംഘനങ്ങളും ഏറുന്നു. അത്തരമൊരു നിയമ ലംഘനത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പത്ത് വയസുള്ള ഒരു കുട്ടി രാത്രിയിൽ നാനോ കാറുമായി ബേക്കറിയിലെത്തി സാധനങ്ങളും വാങ്ങിപ്പോയി.
പത്ത് വയസ്സുള്ള ഒരു കുട്ടി റോഡിലൂടെ സൈക്കിൾ ഓടിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകാം. പ്രത്യേകിച്ചും തിരക്കേറിയ റോഡിലൂടെയുള്ള സൈക്കിൾ യാത്രയ്ക്ക്. എന്നാൽ സ്റ്റിയറിങ്ങിൽ എത്തിപ്പിടിക്കാൻ പോലും ആകാത്ത പ്രായത്തിൽ ഒരു കാറുമായി നഗരത്തിലേക്കിറങ്ങുകയെന്നാൽ. എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലാത്തൊരു വീഡിയോയായിരുന്നു അത്. നിരവധി ഇന്‍സ്റ്റാഗ്രാം ഹാന്‍റിലുകളിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടു.
ഒരു ബേക്കറിയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു കുട്ടി. ബോക്കറിയിൽ ഈ സമയം ഉണ്ടായിരുന്ന ആരോ കുട്ടിയോട് സംസാരിക്കുന്നു. ഇരുവരുടെയും സംഭാഷണം കേട്ടവരെല്ലാം അത്ഭുതപ്പെട്ടു. തന്‍റെ പേര് സയ്യദ് അർഫാദ് ആണെന്നും താന്‍ കാറോഡിച്ചാണ് എത്തിതെന്നും കുട്ടി കടയിലുള്ളവരോട് വ്യക്തമാക്കി. ഒപ്പം പത്ത് വയസാണ് പ്രായമെന്നും ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും അവൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. പിന്നാലെ കുട്ടി ബേക്കറിയിൽ നിന്നും ഇറങ്ങി റോഡിന്‍റെ മറുവശത്ത് ഇട്ടിരിക്കുന്ന നാനോ കാറിൽ കയറി ഓടിച്ച് പോയി.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ പലരും ആശങ്ക രേഖപ്പെടുത്തി. രാത്രിയിൽ അച്ഛനമ്മമാരറിയാതെ കുട്ടി വാഹനവുമായി എത്തിയതാകാമെന്ന് ചിലർ കുറിച്ചു. അതേസമയം ലൈസൻസില്ലാതെ ഇത്രയും ചെറുപ്പത്തിൽ കാർ ഓടിക്കാൻ അനുവദിച്ചതിന് കുട്ടിയുടെ അച്ഛനമ്മമാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. നിയമങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിൽ, ആരും തങ്ങളുടെ കുട്ടിക്ക് വാഹനങ്ങൾ നൽകാൻ ധൈര്യപ്പെടുമായിരുന്നില്ലെന്ന് നിരവധി പേരാണ് എഴുതിയത്.