
കാശുണ്ടാകുമ്പോൾ അത് നാലാളെ അറിയിക്കാൻ പലരും പല പരിപാടികളും ചെയ്യും. ചിലർ ജന്മദിനാഘോഷത്തിന് നാട്ടിലെ പ്രമുഖരെ ക്ഷണിക്കും. മറ്റ് ചിലർ വമ്പൻ പരിപാടികൾ സ്പോണ്‍സർ ചെയ്യും. എന്നാൽ അത്തരക്കാരെല്ലാം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ ഇത്തരം ആഘോഷ നിമിഷങ്ങളിൽ മറക്കും. വീടില്ലാത്തവർ. യാചകർ... തുടങ്ങി സമൂഹത്തിന്‍റെ പിന്നാമ്പുറത്ത് ജീവിക്കുന്നവരെ ആഘോഷങ്ങൾക്ക് ക്ഷണിക്കാൻ പോയിട്ട് എങ്ങനെയെങ്കിലും എത്തിയാൽ തന്നെ അവരെ ഒഴിവാക്കാനാകും എല്ലാവരും ശ്രമിക്കുക. എന്നാല്‍ യുപിയിൽ നിന്നും ഒരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം സഹോദരിയുടെ വിവാഹത്തിന് സഹോദരൻ ക്ഷണിച്ച് വരുത്തിയത് നാട്ടിലെ യാചകരെ. എല്ലാവരെയും ക്ഷണിക്കുക മാത്രമല്ല, അവർക്ക് വയറുനിറച്ചും ഭക്ഷണവും സമ്മാനങ്ങളും അദ്ദേഹം നൽകി.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള സിദ്ധാർത്ഥ് റായ് തന്‍റെ സഹോദരിയുടെ വിവാഹം ശരിക്കും അവിസ്മരണീയമാക്കാൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തു. അദ്ദേഹം അതിഥികളുടെ പട്ടിക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയില്ല. മറിച്ച് ജില്ലയിലുടനീളമുള്ള യാചകരെയും ഭവനരഹിതരെയും പ്രത്യേക അതിഥികളായി ക്ഷണിച്ചു.
തീർന്നില്ല, അങ്ങനെ ക്ഷണിച്ച അതിഥികളെ അദ്ദേഹം വാഹനങ്ങളിൽ വിവാഹ വേദിയിലേക്ക് ആനയിച്ചു. ഊഷ്മളമായ സ്വീകരണം നൽകി. കുടുംബാംഗങ്ങൾക്കൊപ്പം ഇരുത്തി ഭക്ഷണം വിളമ്പി. സംഗീതവും നൃത്തവുമായി രംഗം കൊഴുപ്പിച്ചു. അവരെയെല്ലാം തങ്ങളിലൊരാൾ എന്ന നിലയിൽ അദ്ദേഹം പരിഗണിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത്രയും ബഹുമാനവും സ്വീകാര്യതയും അനുഭവിക്കുന്നത് ഇതാദ്യമാണെന്ന് അതിഥികളിൽ പലരും നിറകണ്ണുകളോടെ പറഞ്ഞു. "യഥാർത്ഥ അനുഗ്രഹങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുന്നത്" വീഡിയോ പങ്കുവച്ച് കൊണ്ട് സിദ്ധാർത്ഥ് റായ് കുറിച്ചു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ അഭിനന്ദനം അറിയിച്ചു. വളരെ മനോഹരം. നിങ്ങൾ ശരിക്കും പ്രശംസിക്കപ്പെടാൻ അർഹനാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. യഥാർത്ഥ ഉദ്ദേശ്യത്തോടെ ചെയ്താൽ, വലിയ കൈയ്യടിയെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.