
ഒരു ബോളിവുഡ് കോമഡി സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിചിത്രമായ ഒരു കവർച്ചാശ്രമത്തിനാണ് സ്പെയിനിലെ മലാഗ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കയ്യിൽ മാരകായുധങ്ങളുമായി എത്തിയ കൊള്ളക്കാരനെ കണ്ട്, തങ്ങളെ കളിയാക്കാൻ വന്ന സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച ബാർ ജീവനക്കാർ ചിരിയോടെ അയാളെ നേരിട്ടതോടെ കൊള്ളക്കാരൻ വെറുംകയ്യോടെ മടങ്ങി. മലാഗയിലെ 'ലാ ബരാക്ക ഡി ലാ അബുവേല' എന്ന പ്രാദേശിക ബാറിലേക്കാണ് വലിയൊരു വെട്ടുകത്തിയുമായി ഒരാൾ അതിക്രമിച്ചു കയറിയത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട അയാൾക്ക് പക്ഷേ ലഭിച്ചത് അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു.
അയാൾ ഗൗരവത്തിൽ ഭീഷണി മുഴക്കുമ്പോഴൊക്കെ ജീവനക്കാർ പൊട്ടിച്ചിരിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ആയുധം തട്ടിപ്പറിച്ചെടുത്ത ഒരു ജീവനക്കാരൻ, അത് കാണാൻ ഒരു കളിപ്പാട്ടം പോലെയുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. തമാശ കളിക്കാൻ വന്ന ഒരു സുഹൃത്താണ് ഇതെന്ന് ഉറച്ചു വിശ്വസിച്ച ജീവനക്കാർ, 'ഞങ്ങൾ പോലീസിനെ വിളിക്കട്ടെ?' എന്ന് കളിയായി ചോദിച്ചതോടെ കൊള്ളക്കാരൻ ആശയക്കുഴപ്പത്തിലായി. തന്നെ ആരും ഗൗരവമായി എടുക്കുന്നില്ലെന്ന് കണ്ടതോടെ അയാൾ ഒരു തോക്ക് പുറത്തെടുത്ത് കൗണ്ടറിൽ അടിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവനക്കാരിലൊരാളുടെ കഴുത്തിൽ കത്തി വെച്ചപ്പോൾ പോലും, 'ഈ കത്തിക്ക് ഒട്ടും മൂർച്ചയില്ലല്ലോ' എന്നായിരുന്നു അവരുടെ മറുപടി. ഒടുവിൽ ആരും തന്നെ പേടിക്കുന്നില്ലെന്നും പണം തരുന്നില്ലെന്നും ഉറപ്പായതോടെ, തീർത്തും നിരാശനായി അയാൾക്ക് അവിടെ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു.
നഗരത്തിലെ മറ്റ് പലയിടങ്ങളിലും ഇതേ വ്യക്തി സമാനമായ രീതിയിൽ ആക്രമണം നടത്തിയെന്ന് പിന്നീടാണ് ജീവനക്കാർ അറിയുന്നത്. അപ്പോഴാണ് തങ്ങൾ നേരിട്ടത് ഒരു യഥാർത്ഥ ക്രിമിനലിനെയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞത്. സംഭവസമയം ബാറിലുണ്ടായിരുന്ന ജീവനക്കാരും അവിടെ വന്നവരും ഇത് വെറുമൊരു പ്രാങ്ക് ആണെന്ന് കരുതിയാണ് ചിരിച്ചതെന്ന് ബാർ അധികൃതർ പിന്നീട് വ്യക്തമാക്കി. നഗരത്തിലെ മറ്റൊരു സ്ഥലത്തുണ്ടായ സംഘർഷത്തെത്തുടർന്ന് ഈ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.