
ബോളിവുഡ് നടൻ സഞ്ജയ് ദത്തും സംരംഭകനായ അഭിമന്യു ജാക്കറും ചേർന്ന് മുംബൈയിൽ നടത്തുന്ന റെസ്റ്റോറൻറ് ബാർ ആൾട്ട സ്റ്റെല്ലയിൽ ജീവനുള്ള ബെറ്റ മത്സ്യം ചേർത്ത വിവാദ കോക്ടെയ്ൽ, സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ഒരു ഇൻഫ്ലുവൻസർ പങ്കുവച്ച വീഡിയോ വിവാദമായതിനെ തുടർന്നാണ് നടപടി. മൃഗ സംരക്ഷണ പ്രവർത്തകർ ഉയർത്തിയ ആശങ്കകളാണ് വീഡിയോ വൈറലാക്കിയത്. വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
ഈ മാസം ആദ്യമാണ് സൗരയൂഥം പ്രമേയമുള്ള ആഡംബര റെസ്ട്രോ-ബാറായ ആൾട്ട സ്റ്റെല്ല ഉത്ഘാടനം ചെയ്തത്. ഉയർന്ന നിലവാരമുള്ള അന്തരീക്ഷവും കാഴ്ചയിൽ ശ്രദ്ധേയമായ കോക്ക്ടെയിൽ അവതരണങ്ങളും കൊണ്ട് വളരെ പെട്ടെന്ന് തന്നെ ബാർ ശ്രദ്ധ ആകർഷിച്ചു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഗ്ലാസിനുള്ളിൽ നീന്തുന്ന ജീവനുള്ള മത്സ്യത്തോടൊപ്പം വിളമ്പുന്ന ഒരു കോക്ടെയിലിന്‍റെ ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങി. ഈ സ്പെഷ്യൽ കോക്ടെയിൽ വിവാദങ്ങൾക്ക് തിരികൊളുത്തി. കോക്ടെയിലിൽ ഒഴിച്ച് വച്ചിരിക്കുന്ന ഗ്ലാസിൽ ജീവനുള്ള മത്സ്യം നീന്തുന്നത് കാണാം. മത്സ്യം ഗ്ലാസിനുള്ളിൽ കിടക്കുമ്പോൾ തന്നെ മദ്യത്തിന് തീ വയ്ക്കുകയും അത് കത്തുകയും ചെയ്യുന്നു. ഇത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഈ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ നിന്നും മാറ്റിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദൃശ്യങ്ങൾ ഓൺലൈനിൽ രൂക്ഷമായ പ്രതികരണമാണ് ഉയർത്തിയത്. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളും മൃഗക്ഷേമ വക്താക്കളും ഹോസ്പിറ്റാലിറ്റി ഇടങ്ങളിലെ ക്രൂരതയെയും ധാർമ്മിക ഉത്തരവാദിത്തത്തെയും കുറിച്ച് ആശങ്കകൾ പങ്കുവച്ചു. ശുദ്ധജലത്തിൽ നിന്നും മാറ്റുന്ന മത്സ്യങ്ങൾക്ക് കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുമെന്നും അവ പതുക്കെ ചത്തുപോകുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. ഭൂമിയിൽ ജീവിക്കുക എന്നതിന്‍റെ യഥാർത്ഥ അർത്ഥം മനുഷ്യൻ മറന്നുപോയെന്നും ഭൂമിയെ മാതാവാക്കുന്ന എല്ലാ ജീവികളെയും ബഹുമാനിക്കുന്നുവെന്നും ഒരു കാഴ്ചക്കാരൻ കുറിച്ചു. ഇത്തരമൊരു റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനേക്കാൾ മരിക്കുന്നതാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. സംഭവം വിവാദമായതോടെ വിവാദ കോക്ടെയിൽ മെനുവിൽ നിന്നും ഒഴിവാക്കിയതായി റെസ്റ്റോറൻറ് അറിയിച്ചു.