
ഓരോ തവണ ഇന്ത്യ സന്ദർശിച്ചു മടങ്ങുമ്പോഴും ഇവിടെയുള്ള സുഹൃത്തുക്കളോട് വിട പറയുകയെന്നത് തനിക്ക് ചിന്തിക്കാൻ പോലുമാകാത്തത്ര വേദനയാണെന്ന് പ്രമുഖ യുകെ ട്രാവൽ വ്ലോഗർ ഡേവ് ഫ്ലൂ. അടുത്തിടെ മുംബൈയിൽ നിന്നും യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിലാണ് ഇന്ത്യയോടുള്ള തന്‍റെ അഗാധമായ സ്നേഹം പങ്കുവെച്ച് ഡേവ് ഫ്ലൂ വികാരാധീനനായത്. മുംബൈയിലെ സാക്കി നാക്കയിലെ തെരുവുകളിലൂടെ നടക്കുന്നതിനിടയിലാണ് ഡേവ് തന്‍റെ ദുഖം ക്യാമറയ്ക്ക് മുന്നിൽ പങ്കുവെച്ചത് വിതുമ്പിയത്.
വർഷങ്ങളായി താൻ അത്രമേൽ സ്നേഹിച്ച, ഹൃദയത്തോട് ചേർത്തുവെച്ച ഒരു രാജ്യത്ത് നിന്നും പടിയിറങ്ങുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. "ഓരോ തവണയും എന്‍റെ നെഞ്ച് തകരുന്നു." ലോകത്ത് മറ്റൊരു രാജ്യത്തോടും തോന്നാത്ത അത്രയും വലിയ സ്നേഹവുമാണ് തനിക്ക് ഇന്ത്യയോടുള്ളതെന്ന് ഡേവ് പറയുന്നു. അതുകൊണ്ട് തന്നെ ഓരോ തവണ ഇവിടെ നിന്നും മടങ്ങുമ്പോഴും മാനസികമായി താൻ ഏറെ തളർന്നുപോകാറുണ്ട്. "ജീവിതം അതിന്‍റെ വഴിക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് എനിക്കറിയാം. എങ്കിലും ഇവിടുന്ന് പോവുകയെന്നത് ഓരോ തവണയും എന്‍റെ നെഞ്ച് തകർക്കുന്ന കാര്യമാണ്," ഡേവ് ഫ്ലൂ വീഡിയോയിൽ പറഞ്ഞു.
താൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം "ജയ് ഹിന്ദ്" എന്ന് വിളിച്ച് കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്. സമാനമായൊരു കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. യാത്ര പറഞ്ഞു മടങ്ങുകയാണെങ്കിലും തന്‍റെ യാത്രാ വീഡിയോകൾ തുടർന്നും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അദ്ദേഹം ഫോളോവേഴ്സിന് ഉറപ്പ് നൽകി. ഡേവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വികാരങ്ങളെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് നിരവധി ഇന്ത്യൻ ആരാധകരാണ് സ്നേഹം നിറഞ്ഞ കമന്‍റുകളുമായി എത്തിയത്. "നിങ്ങൾ മടങ്ങിവരുമ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും," എന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചപ്പോൾ, ഇത് ഒരു ശാശ്വതമായ വിടപറച്ചിലല്ലെന്നും, താൽക്കാലികമായ ഒരു യാത്രയയപ്പ് മാത്രമാണെന്നും ഡേവ് ഭാവിയിൽ തീർച്ചയായും ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നുമാണ് ഭൂരിഭാഗം പേരും കമന്‍റുകളിലൂടെ പ്രത്യാശ പ്രകടിപ്പിച്ചത്.