
പൗരബോധത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പോര്. പലർക്കുമില്ലാത്ത പൗരബോധം തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നവരും കുറവല്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു റോസ്റ്റിംഗ് വീഡിയോ മനുഷ്യരുടെ പൗരബോധ സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഒരു യുവതി റോഡ് സൈഡിൽ വച്ചിരുന്ന വേസ്റ്റ് ബിന്നിലേക്ക് മാലിന്യം എറിയുന്നതിന് പകരം വേസ്റ്റ് ബിൻ മാറ്റിവച്ച് അവിടേയ്ക്ക് മാലിന്യം വലിച്ചെറിയുകയായിരുന്നു. ഇത് എന്ത് തരം പൗരബോധമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
രണ്ട് വലിയ വേസ്റ്റ് ബിന്നിന് അരികില്‍ മാലിന്യം കളയാനായി വണ്ടി നിർത്തുന്നു. അവര്‍ തന്‍റെ കൈയിലെ മാലിന്യമടങ്ങിയ കറുത്ത സഞ്ചി വേസ്റ്റ്ബിന്നിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നു. പിന്നാലെ ആ പദ്ധതി ഉപേക്ഷിച്ച് വാഹനത്തില്‍ നിന്നും ഇറങ്ങുന്നു. വലിച്ചെറിയാതെ വേസ്റ്റ് ബിന്നില്‍ കൊണ്ടിടാനാണെന്ന് കാഴ്ചക്കാര്‍ കരുതുമ്പോൾ യുവതി. വേസ്റ്റ് ബിന്‍ തന്‍റെ വാഹനത്തിന് അടുത്തേക്ക് വലിച്ചടുപ്പിക്കുന്നു. പിന്നാലെ വേസ്റ്റുമായി വാഹനത്തെ കറങ്ങി വന്ന് മറുവശത്ത് കൂടി കയറുന്ന യുവതി. തന്‍റെ ഡോറിന് അരികിലേക്ക് നീക്കി വച്ച വേസ്റ്റ് ബിന്നിലേക്ക് മാലിന്യമിടാതെ നേരത്തെ വേസ്റ്റ് ബിന്‍ ഇരുന്ന സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിയുന്നു.
മനുഷ്യത്വത്തിലുള്ള വിശ്വാസം ഏതാണ്ട്…
വാഹനത്തില്‍ വന്ന് മുതലുള്ള യുവതിയുടെ ഓരോ പ്രവർത്തിയെയും തത്സമയം വിവരിച്ച് കൊണ്ടിരുന്ന മനുഷ്യന്‍ അവസാനത്തെ കാഴ്ചയോടെ തനിക്ക് മനുഷ്യത്വത്തില്‍ ഉണ്ടായിരുന്ന വിശ്വാസം ഇല്ലാതായതായി സൂചിപ്പിക്കുന്നു. വീഡിയോ കണ്ടവരും തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. അതേസമയം അവര്‍ മാലിന്യം വലിച്ചെറിയുന്നവരെ കളിയാക്കാനായി ഒരു റീൽസ് എടുത്തതാകാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്ത് തന്നെയായാലും അൻഷുൽ റാവുവിന്‍റെ റോസ്റ്റിംഗ് വീഡിയോ ഇതിനകം രണ്ട് കോടിയിലേറെ പേരാണ് കണ്ടത്. അതേസമയം, എവിടെ നിന്ന് എപ്പോൾ ചിത്രീകരിച്ചതാണ് വീഡിയോയെന്ന് വ്യക്തമല്ല.