
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ചർച്ചയാകുന്നതിനിടെ മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ഒരു എക്സ്പ്രസ് ട്രെയിനിൽ വച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതിയെ ശല്യം ചെയ്ത ഒരു യുവാവിനെ സഹയാത്രികരുടെ സാന്നിധ്യത്തിൽ യുവതി അപമാനിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിലുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം ബദ്‌നേര – അകോല റൂട്ടിൽ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ഒരു യുവാവ് സഹയാത്രികയായി ഒരു യുവതിയെ ശല്യം ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്നെ ശല്യം ചെയ്തതിൽ പ്രകോപിതയായ യുവതി ഇയാളെ നേരിട്ട് ചോദ്യം ചെയ്യുകയും തുടർന്ന് മറ്റ് യാത്രക്കാരും, പ്രത്യേകിച്ച് വനിതാ യാത്രക്കാരും, ഇടപെട്ട് ഇയാളെ പിടികൂടുകയായിരുന്നു. ഇതിനിടെ യുവതി ഇയാളെ അപമാനിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവാവിനെ ട്രെയിനിലെ സീറ്റിലിരുത്തിയ ശേഷം യുവതി ഇയാളുടെ മുഖത്ത് ലിപ്സ്റ്റിക് പുരട്ടുകയും മറ്റ് മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുകയും കൈകളിൽ വളകൾ അണിയിക്കുകയും ചെയ്യുന്നത് കാണാം. ഈ സമയത്ത് യുവാവ് പ്രതികരിക്കുകയോ എതിർക്കുകയോ ചെയ്യാതെ നിശബ്ദനായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ചുറ്റുമുണ്ടായിരുന്ന യാത്രക്കാരും ഈ രംഗം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
Akola - A video showing passengers, including young women, assaulting a man accused of molesting a girl on a moving express train and then applying lipstick on him has gone viral on social media. According to the information circulating with the video, the incident occurred on a… pic.twitter.com/G0mgkSH8Se
— NextMinute News (@nextminutenews7) July 17, 2026
സംഭവത്തിൽ യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ചും സഹയാത്രികർ നൽകിയ പിന്തുണയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ഇത്തരം പ്രതികരണങ്ങൾ കുറ്റകൃത്യങ്ങൾക്കെതിരായ മുന്നറിയിപ്പാണെന്നും ചിലർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകണമെന്ന സന്ദേശം യുവതി, തന്‍റെ പ്രവർത്തിയിലൂടെ കാണിച്ചു. യുവതിയുടെത് ഒരു പ്രതീകാത്മക നടപടിയാണെന്നും ഇത്തരം മനോരോഗികൾക്കെതിരെ ഇത്തരത്തിൽ മാത്രമേ പ്രതികരിക്കാൻ കഴിയൂവെന്നും നിരവധി പേർ എഴുതി. ഇത്തരക്കാർക്ക് ഇതുതന്നെയാണ് അർഹിക്കുന്ന മറുപടി" എന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ചു. അതേസമയം, പൊതുമധ്യത്തിലെ അപമാനിക്കൽ നിയമനടപടിക്ക് പകരമാകില്ലെന്ന അഭിപ്രായവും മറ്റ് ചിലർ ഉന്നയിച്ചു. ഒരാൾ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ അയാളെ പൊലീസിൽ ഏർപ്പിച്ച് നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടതെന്നും ചിലർ ചൂണ്ടിക്കാട്ടി.