സമൂസ നൽകാൻ വൈകിയതിന് കടയിലെ തൊഴിലാളിയെ പൊതിരെ തല്ലി യുവാക്കൾ; വീഡിയോ വൈറൽ, കേസ്

Published : Jul 16, 2026, 03:18 PM IST
Youths beat up shop worker

Synopsis

മഹാരാഷ്ട്രയിലെ പൂനെയിൽ സമൂസ നൽകാൻ വൈകിയതിന് പലഹാരക്കടയിലെ ജീവനക്കാരന് ക്രൂരമർദ്ദനം. തലയിലും വയറ്റിലും ചവിട്ടി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കടയിലുണ്ടായിരുന്ന മറ്റുള്ളവർ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത.

പൊതുസമൂഹത്തിൽ നമ്മുടെതായ ഇടത്തിനായി കാത്ത് നിൽക്കേണ്ട നിരവധി സന്ദർഭങ്ങളുണ്ട്. ടിക്കറ്റ് കൗണ്ടറുകളിൽ, വാഹനങ്ങളിൽ കയറാൻ.. അങ്ങനെ നിരവധി സന്ദർഭങ്ങളിൽ വരി നിന്ന് വേണം നമ്മൾ പൊതുസമൂഹത്തോടുള്ള കടമയും ഉത്തരവാദിത്വവും പാലിക്കാൻ. അല്ലാത്ത പക്ഷം ഇത്തരം ഇടങ്ങൾ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയിലേക്ക് നീങ്ങും. ഇത് ഉത്തരവാദിത്വമുള്ള ഒരു പൊതു സമൂഹത്തിനെ ഏറെ ദോഷകരമായി ബാധിക്കും. അത്തരമൊരു സന്ദർഭത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോഴും സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയതും അതുതന്നെ.

തലയ്ക്കും വയറ്റിലും പുറത്തും ചവിട്ടി, ക്രൂരമായ മർദ്ദനം

മഹാരാഷ്ട്രയിലെ പൂനെയിലെ ഷിരൂർ താലൂക്കിലെ കരേഗാവ് ഗ്രാമത്തിലെ ഒരു സ്വീറ്റ് ഷോപ്പിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സ്വീറ്റ് ഷോപ്പിൽ രണ്ട് പേർ ചേർന്ന് പലഹാരങ്ങൾ എടുത്ത് വയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരാൾ ഒരു പെട്ടിയിലേക്ക് സമൂസ എടുത്ത് വയ്ക്കുമ്പോൾ മറ്റേയാൾ മറ്റ് ചില സാധനങ്ങൾ അടുക്കി വയ്ക്കുന്നു. ഇതിനിടെ രണ്ട് പേർ വന്ന് സമ്മൂസ വയ്ക്കുന്ന ആളോട് എന്തോ ചോദിക്കുന്നത് കേൾക്കാം. പിന്നാലെ കാണുന്നത് അയാൾ ക്രൂരമായ രീതിയിൽ അടിക്കുന്നതാണ്. ഇതിനിടെ മറ്റൊരു യുവാവും അടിക്കാൻ കൂടുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ അടി കൊണ്ട് കടയിലെ ജീവനക്കാരൻ താഴെ വീഴുന്നു. ഈ സമയം ഇരുവരും ചേർ‍ന്ന് മാറി മാറി തലയ്ക്കും വയറ്റിലും നടുവിനും ശക്തിയായി ചവിട്ടുന്നത് കാണാം. ഏതാനും മിനിറ്റുകളോളും ഈ പ്രവർത്തി തുടരുന്നു. എന്നാൽ കടയിലുണ്ടായിരുന്ന ആരും അവരെ തടയാനോ ജീവനക്കാരനെ സംരക്ഷിക്കാനോ തയ്യാറാകുന്നില്ലെന്നും കാണാം. ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ് ജീവനക്കാരൻ കരഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.

 

 

സമൂസ നൽകാൻ വൈകിയത് കാരണം

സംഭവത്തിന്‍റെ സിസിടിവി വീഡിയോ അടക്കം വച്ച് പലഹാരക്കടയിലെ ജീവനക്കാരനായ രാജു ലാഭുറാം ദേവസി പോലീസിൽ പരാതി നൽകി. പിന്നാലെ രഞ്ജൻഗാവ് എംഐഡിസി പോലീസ് രംഗനാഥ് നവലെ, സായ് ലക്ഷ്മൺ നവലെ എന്നിവരെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നത് അനുസരിച്ച്, രംഗനാഥും സായ് ലക്ഷ്മണും പലഹാരക്കടയിലെത്തി സമൂസയ്ക്ക് ഓർഡർ നൽകി. എന്നാൽ ഇതിനകം മറ്റൊരു ബൾക്ക് ഓർഡർ എടുത്ത് വയ്ക്കുകയായിരുന്ന രാജു ആ ജോലി തീർക്കാൻ ശ്രമിച്ചു. ഇത് ചെറിയ കാലതാമസമുണ്ടാക്കി. പിന്നാലെ പ്രതികളിരുവരും രാജുവിനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇരുവർക്കുമെതിരെ കർശനമായ ശിക്ഷ വിധിക്കണമെന്നും ആളുകൾക്ക് നിയമത്തിൽ വിശ്വാസമില്ലായിരിക്കുന്നുവെന്നുമുള്ള കുറിപ്പുകൾ നിരവധി പേരെഴുതി.

PREV
Read more Articles on
click me!

Recommended Stories

'ഇത് ഇന്ത്യയിൽ മാത്രം നടക്കുന്നത്'; മുംബൈയിലെ അതിശയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അമേരിക്കൻ യുവതി
സി​ഗ്നൽ റെഡ്ഡാവാൻ സെക്കന്റുകൾ മാത്രം, അഭിമന്യു കുതിച്ചു, ആംബുലൻസിന് വഴികാട്ടാൻ