Teacher farewell : കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ, തേങ്ങി അധ്യാപിക, കണ്ണ് നനയിക്കും യാത്രയയപ്പ് വീഡിയോ

Published : Feb 21, 2022, 03:21 PM IST
Teacher farewell : കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ, തേങ്ങി അധ്യാപിക, കണ്ണ് നനയിക്കും യാത്രയയപ്പ് വീഡിയോ

Synopsis

പാടുന്നതിനിടയിൽ പെൺകുട്ടികൾ കരയുന്നതും കാണാം. വിദ്യാർത്ഥികൾ കാണിക്കുന്ന സ്നേഹം കണ്ടിട്ട് ടീച്ചർക്കും കരച്ചിൽ അടക്കാൻ കഴിയുന്നില്ല. അവസാനം എല്ലാവരും പോയി ടീച്ചറെ കെട്ടിപ്പിടിച്ചു.

നല്ല അധ്യാപകർ(Teachers) എന്നും വിദ്യാർത്ഥികൾക്ക് വഴികാട്ടികളായിരിക്കും. ചിലപ്പോഴൊക്കെ ജീവിതത്തിൽ ഏറ്റവും വലിയ താങ്ങാവുന്നതും അവർ തന്നെയായിരിക്കും. മാതാപിതാക്കളോട് പോലും തുറന്ന് പറയാൻ സാധിക്കാത്ത കാര്യങ്ങൾ ചിലപ്പോൾ അധ്യാപകരോട് നമ്മൾ പങ്ക് വച്ചെന്നിരിക്കും. അത്തരം മികച്ച അധ്യാപകർ മിക്ക വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവരായിരിക്കും. അടുത്തിടെ, ഒരു അധ്യാപികയും വിദ്യാർത്ഥിനികളും തമ്മിലുള്ള അത്തരമൊരു മധുരബന്ധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ(Social media)യിൽ വൈറലാ(Viral)യിരുന്നു.

പശ്ചിമ ബംഗാളിൽ നിന്നുള്ള ഈ വീഡിയോയിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകുന്നത് കാണാം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള കത്യഹത്ത് ബികെഎപി ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികളാണ് അധ്യാപികയ്ക്ക് വികാരഭരിതമായ യാത്രയയപ്പ് നൽകുന്നത്. ആ ക്ലിപ്പ് കണ്ടാൽ നമ്മളും അറിയാതെ നമ്മുടെ സ്കൂൾ കാലത്തെയും, നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെയും ഓർത്ത് പോകും. വീഡിയോയിൽ കാണുന്ന വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചറുടെ പേര് സാമ്പ എന്നാണ്. വീഡിയോയുടെ തുടക്കത്തിൽ രണ്ട് പെൺകുട്ടികൾ അവരുടെ ടീച്ചറെ ഒരു മൈതാനത്തേക്ക് കൊണ്ടുവരുന്നത് കാണാം. അവിടെ ഒരുകൂട്ടം വിദ്യാർത്ഥിനികൾ ടീച്ചറെ വളയുന്നതും കാണാം. ക്ലിപ്പ് പുരോഗമിക്കുമ്പോൾ വിദ്യാർത്ഥികൾ കണ്ണീരോടെ ടീച്ചറോട് വിട പറയുന്നതാണ് നമ്മൾ കാണുക. അവർ ചുറ്റും മുട്ടുകുത്തി ഇരുന്ന് ടീച്ചർക്ക് നേരെ ചുവന്ന റോസാ പുഷ്പങ്ങൾ നീട്ടുന്നു.  

തുടർന്ന് വിദ്യാർത്ഥിനികൾ ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും അഭിനയിച്ച 'റബ് നേ ബനാ ദി ജോഡി' എന്ന ചിത്രത്തിലെ 'തുജ് മേ റബ് ദിഖ്താ ഹൈ, യാരാ മേ ക്യാ കരു' എന്ന ഗാനം ആലപിക്കുന്നു. 'എനിക്ക് നിന്നിൽ ദൈവത്തെ കാണാൻ കഴിയും സുഹൃത്തേ, ഞാനെന്തു ചെയ്യും' എന്നാണ് ഗാനത്തിന്റെ അർത്ഥം. പാടുന്നതിനിടയിൽ പെൺകുട്ടികൾ കരയുന്നതും കാണാം. വിദ്യാർത്ഥികൾ കാണിക്കുന്ന സ്നേഹം കണ്ടിട്ട് ടീച്ചർക്കും കരച്ചിൽ അടക്കാൻ കഴിയുന്നില്ല. അവസാനം എല്ലാവരും പോയി ടീച്ചറെ കെട്ടിപ്പിടിച്ചു.

"ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകരിൽ ഒരാളായ സാമ്പ മാമിന് വിദ്യാർത്ഥികൾ തന്റെ സ്നേഹം നൽകുന്നു. കത്യഹത് BKAP ഗേൾസ് ഹൈസ്കൂൾ, നോർത്ത് 24 പർഗാനാസ്, പശ്ചിമ ബംഗാൾ" ഇതായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ഒരു മിനിറ്റ് 18 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് 24,000-ത്തിലധികം തവണ ആളുകൾ കണ്ടു കഴിഞ്ഞു. ഈ ക്ലിപ്പ് കണ്ട് പലരും വൈകാരികമായി പ്രതികരിച്ചു. ഹൃദ്യമായ വിടവാങ്ങൽ വീഡിയോ ആളുകൾ ഇഷ്ടപ്പെടുകയും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർമ്മിപ്പിക്കുന്നതാണ് ഇതെന്ന് പറയുകയും ചെയ്തു. ചിലർ ടീച്ചറെ പ്രശംസിച്ചു. "ഇത് എന്നെ എന്റെ സ്കൂൾ ജീവിതത്തെ ഓർമ്മിപ്പിച്ചു" മറ്റൊരാൾ ട്വിറ്ററിൽ എഴുതി.  

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും