
യുഎസിലെ യല്ലോസ്റ്റോൺ ദേശീയ പാർക്കിൽ കാട്ടുപോത്തിന്‍റെ ആക്രമണം കൂടുന്നെന്ന് പരാതി. ഏറ്റവും ഒടുവിലായി യല്ലോസ്റ്റോൺ ദേശീയ പാർക്കിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ സഞ്ചാരികളുടെ വാഹനത്തിന്‍റെ ടയർ കുത്തിപ്പൊട്ടിക്കുന്ന ഒരു കാട്ടുപോത്തിനെ കാണാം. ടിക്ടോക്ക് ഉപയോക്താവായ ടോണിയ നെയിംസ് പങ്കുവച്ച വീഡിയോ പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളിലേക്കും പങ്കുവയ്ക്കപ്പെടുകയായിരുന്നു. ഇതനകം ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
വീഡിയോ പ്രകാരം, യല്ലോസ്റ്റോൺ ദേശീയ പാർക്കിലൂടെ സഞ്ചാരികളുടെ വാഹനം വളരെ അച്ചടക്കത്തോടെ പതുക്കെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഈ സമയം റോഡിന്‍റെ ഒരു വശത്ത് നിന്ന് കൊണ്ട് ഒരു കൂറ്റൻ കാട്ടുപോത്ത് പുല്ലുതിന്നുന്നതും കാണാം. പെട്ടെന്ന് തീർത്തും അപ്രതീക്ഷിതമായി കാട്ടുപോത്ത് റോഡിലേക്ക് തിരിയുകയും മുന്നിൽ ഒരു വാഹനം കിടക്കുന്നത് കാണുന്നു. നോക്കി നിൽക്കെ നിമിഷ നേരം കൊണ്ട് കാട്ടുപോത്ത് ആ വാഹനത്തിന്‍റെ മുൻവശത്തെ ടയർ തന്‍റെ കൊമ്പ് കൊണ്ട് ഒറ്റ കുത്തിന് പൊട്ടിക്കുന്നു. പിന്നാലെ അങ്ങനെ ഒരു സംഭവം നടന്നില്ലെന്ന മട്ടിൽ തിരിഞ്ഞ് മറ്റൊരു വാഹനത്തിന് ഇടയിലൂടെ സാവധാനം നടന്ന് നീങ്ങുന്നു. അപ്രതീക്ഷിതമായി സഞ്ചാരികളുടെ വാഹനം അക്രമിച്ച് യാതൊരു കൂസലുമില്ലാതെ നടന്ന് നീങ്ങിയ കാട്ടുപോത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
The bison have had enough of us. This one pops the tire of a vehicle who should have not been moving with the bison so close. Now they have to get out and change a tire. pic.twitter.com/ZSkgzsezTp
— Suzee Q (@SusieM414141) July 22, 2026
പിന്നാലെ, യെല്ലോസ്റ്റോണിലെ കാട്ടുപോത്തുകളിൽ അക്രമ സ്വഭാവം കൂടുനെന്നും കാട്ടുപോത്തുകളോ അത് പോലെ വലിയ മൃഗങ്ങളെയോ കണ്ടാൽ ഏറ്റവും കുറഞ്ഞത് 23 മീറ്ററിന്‍റെ ദൂരം പാലിക്കണമെന്നും അവയുടെ അടുത്ത് ചെല്ലാൻ ശ്രമിക്കരുതെന്നും അധിതർ മുന്നറിയിപ്പ് നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് യെല്ലോസ്റ്റോണിൽ വച്ച് 65 -കാരനായ ഒരു സഞ്ചാരിയെ കാട്ടുപോത്ത് അക്രമിച്ചിരുന്നു. ഇദ്ദേഹത്തെ കൊമ്പിൽ തൂക്കി ചുഴറ്റി എറിയുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് 900 കിലോയോളം ഭാരമുള്ള കാട്ടുപോത്തായിരുന്നു അക്രമണം നടത്തിയത്. ആഴ്ചകൾക്ക് മുമ്പ് ഒരു 12 -കാരനും ഇവിടെ വച്ച് കാട്ടുപോത്തുകളുടെ അക്രമണത്തിൽ പരിക്കേറ്റിരുന്നു.