
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ അസമിൽ നിന്നുള്ള വീഡിയോ കാഴ്ചക്കാരെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കഴുത്തിൽ ട്രാക്ടറിന്‍റെ ടയർ കുരുങ്ങി ഭക്ഷണം കഴിക്കാൻ പോലുമാകാതെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലൊരു കാട്ടാനയുടെ വീഡിയോയായിരുന്നു അത്. ഏറെ ശ്രമത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ കഴുത്തിൽ നിന്നും ട്രാക്ടറിന്‍റെ ടയർ മാറ്റിയെങ്കിലും വനത്തിൽ മനുഷ്യൻ ഉപേക്ഷിക്കുന്ന വസ്തുക്കൾ മൃഗങ്ങളെ എന്തുമാത്രം ദുരിതത്തിലാക്കുമെന്നതിനുള്ള ഒരു ഉദാഹരണം കൂടിയായി ആ വീഡിയോ. എന്നാൽ ഇത്തവ അസമിൽ നിന്നും പുറത്ത് വന്ന വീഡിയോ കാഴ്ചക്കാരെ ഏറെ ആനന്ദിപ്പിക്കുന്ന ഒന്നാണ്. കാടതിർത്തിയിൽ ഫുട്ബോൾ മൈതാനത്ത് പന്തു തട്ടിക്കളിക്കുന്ന ഒരു കാട്ടാനയുടെ ദൃശ്യങ്ങളായിരുന്നു അത്.
അസമിലെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിനടുത്തുള്ള ബോഗിധല മേഖലയിലാണ് കൗതുകകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പച്ചപ്പുനിറഞ്ഞ മൈതാനത്ത് എത്തിയ കാട്ടാന ഫുട്ബോൾ കണ്ടതോടെ അതുമായി കളിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ആനയെ കണ്ടതും കളിക്കാരെല്ലാം ഓടി പൊന്തക്കാട്ടിൽ ഒളിക്കുന്നതും ഈ സമയം പന്തുമായി മൈതാനത്ത് ഓടി നടന്ന് കളിക്കുന്ന കാട്ടാനയെയും ദൃശ്യങ്ങളിൽ കാണാം. മൈതാനത്ത് സ്വതന്ത്രമായി സഞ്ചരിച്ച ആന തുമ്പിക്കൈയും മുൻകാലുകളും ഉപയോഗിച്ച് പന്ത് തട്ടിയും നീക്കിയും കളിക്കുന്നത് വീഡിയോയിൽ കാണാം. പന്തിനൊപ്പമുള്ള ആനയുടെ ചലനങ്ങളും അതിന്‍റെ അസാധാരണമായ ഏകോപനശേഷിയും കാഴ്ചക്കാരെ അമ്പരപ്പിച്ചു. സാധാരണയായി മനുഷ്യരുടെ കളിസ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കുന്ന വന്യജീവികൾ, പ്രത്യേകിച്ചും കാട്ടാന ഫുട്ബോളിൽ തന്‍റെ ‘സ്കിൽ’ പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു അത്.
Assam: Elephant's Football Session At Playground Goes Viral pic.twitter.com/G4IOW2SQuB
— NDTV (@ndtv) September 13, 2026
ആനയുടെ ഈ അപ്രതീക്ഷിത കളി നേരിൽ കണ്ടവർക്ക് അത് കൗതുകത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും നിമിഷമായി. പിന്നീട് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് എത്തിയത്. കാട്ടാനയുടെ ചടുലതയും പന്തിനോടുള്ള താൽപര്യവും കാഴ്ചക്കാർ പ്രത്യേകം ചൂണ്ടിക്കാട്ടി. അസമിൽ കാട്ടാനകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. മനുഷ്യ - വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് സജീവ ചർച്ചയായിരിക്കെയാണ്, അതിൽനിന്ന് വ്യത്യസ്തമായി ഒരു കാട്ടാനയുടെ രസകരമായ പെരുമാറ്റം ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഫുട്ബോൾ മൈതാനത്ത് ഒരു പ്രൊഫഷണൽ താരത്തെപ്പോലെ പന്ത് തട്ടുന്ന ആനയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതിനൊപ്പം, വന്യജീവികളുടെ സ്വാഭാവികമായ കൗശലവും ചടുലതയും ഒരിക്കൽ കൂടി ചർച്ചാ വിഷയമായി.