രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾക്ക് ഇവിടെ സ്വതന്ത്രമായി പുറത്തിറങ്ങാൻ കഴിയും. തൻ്റെ ബാല്‍ക്കണിയില്‍ നിന്ന് പോലും രാത്രി രണ്ട് മണിക്ക് സ്ത്രീകള്‍ ജോഗിംഗിനും സൈക്ലിംഗിനും പോകുന്ന കാഴ്ച താൻ കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഏത് പാതിരാത്രിക്കും ഒരാളെയും പേടിക്കാതെ, സ്വന്തം സുരക്ഷയെ കുറിച്ച് ആശങ്കകളില്ലാതെ പൊതുനിരത്തിലൂടെ ഇറങ്ങി നടക്കാനാവുക, ഓരോ സ്ത്രീയുടെയും സ്വപ്നമാണത്. എന്നാൽ, പലപ്പോഴും സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നതാണ് സത്യം. പോളണ്ടിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യക്കാരിയായ ദിവ്യൻഷി ധൗണി. രാത്രി 11 മണിക്ക് ചിത്രീകരിച്ച വീഡിയോയിൽ, ഇന്ത്യയിൽ സ്ത്രീകൾക്ക് വലിയ ആഡംബരമായി തോന്നുന്ന പല കാര്യങ്ങളും പോളണ്ടിൽ എത്രത്തോളം സാധാരണമാണെന്നാണ് അവർ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ പോളണ്ടിലാണ് താൻ ജീവിക്കുന്നതെന്ന് ദിവ്യൻഷി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾക്ക് ഇവിടെ സ്വതന്ത്രമായി പുറത്തിറങ്ങാൻ കഴിയും. തൻ്റെ ബാല്‍ക്കണിയില്‍ നിന്ന് പോലും രാത്രി രണ്ട് മണിക്ക് സ്ത്രീകള്‍ ജോഗിംഗിനും സൈക്ലിംഗിനും പോകുന്ന കാഴ്ച താൻ കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വസ്ത്രധാരണത്തിൻ്റെ പേരിൽ ആരും തുറിച്ചുനോക്കുകയോ അസ്വസ്ഥത ഉണ്ടാക്കുകയോ ഇല്ലെന്നും, രാജ്യത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73 ശതമാനമാണെന്നും വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ പെൺകുട്ടികൾ പിന്നീട് തിരികെ വരാൻ മടിക്കുന്നതിൻ്റെ പ്രധാന കാരണം ഈ സ്വാതന്ത്ര്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വളർച്ച മാത്രം പോരെന്നും സ്ത്രീകൾക്ക് ഈ രീതിയിലുള്ള സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ആ വളർച്ചയ്ക്ക് അർത്ഥമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ആരേയും പേടിക്കാതെ പുറത്തിറങ്ങാനും ജീവിക്കാനും സാധിക്കുക എന്നത് തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് അല്ലേ? എന്നാൽ, നിർഭാഗ്യവശാൽ ഇന്നും നമ്മുടെ രാജ്യത്ത് അതിന് സാധിക്കില്ല.
