
മഹാകുംഭമേളയിൽ പങ്കെടുക്കാനായി പോകുന്നവരെ കൊണ്ട് ട്രെയിനുകൾ പലതും നിറഞ്ഞിരിക്കുന്ന വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ട്രെയിനിലെ തിരക്ക് കാരണം ടോയ്‍ലെറ്റിൽ നിന്ന് യാത്ര ചെയ്യുന്ന പെൺകുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, mammam5645 എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത്, മൂന്ന് പെൺകുട്ടികൾ ഒരു ട്രെയിനിന്റെ ടോയ്‍ലെറ്റിൽ നിന്ന് യാത്ര ചെയ്യുന്നതാണ്. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോവുകയാണ് എന്നും ട്രെയിനിന്റെ ടോയ്‍ലെറ്റിൽ നിന്നാണ് തങ്ങൾ യാത്ര ചെയ്യുന്നത് എന്നുമാണ് വീഡിയോ എടുക്കുന്ന പെൺകുട്ടി പറയുന്നത്.
ടോയ്‍ലെറ്റിന് മുകളിൽ കയറി നിൽക്കുന്ന പെൺകുട്ടിയെയും വീഡിയോയിൽ കാണാം. അവളുടെ കൂട്ടുകാരികളും വീഡിയോയിൽ ഉണ്ട്. ട്രെയിനിൽ വലിയ തിരക്കാണ് എന്നും കാൽ കുത്താൻ പോലും സ്ഥലമില്ല എന്നും അതിനാലാണ് ടോയ്‍ലെറ്റിനകത്ത് കയറി യാത്ര ചെയ്തത് എന്നുമാണ് പെൺകുട്ടി പറയുന്നത്.
പുറത്ത് നിൽക്കുന്ന ആളുകളെ സൂചിപ്പിച്ചുകൊണ്ട് ടോയ്‍ലെറ്റിന്റെ വാതിൽ തുറക്കുകയേ ചെയ്യരുത് എന്ന് കൂടെയുള്ള പെൺകുട്ടികളിൽ ഒരാളോട് അവൾ തമാശ പറയുന്നതും വീഡിയോയിൽ കാണാം. 700,000 -ത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും. ഏറെപ്പേരും പെൺകുട്ടികളെ വിമർശിക്കുന്നതാണ് കാണുന്നത്.
അവർക്ക് ഒട്ടും പൗരബോധമില്ലെന്നാണ് ആളുകൾ കമന്റ് നൽകിയിരിക്കുന്നത്. ടിക്കറ്റ് ഇല്ലാത്തതുകൊണ്ടാണ് ഇവർ ടോയ്‍ലെറ്റിനകത്ത് കയറിയിരിക്കുന്നത് എന്നും പലരും കമന്റ് നൽകി. എന്നാൽ, എല്ലാ വിമർശനങ്ങളെയും അതിന്റെ വഴിക്ക് വിട്ട് തങ്ങൾ വൈറലായത് ആഘോഷിക്കുകയാണ് പെൺകുട്ടികൾ. തങ്ങൾ, ടോയ്‍ലെറ്റിനകത്ത് കയറിയത് ടിക്കറ്റ് ഇല്ലാത്തതുകൊണ്ടോ, ടിടിഇയെ പേടിച്ചിട്ടോ അല്ല. മറിച്ച് ട്രെയിനിനകത്ത് അത്രയേറെ തിരക്കായിരുന്നു, തങ്ങൾക്ക് വേറെ മാർഗം ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു.