കാട്ടാന ക്യാമറ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ. ആനകളുടെ എണ്ണവും ആവാസവ്യവസ്ഥയും പഠിക്കാൻ സ്ഥാപിച്ച ക്യാമറകളിൽ ഒന്നാണിത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്.
ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള മൃഗങ്ങളിലൊന്നാണ് ആന. ചുറ്റുപാടുകളെ കുറിച്ച് നല്ല ബോധമാണ് അവയ്ക്ക്. അതുപോലെ തന്നെ സ്വന്തം കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും കൂട്ടായുള്ള ജീവിതത്തിന്റെ കാര്യത്തിലും ഒക്കെ ഇവയ്ക്ക് പ്രത്യേകതകളുണ്ട്. സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരിക്കുന്ന ഈ വീഡിയോയും അതുപോലെ ആനയുടെ ഈ ബുദ്ധിശക്തി എടുത്തുകാണിക്കുന്നതാണ്. തന്നെ റെക്കോർഡ് ചെയ്ത ക്യാമറ എങ്ങനെയാണ് ആന തകർക്കുന്നത് എന്നാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസറായ പർവീൺ കസ്വാനാണ് 28 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ, ദൂരെ നിന്നുതന്നെ ക്യാമറ കണ്ട കാട്ടാന ക്യാമറയ്ക്ക് നേരെ ചാടിവീഴുന്നതും അതിൽ ഇടിക്കുന്നതുമാണ് കാണുന്നത്. ക്യാമറ നിലത്തു വീണശേഷം, ലക്ഷ്യം പൂർത്തിയാക്കിയെന്നതു പോലെ അവിടെ ശാന്തമായി നടക്കുന്ന ആനയേയും കാണാം. 'സ്വകാര്യത വളരെ പ്രധാനമാണ്!! ഈ ആന അസ്വാഭാവികമായ എന്തോ ഒരു സജ്ജീകരണം (ഒരു ക്യാമറ) ശ്രദ്ധിച്ച ഉടനെ അത് അവിടെനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്. ആന എത്ര ബുദ്ധിമാനാണ്' എന്നാണ് വീഡിയോയ്ക്കൊപ്പം കസ്വാൻ കുറിച്ചിരിക്കുന്നത്. ആനകളുടെ എണ്ണത്തെയും ആവാസവ്യവസ്ഥയേയും കുറിച്ച് പഠിക്കുന്നതിനായി ഐആർ, വൈറ്റ് ഫ്ലാഷ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിലവിൽ, നാഷണൽ പാർക്കിൽ ഇതുപോലെ 210 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും കസ്വാൻ പറയുന്നു.
മാത്രമല്ല, ആന സംഗതി ക്യാമറ തകർക്കാനുള്ള ശ്രമമൊക്കെ നടത്തിയെങ്കിലും അതിൽ നിന്നുള്ള വീഡിയോ തിരികെ എടുക്കാൻ സാധിച്ചിട്ടുണ്ട്. ആ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നതും. നമ്മുടെ നാഷണൽ പാർക്കിൽ 20,000 ഹെക്ടറിലധികം ഭൂമി ക്യാമറയിൽ കാണാമെന്നും കസ്വാൻ പറയുന്നു. വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധയാകർഷിച്ചത്.


