തെരുവ് നായയ്ക്ക് ഭക്ഷണം നൽകിയതിന് ദമ്പതികൾ മർദ്ദിച്ചു, കൈവിരൽ പൊട്ടി, പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവതി; വീഡിയോ

Published : Jun 22, 2026, 01:51 PM IST
woman was beaten up for feeding a stray dog

Synopsis

നോയിഡയിൽ തെരുവ് നായയ്ക്ക് ഭക്ഷണം നൽകിയതിന് ഭാവനാ കൗർ എന്ന യുവതിയെ ദമ്പതികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. വടി ഉപയോഗിച്ചുള്ള മർദ്ദനത്തിൽ യുവതിയുടെ കൈ വിരൽ ഒടിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ നീതി വേണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായി.

 

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലും ഗ്രാമങ്ങളിൽ പോലും തെരുവ് നായ ശല്യം രൂക്ഷമാണ്. സർക്കാറിനോ മറ്റ് പ്രാദേശിക ഭരണകൂടങ്ങൾക്കോ ഇക്കാര്യത്തിൽ ഇതുവരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഒരു വിഭാഗം തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ മറുവിഭാഗം അതിന് എതിർ നിൽക്കുന്നു. തെരുവ് നായ ആക്രമണം മുൻ നിർത്തിയാണ് ഈ പ്രതിഷേധവും. ഇതിനിടെ വിശന്ന് വലഞ്ഞ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുത്തതിന് സൊസൈറ്റിയിലെ ദമ്പതികൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിപ്പെട്ട യുവതിയുടെ വീഡിയോ വൈറലായി. നോയിഡ ഗൗർ സിറ്റി 2 -ലാണ് സംഭവം നടന്നത്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് ദമ്പതികൾ തന്നെ ക്രൂരമായി മ‍ർദ്ദിച്ചെന്ന് ഭാവനാ കൗർ എന്ന യുവതി പരാതിപ്പെട്ടു.

മ‍ർദ്ദനത്തിൽ കൈ വിരൽ ഓടിഞ്ഞു

ഭാവനാ കൗർ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളിൽ യുവതിയെ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നത് കാണാം. പാർപ്പിട സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളായിരുന്നു അത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോകളിൽ, ഒരു പുരുഷൻ വലിയൊരു വടിയുമായി എത്തി ഭാവനയെ തുടർച്ചയായി അടിക്കുന്നതും കാണാം. അതേസമയം ദമ്പതികൾ തന്നെ മർദ്ദിച്ച സമയത്ത് താൻ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്ന് ഭാവന അവകാശപ്പെട്ടു. എന്നാൽ, ഇരുവരും അക്രമിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതര പരിക്കേറ്റെന്നും ഭാവന ആരോപിച്ചു. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭാവയ്ക്ക് നീതി ആവശ്യപ്പെട്ട് രേണു കൗർ ഈ വീഡിയോ പങ്കുവെച്ചു. പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളിൽ ഭാവനയുടെ ശരീരത്തിലെ മുറിവുകളും കാണാം. മ‍ർദ്ദനത്തിൽ ചൂണ്ടുവിരൽ പൊട്ടി രക്തസ്രാവമുണ്ടായി. എക്സറേയിൽ കൈ വിരലിന് ഒടിവുണ്ടെന്നും റിപ്പോർട്ടുണ്ട്.

 

 

നീതി വേണമെന്ന് നെറ്റിസെൺസ്

സംഭവത്തിൽ താൻ പരാതിയുമായി ബിസ്രാഖ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും അവർ ആരോപിച്ചു. മാത്രമല്ല, അത് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ തമ്മിലുള്ള പതിവ് തർക്കമെന്ന തരത്തിൽ തന്നെ അപമാനിച്ചെന്നും ഭാവന ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങളും കൈ വിരൽ പൊട്ടിയ എക്സറേ ദൃശ്യങ്ങളും കാണിച്ചെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലെ മൃഗ സ്നേഹികൾ ഭാവനയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

 

PREV
Read more Articles on
click me!

Recommended Stories

'ഇതുകൊണ്ടാണ് എല്ലാവരും വിദേശ മാനേജർമാരെ ഇഷ്ടപ്പെടുന്നത്'; ഇന്ത്യൻ യുവാവിന്‍റെ വെളിപ്പെടുത്തൽ വൈറൽ, വീഡിയോ
തൂത്തുക്കുടിൽ 'കൂറ്റൻ ടോർനാഡോ', വൻ നാശനഷ്ടം; വീഡിയോ